'ചോളി കേ പീച്ചേ ക്യാ ഹേ...'; 30 വർഷങ്ങൾക്ക് ശേഷം 'ഖൽ നായകിന്' രണ്ടാം ഭാഗമോ!
text_fieldsസഞ്ജയ് ദത്ത്, മാധുരി ദീക്ഷിത്, ജാക്കി ഷ്രോഫ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രമാണ് 'ഖൽ നായക്'. 1994ലാണ് സുഭാഷ് ഘായ് തിരക്കഥ എഴുതി സംവിധാനം ചെയ്ത സിനിമ റിലീസായത്. ബോക്സ് ഓഫിസിൽ വലിയ വിജയം നേടിയ ചിത്രം ആ വർഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രം കൂടിയായിരുന്നു. ഖൽ നായകിലെ ആക്ഷൻ രംഗങ്ങളും ഗാനങ്ങളും വർഷങ്ങൾക്ക് ശേഷവും സിനിമാപ്രേമികൾക്ക് പ്രിയങ്കരമാണ്. സഞ്ജയ് ദത്ത്, മാധുരി ദീക്ഷിത് സുഭാഷ് ഘായ് എന്നിവരുടെ കരിയറിലെ ഏറ്റവും മികച്ച സിനിമകളിലൊന്നായിരുന്നു ഖൽ നായക്.
പഴയ കാല ബോളിവുഡ് ചിത്രങ്ങളിൽ പലതും റീമേക്ക് ചെയ്യപ്പെടുമ്പോൾ ആദ്യ ഭാഗത്തിന്‍റെ തുടർച്ചയായി ഒരു തിരക്കഥ ഒരുക്കുകയാണ് സംവിധായകൻ സുഭാഷ് ഘായ്. സഞ്ജയ് ബല്ലുവായും, മാധുരി ഗംഗയായും, ജാക്കി ഷ്രോഫ് സബ് ഇൻസ്പെക്ടർ റാമായും അഭിനയിച്ച ചിത്രത്തിന്‍റെ തുടർച്ച ഏറെ വ്യത്യസ്തതകൾ നിറഞ്ഞതാകുമെന്ന് സംവിധായകൻ പറയുന്നു. പ്രശസ്ത ഗാനരചയിതാവ് ആനന്ദ് ബക്ഷി എഴുതിയ 'ചോളി കേ പീച്ചേ ക്യാ ഹേ...' എന്ന ഗാനത്തിന് മുതിർന്ന സംഗീത സംവിധായകരായ ലക്ഷ്മികാന്ത്-പ്യാരേലാൽ എന്നിവരാണ് സംഗീതം നൽകിയത്. മികച്ച പിന്നണി ഗായിക, മികച്ച നൃത്ത സംവിധാനം എന്നീ മേഖലകളിൽ ഫിലിം ഫെയർ അവാർഡുകളും ചിത്രം സ്വന്തമാക്കി.
രണ്ടാം ഭാഗത്തിൽ നായകനായി രൺവീർ സിങ് എത്തുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നുവെങ്കിലും സുഭാഷ് ഘായ് അത് നിരസിച്ചിരുന്നു. തിരക്കഥ പൂർത്തിയായെന്നും അഭിനേതാക്കളെ ഉടൻ തീരുമാനിക്കുമെന്നും സുഭാഷ് ഘായ് അറിയിച്ചു. പുതിയ ഭാഗത്തിൽ 'ചോളി കേ പീച്ചേ...' എന്ന ഗാനം ഉണ്ടാകുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

