സുരേഷ് ഗോപി, ബിജു മേനോൻ കൂട്ടുക്കെട്ടിൽ 'ഗരുഡൻ' വരുന്നു
text_fieldsവർഷങ്ങൾക്ക് ശേഷം സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിക്കുന്ന ചിത്രമായ ഗരുഡന്‍റെ ടൈറ്റിൽ പോസ്റ്ററും മോഷൻ പോസ്റ്ററും പുറത്ത് വിട്ട് അണിയറപ്രവർത്തകർ. മാജിക് ഫ്രെയിംസിന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പുറത്തിറക്കിയത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ഗരുഡൻ നിർമ്മിക്കുന്നത്.സുരേഷ് ഗോപി, ബിജുമേനോൻ, ലിസ്റ്റിൻ സ്റ്റീഫൻ കൂട്ടുക്കെട്ടിലെ ആദ്യ ചിത്രമാണിത്.
നവാഗതനായ അരുൺ വർമ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മേജർ രവിക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള അരുൺ വർമ്മ നിരവധി പരസ്യ ചിത്രങ്ങളും ഒരുക്കിയിട്ടുണ്ട്. ക്രൈം ത്രില്ലർ ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മിഥുൻ മാനുവൽ തോമസാണ്. 'അഞ്ചാം പാതിരാ'ക്ക് ശേഷം മിഥുൻ മാനുവൽ തോമസ് തിരക്കഥ എഴുതുന്ന ചിത്രം കൂടിയാണ് 'ഗരുഡൻ'.
കഥ ജിനേഷ് എം. സുരേഷ് ഗോപിയുടെ 'പാപ്പനിൽ' ക്യാമറ ചലിപ്പിച്ച അജയ് ഡേവിഡ് കാച്ചപ്പള്ളി ആണ് ഗരുഡനിലും കാമറ ചെയ്യുന്നത്. ഗരുഡന്റെ സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയ് ആണ്. വരത്തൻ, ലൂക്ക, കപ്പേള തുടങ്ങിയ ചിത്രങ്ങൾക്ക് ആർട്ട് കൈകാര്യം ചെയ്ത അനീസ് നാടോടിയും ഗരുഡന്റെ ഭാഗമാണ്. ചുരുക്കത്തിൽ തഴക്കം വന്ന ഒരുക്കൂട്ടം ആളുകൾ ഗരുഡന്‍റെ പിന്നിലുണ്ട്. അതുകൊണ്ട് തന്നെ ഗരുഡൻ തരുന്ന പ്രതീക്ഷകളും ഏറെയാണ്.
11 വർഷത്തിന് ശേഷമാണ് സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിക്കുന്നത്. എഫ്‍ഐആര്‍, ഭരതൻ എഫക്റ്റ്, രണ്ടാം ഭാവം, പ്രണയവർണ്ണങ്ങൾ, ക്രിസ്റ്റ്യൻ ബ്രദേഴ്‍സ്, കളിയാട്ടം, കിച്ചാമണി എംബിഎ തുടങ്ങിയവയാണ് ഇരുവരും ഒന്നിച്ചെത്തിയ മറ്റു ചിത്രങ്ങൾ.