മുത്തുവിന്റെ പതിറ്റാണ്ടുകൾ നീണ്ട റെക്കോർഡ് തകർത്ത് ആർ.ആർ.ആർ; ജപ്പാനിൽ നിന്ന് കോടികൾ വാരി സിനിമ
text_fieldsജപ്പാനിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രം എന്ന നേട്ടം സ്വന്തമാക്കി രാജമൗലിയുടെ ആർആർആര്‍. രജനികാന്ത് ചിത്രം മുത്തുവിന്റെ 24 വർഷത്തെ റെക്കോർഡാണ് സിനിമ തിരുത്തികുറിച്ചത്. 403 മില്ല്യൺ യെൻ എന്ന റെക്കോര്‍ഡ് കളക്ഷനാണ് ആർ ആർ ആർ ജപ്പാനിലെ ബോക്സോഫീസില്‍ നിന്ന് നേടിയത്. 24 കോടിയിലേറെ രൂപവരുമിത്. 55 ദിവസംകൊണ്ടാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയത്.
നേരത്തേ ജപ്പാനിൽ 100 കിലോമീറ്ററിലേറെ സഞ്ചരിച്ച് ചിത്രം കാണാനെത്തിയ പ്രേക്ഷകരുടെ ട്വീറ്റുകൾ ആർ ആർ ആർ ടീം തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ പേജിൽ റീ ട്വീറ്റ് ചെയ്തിരുന്നു. ജപ്പാനിൽ ഗംഭീര വിജയം കൈവരിച്ച മൂന്ന് ഇന്ത്യൻ ചിത്രങ്ങളിൽ രണ്ടും രാജമൗലി സംവിധാനം ചെയ്ത ചിത്രങ്ങളാണ്. ബാഹുബലിയാണ് ഈ പട്ടികയിലെ മൂന്നാം സ്ഥാനത്തുള്ളത്.
ഇക്കഴിഞ്ഞ ഒക്ടോബർ 21നാണ് രാം ചരൺ തേജയും ജൂനിയർ എൻ.ടി.ആറും മുഖ്യവേഷങ്ങളിലെത്തിയ രാജമൗലി ചിത്രം ആർ ആർ ആർ ജപ്പാനിൽ റിലീസ് ചെയ്തത്. താരങ്ങളും അണിയറ പ്രവർത്തകരും റിലീസ് ദിവസം ജപ്പാനിലെത്തിയിരുന്നു. ഇന്ത്യയിലേതിന് സമാനമായ വരവേല്പാണ് ജപ്പാനിലും ചിത്രത്തിന് ലഭിച്ചത്.
കെ.എസ്. രവികുമാർ സംവിധാനം ചെയ്ത 1995 ലെ തമിഴ് ചലച്ചിത്രമാണ് മുത്തു. മലയാള ചലച്ചിത്രമായ തേന്മാവിൻ കൊമ്പത്ത് (1994) എന്ന ചലച്ചിത്രത്തിന്റെ റീമേക്കാണ് ഇത്. രജനീകാന്ത്, മീന എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തിന്റെ പശ്ചാത്തലസംഗീതവും സംഗീത സംവിധാനവും നിർവഹിച്ചത് എ.ആർ. റഹ്മാനാണ്
1995 ഒക്ടോബർ 23ന് ദീപാവലി സമയത്താണ് മുത്തു പുറത്തിറങ്ങിയത്. വാണിജ്യപരമായി, ഈ ചലച്ചിത്രം വലിയ വിജയം നേടി. അക്കാലത്ത് ഏറ്റവും കൂടുതൽ വരുമാനം നേടിയ തമിഴ് ചിത്രങ്ങളിലൊന്നായിരുന്നു ഇത്. 175 ദിവസത്തിലധികം തമിഴ്‌നാട്ടിലുടനീളം തീയറ്ററുകളിൽ പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു. മുത്തുവിന്റെ ഡബ്ബ് ചെയ്ത ജാപ്പനീസ് പതിപ്പ് 1998ൽ ആണ് പുറത്തിറങ്ങിയത്. ജപ്പാനിലും ചിത്രം വലിയ വിജയമായിരുന്നു.