സുബൈദയുടെ മാതൃകാ ജീവിതം സിനിമയാവുന്നു; 'എന്ന് സ്വന്തം ശ്രീധരൻ' എന്ന പേരിലാണ് പുറത്തിറങ്ങുന്നത്
text_fieldsസുബൈദ എന്ന മാളു
കാളികാവ്: അടക്കാകുണ്ടിലെ തെന്നാടൻ വീട്ടിൽ സുബൈദ എന്ന മാളുവിന്‍റെ നന്മ ജീവിതം സിനിമയാവുന്നു. 'എന്ന് സ്വന്തം ശ്രീധരൻ' എന്ന പേരിൽ പുറത്തിറങ്ങുന്ന സിനിമയുടെ രചനയും സംവിധാനവും സിദ്ദീഖ് പറവൂരാണ് നിർവഹിക്കുന്നത്. അടുത്ത മാസം ചിത്രീകരണം തുടങ്ങാനാണ് ശ്രമിക്കുന്നതെന്ന് അണിയറ പ്രവർത്തകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കൂട്ടുകാരി ചക്കി അകാലമരണത്തിന് കീഴ്പ്പെട്ടപ്പോൾ അവരുടെ മൂന്ന് കുഞ്ഞുങ്ങളെ കൈപിടിച്ച് സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന് തന്‍റെ മക്കളോടൊപ്പം വളർത്തി വലുതാക്കിയ കാരുണ്യത്തിന്‍റെ തണൽവൃക്ഷമായിരുന്നു സുബൈദ. ചക്കിയുടെ മക്കളെ അവരുടെ മതാചാരപ്രകാരം തന്‍റെ വീട്ടിൽ വളർത്തുകയും അവരുടെയെല്ലാം വിവാഹങ്ങൾ പോലും അവരുടെ ആചാരാനുഷ്ഠാനങ്ങളാൽ നടത്തിക്കൊടുക്കുകയും ചെയ്തു. സുബൈദ മരിച്ച ദിവസം ചക്കിയുടെ മകൻ ശ്രീധരൻ ഒമാനിൽ നിന്ന് പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇതേ കുറിച്ച് പുറംലോകം അറിഞ്ഞത്. ഈ മാസം 15ന് കാളികാവിന്‍റെ വിവിധ പ്രദേശങ്ങളിൽ ചിത്രീകരണം ആരംഭിക്കും. മജീദ് നീറാട് നിർമാതാവും സാഹിത്യകാരൻ കുഞ്ഞുമുഹമ്മദ് അഞ്ചച്ചവിടി കോഓഡിനേറ്ററുമാണ്.