തീയറ്ററിൽ ചിരിപടർത്താൻ സുരാജ് വെഞ്ഞാറമൂട് - ജഗൻ ഷാജി കൈലാസ് ചിത്രം; ചിത്രീകരണം ആരംഭിച്ചു
text_fieldsഹാസ്യം കൊണ്ട് മലയാള പ്രേഷകരുടെ മനം കവർന്ന സുരാജ് വെഞ്ഞാറമൂട് ഒരിടവേളക്ക് ശേഷം വീണ്ടും മുഴുനീള നർമ്മ ചിത്രവുമായി തിരിച്ചെത്തുന്നു എത്തുന്നു. ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പൂർണ്ണമായും നർമ്മ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്. വൗ സിനിമാസ് ഇൻ അസ്സോസ്സിയേഷൻ വിത്ത് വിലാസിനി സിനിമാസിൻ്റെ ബാനറിൽ സന്തോഷ് ത്രിവിക്രമനും, സുരാജ് വെഞ്ഞാറമൂടും ചേർന്നു നിർമ്മിക്കുന്ന ചിത്രത്തിൻ്റെ ഷൂട്ടിങ് നവംബർ മൂന്ന് ചൊവ്വാഴ്ച തൊടുപുഴയിൽ ആരംഭിച്ചു.
പുറപ്പുഴ ശ്രീതിരുച്ചിറക്കാവ് ദേവീക്ഷേത്രത്തിൽ നടന്ന പൂജാ ചടങ്ങുകളോടെയായിരുന്നു ചിത്രീകരണം ആരംഭിച്ചത്. ചിത്രത്തിൻ്റെ അണിയറ പ്രവർത്തകരും ബന്ധുമിത്രാദികളും ചേർന്ന് തിരിതെളിയിച്ചു. നിർമ്മാതാവ് സന്തോഷ് ത്രിവിക്രമൻ സ്വിച്ചോൺ കർമ്മവും കന്നഡ നടൽ മണികണ്ഠ ഫസ്റ്റ് നൽകിക്കൊണ്ടായിരുന്നു തുടക്കം.
ഗ്രാമീണ പശ്ചാത്തലത്തിൽ സാധാരണക്കാരനായ ഒരു മനുഷ്യൻ്റെ കുടുംബ ജീവിതവും സാമൂഹ്യ ജീവിതവും കോർത്തിണക്കിയാണ് ചിത്രത്തിൻ്റെ അവതരണം. ഒരു നാടിൻ്റെ ഉൾത്തുടിപ്പുകളും ആചാരാനുഷ്ടാനങ്ങളുമൊക്കെ തികച്ചും റിയലിസ്റ്റിക്കായി ചിരിയും ചിന്തയും നൽകുന്ന മുഹൂർതങ്ങളിലൂടെ അവതരിപ്പിക്കുവാനുള്ള ശ്രമത്തിലാണ് ജഗൻ ഷാജി കൈലാസ്. 'താൻ ചെയ്ത നീക്കം' എന്ന ചിത്രം പൂർത്തിയായി പ്രദർശനത്തിന് സജ്ജമായി വരുന്ന സാഹചര്യത്തിലാണ് ഈ ചിത്രം ആരംഭിച്ചിരിക്കുന്നത്.
നീക്കം പൂർണ്ണമായും ത്രില്ലർ മൂവിയായിരുന്നുവെങ്കിൽ അതിൽ നിന്നും തികച്ചും വ്യത്യസ്ഥമായ ഒരു ജോണറാണ് ഈ ചിത്രത്തിനു വേണ്ടി സ്വീകരിച്ചിരിക്കുന്നത്. നീക്കത്തിൻ്റെ തിരക്കഥാകൃത്ത് ഉൾപ്പടെ ആണിയറപ്രവർത്തകർ തന്നെ ഈ ചിത്രത്തിലും അണിനിരക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. കഴിഞ്ഞ കുറച്ചു ചിത്രങ്ങളായി സീരിയസ്സ് വേഷങ്ങളിൽ അഭിനയിച്ചു പോന്ന സുരാജ് വെഞ്ഞാറമൂട് ഈ ചിത്രത്തിലെ പ്രകാശനെന്ന കഥാപാത്രത്തെ തികഞ്ഞ നർമ്മ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുകയാണ് .
വിനയ് ഫോർട്ട്, മഞ്ജു പിള്ള, ദേവരാജ് (വാഴ ഫെയിം), അനഘ നാരായണൻ, നോബി, നന്ദലാൽ, ജാഫർ ഇടുക്കി, ഷാജു ശ്രീധർ, ടിസ് തോമസ്, ടെസ്‌നി ഖാൻ, കൃഷ്‌ണ പ്രഭ, വൃന്ദമേനോൻ, ഹരീഷ് (ഉയിർ ഫെയിം), സുനിൽകുമാർ, ഉണ്ണി നായർ, അനൂപ്, തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. വിബിൻ ബാലചന്ദ്രൻ്റേതാണു തിരക്കഥ, സംഗീതം_ ഇലക്‌ട്രോണിക്സ് കിളി, ഛായാഗ്രഹണം - അജയ് ഡേവിഡ് കാച്ചപ്പിള്ളി, എഡിറ്റിങ് - സൂരജ് .ഇ. എസ് ആണ്.

