'പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് ദുഖിക്കാനുള്ള സ്വകാര്യ ഇടം ലഭിക്കാത്തത് ദാരുണമാണ്'; മരണ വീട്ടിലെ മാധ്യമങ്ങളുടെ തള്ളികയറ്റത്തിൽ പ്രതികരിച്ച് സുപ്രിയ മേനോൻ
text_fieldsസുപ്രിയ മേനോൻ
പ്രിയ നടൻ ശ്രീനിവാസന്‍റെ സംസ്കാരചടങ്ങിലെ മാധ്യമങ്ങളുടെ വാർത്താ ചിത്രീകരണത്തിൽ പ്രതികരിച്ച് പൃഥ്വിരാജിന്‍റെ ഭാര്യയും ജേണലിസ്റ്റും പ്രൊഡ്യൂസറുമായ സുപ്രിയ മേനോൻ. പ്രിയപ്പെട്ടവരുടെ വിലാപകണ്ണീരിന് പോലും ഇടം നൽകാതെയുള്ള മാധ്യമങ്ങളുടെ തള്ളികയറ്റത്തെ സുപ്രിയ തന്‍റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ വിമർശിച്ചു.
'ദുഃഖം എന്നത് വളരെ വ്യക്തിപരമായ ഒരു വികാരമാണ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് ദുഖിക്കാനുള്ള സ്വകാര്യ ഇടം ലഭിക്കാത്തത് ദാരുണമാണ്. എല്ലായിടത്തും നിരവധി കാമറകളും മൊബൈൽ ഫോണുകളും. മൂലകളിൽ സെൽഫി എടുക്കുന്നവർ, നടന്മാരെ ചൂണ്ടിക്കാണിക്കുന്ന ആളുകൾ. അവിടെയുള്ള പലരും തങ്ങളുടെ പ്രിയപ്പെട്ട സഹപ്രവർത്തകന്‍റെ വിയോഗത്തിൽ വിഷമിക്കുകയാണ്. മരിച്ചയാളും അവരുടെ വേണ്ടപെട്ടവരും ഇതിലും നല്ല ഒരു സാഹചര്യം അർഹിക്കുന്നില്ലേ?
ജീവിതത്തിലെ ഓരോ നിമിഷവും അതൊരു കാഴ്ചയായി മാറിയിരിക്കുന്നു... ഈ ഒരു അവസ്ഥയിലൂടെ കടന്നുപോകുന്ന ആ കുടുംബത്തിന്റെ വേദന സങ്കൽപ്പിക്കാൻ പോലും കഴിയുന്നില്ല. നമ്മൾ സ്വയം ചിന്തിക്കുകയും ശരിയായ പാത പിന്തുടരുകയും ചെയ്യേണ്ടതില്ലേ? എത്രത്തോളം കവറേജാണ് ഇനിയും വേണ്ടത്? ആ ഹൃദയം തകർന്ന കുടുംബം അവരുടെ പ്രിയപ്പെട്ടവനോട് അവസാനമായ് വിടപറയാൻ ശ്രമിക്കുന്ന നിമിഷത്തിലും എല്ലാവർക്കും കാണാൻ കഴിയുന്ന തരത്തിൽ അന്ത്യകർമങ്ങൾപോലും പ്രദർശിപ്പിക്കുന്ന വിധത്തിൽ നാം ചുറ്റും തടിച്ചുകൂടേണ്ടതുണ്ടോ...' സുപ്രിയ കുറിച്ചു.
ഇന്ന് രാവിലെ ഔദ്യോഗിക ബഹുമതികളോടെ കണ്ടനാട്ടെ വീട്ടുവളപ്പിലായിരുന്നു ശ്രീനിവാസന്‍റെ സംസ്കാരം. ശനിയാഴ്ച രാവിലെ ആശുപത്രിയിലേക്ക് പോകുംവഴിയാണ് ശ്രീനിവാസൻ അന്തരിച്ചത്. ഭാര്യക്കൊപ്പം ഡയാലിസിസിനായി ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി അസ്വസ്ഥത തോന്നി തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എട്ടരയോടെ ശ്രീനിവാസൻ വിടപറഞ്ഞു.
താലൂക്ക് ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മാറ്റിയ ഭൗതികശരീരത്തിൽ അന്തിമോപചാരം അർപ്പിക്കാൻ ചലച്ചിത്ര, രാഷ്ട്രീയ രംഗത്തെ പ്രമുഖർ എത്തിയിരുന്നു. തുടർന്ന് ഉച്ചക്ക് ഒരു മണിയോടെ എറണാകുളം ടൗൺഹാളിൽ പൊതുദർശനത്തിന് വെച്ച ഭൗതികശരീരം നാല് മണിയോടെ വീട്ടിലേക്കുതന്നെ കൊണ്ടുവന്നു. വീട്ടിലും ടൗൺഹാളിലും ആയിരങ്ങളാണ് ശ്രീനിവാസന് അന്തിമോപചാരം അർപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

