പേരിനെച്ചൊല്ലി തർക്കം; രാജമൗലി ചിത്രം വീണ്ടും വിവാദത്തിൽ
text_fieldsരാജമൗലിയും മഹേഷ് ബാബുവും
എസ്.എസ്. രാജമൗലി നടൻ മഹേഷ് ബാബുവുമായി സിനിമ പ്രഖ്യാപിച്ചത് മുതൽ അത് വാർത്തകളിൽ ഇടം പിടിക്കുന്നുണ്ട്. ഈയിടെയാണ് അണിയറപ്രവർത്തകർ സിനിമയുടെ പേര് പുറത്തുവിട്ടത്. വാരണാസി എന്നാണ് ചിത്രത്തിന്‍റെ പേര്. ഇപ്പോഴിതാ, ആ പേരിന് മറ്റൊരു പ്രൊഡക്ഷൻ ഹൗസ് അവകാശമുന്നയിച്ചിരിക്കുകയാണ്.
സി.എച്ച്. സുബ്ബ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള രാമ ബ്രഹ്മ ഹനുമ ക്രിയേഷൻസ്, 2023ൽ തെലുങ്ക് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗൺസിലിൽ 'വാരണാസി' എന്ന പേര് രജിസ്റ്റർ ചെയ്തതായി അവകാശപ്പെടുന്നതാണ് പുതിയ പ്രശ്നം. ഔദ്യോഗിക രേഖകൾ പ്രകാരം, 2025 ജൂൺ 24 മുതൽ 2026 ജൂലൈ 23 വരെയുള്ള കാലയളവിലേക്ക് അവർ വീണ്ടും ടൈറ്റിൽ അവകാശം പുതുക്കിയിട്ടുണ്ട്. അതായത് ടൈറ്റിൽ ഇപ്പോഴും അവരുടെ ബാനറിൽ സജീവമാണ്.
രണ്ട് പേരുകളും ഇംഗ്ലീഷിൽ എഴുതുമ്പോൾ അക്ഷരവിന്യാസത്തിൽ വ്യത്യാസം ഉണ്ട്. എന്നാൽ പേര് ഉച്ചരിക്കുമ്പോൾ ഒരുപോലെ തന്നെയാണ്. ഇക്കാരണത്താൽ, ആദ്യം പേര് രജിസ്ട്രേഷൻ ചെയ്തവർ ആ പേരിന്‍റെ അവകാശങ്ങൾ നിയമപരമായി തങ്ങളുടേതാണെന്നും അവരുടെ അനുമതിയില്ലാതെ പേര് ഉപയോഗിക്കാൻ കഴിയില്ലെന്നും പറയുന്നതായാണ് റിപ്പോർട്ട്. ഈ സാമ്യം ഒരു നിയമയുദ്ധത്തിലേക്ക് നയിക്കുമോ എന്നുള്ള ചർച്ചയും സജീവമാണ്.
രാജമൗലിയുടെ സംവിധാനത്തിലൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് വാരണാസി. ചിത്രത്തിന്‍റെ ടീസർ ട്രെയിലർ ഇതിനകംതന്നെ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിട്ടുണ്ട്. മഹേഷ് ബാബു നായകനാകുന്ന ചിത്രത്തില്‍ പൃഥ്വിരാജും, പ്രിയങ്ക ചോപ്രയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രം വി.എഫ്.എക്സ് മികവുകൊണ്ട് സമ്പന്നമാണെന്നാണ് ടീസർ നൽകുന്ന സൂചന.
പല കാലഘട്ടങ്ങളിലായാണ് ചിത്രം കഥ പറയുക എന്നാണ് സൂചന. ടൈം ട്രാവലിങിന്‍റെ സാധ്യതയും കാണാനുണ്ട്. രാമായണം പോലുള്ള പുരാണങ്ങളും ചിത്രത്തിൽ പ്രാധാന്യം ചെലുത്തുന്നതായി കാണാം. ചിത്രത്തിന്റെ സഹനിര്‍മാതാവ് കൂടിയായ മഹേഷ് ബാബു സിനിമക്കായി പ്രതിഫലം വാങ്ങുന്നില്ലെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. രാജമൗലിയുടെ അച്ഛനും തിരക്കഥാകൃത്തുമായ വിജയേന്ദ്ര പ്രസാദ് ആണ് വാരണാസിക്ക് തിരക്കഥ ഒരുക്കുന്നത്. 2027 ഏപ്രിലിൽ സിനിമ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

