‘സ്താനാർത്തി ശ്രീക്കുട്ടൻ’ ചില്ലറക്കാരനല്ല...; ബാക്ക് ബെഞ്ച് ഒഴിവാക്കാനൊരുങ്ങി വിദ്യാലയങ്ങൾ, ഇരിപ്പിടം ‘റ’ രൂപത്തിൽ
text_fieldsഒരു കുഞ്ഞു സിനിമ വിദ്യാഭ്യാസ മേഖലയിൽ വലിയ സ്വാധീനം ചെലുത്തുന്ന കാഴ്ചക്കാണ് കേരളം ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്. വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്ത ‘സ്താനാർത്തി ശ്രീക്കുട്ടൻ’ എന്ന ചിത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പല വിദ്യാലയങ്ങളിലും ബാക്ക് ബെഞ്ച് ഒഴിവാക്കുകയാണ്.
കൊട്ടാരക്കര വാളകം രാമവിലാസം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ ഇനി ‘റ’ രൂപത്തിൽ സജ്ജീകരിച്ച ഇരിപ്പിടത്തിലിരുന്ന് പഠിക്കും എന്ന വാർത്ത നേരത്തെ പുറത്തു വന്നിരുന്നു. മന്ത്രി കെ.ബി. ഗണേഷ്കുമാറാണ് സ്കൂളിൽ ഈ സമ്പ്രദായം നടപ്പാക്കാൻ വഴിയൊരുക്കിയത്. കേരളത്തിലെ പത്തോളം സ്കൂളുകൾ ഈ രീതി നടപ്പാക്കിയെന്നാണ് വിവരം.
ക്ലാസ് മുറിയുടെ ചുവരുകളോട് ചേർന്നാണ് ഒറ്റവരി ഇരിപ്പിടങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. എല്ലാവരും മുന്നിലെ ബെഞ്ചിലാണ് ഇരിക്കുന്നതെന്ന ബോധം കുട്ടികളിലുണ്ടാക്കുകയാണ് ലക്ഷ്യം. സിനിമയിൽ പിൻ ബെഞ്ചിലിരുന്ന് അപമാനിക്കപ്പെട്ട വിദ്യാർഥിയുടെ അനുഭവമാണ് ഇങ്ങനെയൊരു ആശയം രൂപപ്പെടാൻ കാരണം.
ഇത് തങ്ങള്‍ കൊണ്ടുവന്ന ആശയമല്ലെന്നും ജില്ലാ പ്രാഥമിക വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി ക്ലാസ് മുറികളില്‍ അത്തരമൊരു ഇരിപ്പിട ക്രമീകരണം ഉണ്ടായിരുന്നെന്നും, പിന്നീട് അത് നഷ്ടപ്പെട്ടെന്നും സംവിധായകൻ വിനേഷ് പറഞ്ഞിരുന്നു. കേരളത്തിൽ മാത്രമല്ല, സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് തമിഴ്നാട്ടിലും പഞ്ചാബിലും ഈ രീതി പിന്തുടരാൻ ഒരുങ്ങുകയാണ് ചില സ്കൂളുകൾ.
അപ്പർ പ്രൈമറി ക്ലാസ്സിലെ രണ്ടു കുട്ടികളെ പ്രധാനമായും കേന്ദ്രീകരിച്ചു കൊണ്ടാണ് സ്താനാർത്തി ശ്രീക്കുട്ടന്റെ അവതരണം. ശ്രീരംഗ് ഷൈൻ' അഭിനവ് എന്നിവരാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അജു വർഗീസ് ജോണി ആന്‍റണി, സൈജു ക്കുറുപ്പ്, ജിബിൻ ഗോപിനാഥ്, ആനന്ദ് മന്മഥൻ, രാഹുൽ നായർ, സന്തോഷ് വെഞ്ഞാറമൂട്, രാമചന്ദ്രൻ നായർ, രാജീവ് ഗംഗാമീരാ, ശ്രുതി സുരേഷ് എന്നിവരാണ് മറ്റുപ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുരളീകൃഷ്ണൻ, ആനന്ദ് മന്മഥൻ, കൈലാഷ്.എസ്. ഭവൻ, വിനേഷ് വിശ്വനാഥ് എന്നിവരുടേതാണു തിരക്കഥ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

