സ്റ്റോളന്‍ ഷോര്‍ലൈന്‍സ്
text_fieldsവൻകിട കോർപറേറ്റുകളുടെ ആര്‍ത്തിയും കാലാകാലങ്ങളിലെ സർക്കാറുകളുടെ തെറ്റായ വികസന നയങ്ങളും കാലാവസ്ഥ പ്രതിസന്ധിക്ക് ഏതുവിധത്തില്‍ കാരണമാകുന്നുവെന്ന് ചൂണ്ടിക്കാട്ടുന്ന ഡോക്യുമെന്ററിയാണ് മാധ്യമപ്രവര്‍ത്തകൻ കെ.എ. ഷാജി രചനയും സംവിധാനവും നിർവഹിച്ച 'സ്റ്റോളന്‍ ഷോര്‍ലൈന്‍സ്' അഥവാ മോഷ്ടിക്കപ്പെടുന്ന തീരങ്ങൾ. പേര് സൂചിപ്പിക്കുന്നതുപോലെ കേരളത്തിന്റെ തീരങ്ങൾ മോഷ്ടിക്കപ്പെടുന്നതിനെക്കുറിച്ചുതന്നെയാണ് 35 മിനിറ്റ് നീളുന്ന ഈ ഇംഗ്ലീഷ് ഡോക്യുമെന്ററി സംസാരിക്കുന്നത്. തിരുവനന്തപുരം വലിയ തുറയിലെ അഭയാർഥി ക്യാമ്പായി ഇപ്പോഴും തുടരുന്ന സ്കൂളിൽ നിരവധി പ്രാവുകളെ വളര്‍ത്തുന്ന പ്രാവ് പരിശീലകയായ അലീന എന്ന പതിനാലുകാരിയില്‍നിന്ന് ആരംഭിക്കുന്ന സിനിമ അലീനയെപ്പോലെ വീടും ജീവിതവും ഉപജീവനവും കടലെടുത്തുപോയ നിരവധിയായ മനുഷ്യരിലേക്ക് സഞ്ചരിക്കുന്നു.
കടലെടുത്ത ജീവിതങ്ങൾ
കേരളത്തിന്റെ കടല്‍ത്തീരങ്ങള്‍ മുമ്പില്ലാത്ത വിധം നാശം നേരിടുന്ന കാലമാണിത്. കടലോരവാസികളോട് അവരുടെ ജീവിതത്തെക്കുറിച്ച് ചോദിച്ചാല്‍ ചിലരെങ്കിലും മുമ്പ് തങ്ങളുടെ വീടിരുന്ന സ്ഥലത്തെക്കുറിച്ച് പറയും. അത് കടലില്‍ കിലോമീറ്ററുകളോളം ഉള്ളിലായിരിക്കും. ഓഖി വിതച്ച ദുരന്തങ്ങളുടെ ജീവിക്കുന്ന രക്തസാക്ഷികളാണ് അലീനയും അവളുടെ പ്രാവുകളും. തുടർന്ന് ഓരോ വർഷവും അവളുടെയും കുടുംബത്തിന്റെയും സ്വപ്‌നങ്ങൾ കടലെടുത്തു. നാലു വര്‍ഷത്തിനിപ്പുറവും അവളെ പോലെ നിരവധി മനുഷ്യർ തിരുവനന്തപുരം തീരത്തെ വിവിധ സ്‌കൂളുകളിൽ അഭയാർഥികളായി കഴിയുകയാണ്. തീരങ്ങൾ നഷ്ടപ്പെടുന്നതിൽ കാലാവസ്ഥ മാറ്റത്തിന് മാത്രമല്ല തീരം കൈയേറിയുള്ള നിർമാണ പ്രവർത്തനങ്ങൾക്കും തെറ്റായ വികസന പദ്ധതികൾക്കും വലിയ പങ്കുണ്ടെന്ന് ഡോക്യുമെന്ററി അടിവരയിടുന്നു.
കാലാവസ്ഥ അഭയാർഥികൾ
അലീനയും കൂട്ടരും അടക്കമുള്ള കേരളത്തിലെ കാലാവസ്ഥ അഭയാർഥികളെ കാണാതെയും കേൾക്കാതെയും പൊതുസമൂഹം മുന്നോട്ടുപോകരുത് എന്നും ഈ ചിത്രം ഓർമപ്പെടുത്തുന്നു. എങ്ങനെ കേരളത്തിലെ കടല്‍ത്തീരങ്ങളെ തിരികെക്കൊണ്ടുവരാമെന്നുള്ള നിർദേശങ്ങളും വിദഗ്ധരുടെ അഭിപ്രായങ്ങളിലൂടെ ഈ ഡോക്യുമെന്ററി പങ്കുവെക്കുന്നുണ്ട്. വിഴിഞ്ഞം തുറമുഖത്തിന്റെ നിർമാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന പ്രദേശത്തിന് വടക്കു ഭാഗത്തായി നീണ്ട ദൂരം കരയെ കടൽ വിഴുങ്ങുന്ന പ്രതിഭാസം എന്തുകൊണ്ട് എന്ന ചോദ്യത്തിനും ഡോക്യുമെന്ററി ഉത്തരം തേടുന്നു.
മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന ദുരിതജീവിതത്തെ കൃത്യമായി അവതരിപ്പിക്കാന്‍ സംവിധായകന് സാധിച്ചിട്ടുണ്ട്. അലീനയും രണ്ട് സഹോദരന്മാരും ഒരു ചെറിയ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ചാണ് ഇപ്പോള്‍ വിദ്യാഭ്യാസം മുന്നോട്ട് കൊണ്ടുപോകുന്നത്. പരിമിത സാഹചര്യത്തിലും അവള്‍ പ്രാവുകളെ പരിപാലിച്ച് ആനന്ദം കണ്ടെത്തുന്നു. മറ്റുള്ളവര്‍ക്കൊപ്പം ഇന്നല്ലെങ്കില്‍ നാളെ പുനരധിവാസം സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് അവള്‍ ജീവിക്കുന്നത്. അതേസമയം, പുനരധിവാസം അവര്‍ക്ക് മാത്രമാണ് സാധ്യമാകുന്നതെന്നും കടലിനും കടല്‍ത്തീരത്തിനും അത് ലഭിക്കുന്നില്ലെന്നും ഷാജി തന്റെ ഡോക്യുമെന്ററിയില്‍ പറയുന്നു. കടലോരവാസികളുടെ പുനരധിവാസത്തിനൊപ്പം കടലിന്റെ പുനരുജ്ജീവനവും സാധ്യമാകേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഷാജിയുടെ ഡോക്യുമെന്ററി അവസാനിക്കുന്നത്. ഇത്ര ആഴമേറിയ വിഷയത്തെ 35 മിനിറ്റില്‍ അവതരിപ്പിക്കുന്നതില്‍ സംവിധായകന്‍ വിജയിച്ചിട്ടുണ്ടെന്നതില്‍ സംശയമില്ല.
'കവർന്നെടുക്കപ്പെടുന്ന തീരങ്ങളുടെ' കാമറ ചലിപ്പിച്ചിരിക്കുന്നത് സെയ്ദ് ഷിയാസ് മിർസയും സൂരജ് അമ്പലത്തറയുമാണ്. എഡിറ്റിങ് നിർവഹിച്ച വി.പി.ജി. കമ്മത്തിന്റെ പ്രതിഭ എടുത്തുപറയേണ്ടതാണ്. കല്യാണി വല്ലത്താണ് ശബ്ദം നൽകിയിരിക്കുന്നത്. ചിത്രത്തിന്റെ മലയാളം പരിഭാഷ തയാറാകുന്നുണ്ട്.
(എഴുത്തുകാരിയും സാമൂഹിക
ചിന്തകയുമാണ് ലേഖിക)

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.