മമ്മൂട്ടിയുടെ വരവ് രാജ്യത്തിന് ഗുണം ചെയ്യും; മെഗാസ്റ്റാറിന് നന്ദി പറഞ്ഞ് ശ്രീലങ്കൻ സർക്കാർ...
text_fieldsകൊളംബോ: രാജ്യത്ത് എത്തിയ മമ്മൂട്ടിയോട് നന്ദി പറഞ്ഞ് ശ്രീലങ്കൻ സർക്കാർ. കടുഗണ്ണാവ ഒരു യാത്ര കുറിപ്പ് എന്ന ചിത്രത്തിന്റ ഷൂട്ടിങ്ങിനായിട്ടാണ് മെഗാസ്റ്റാർ ശ്രീലങ്കയിൽ എത്തിയത്. നേരത്തെ ശ്രീലങ്കൻ മുൻക്രിക്കറ്റ് താരവും ടൂറിസം അംബാസഡറുമായ സനത് ജയസൂര്യ മമ്മൂട്ടിയെ സന്ദർശിച്ചിരുന്നു. തങ്ങളുടെ രാജ്യം സന്ദർശിച്ചതിന് നന്ദി അറിയിക്കുകയും ചെയ്തു.
ശ്രീലങ്കൻ ടൂറിസം മന്ത്രി ഹരിൻ ഫെർണാണ്ടോ മെഗാസ്റ്റാറുമായി കൂടിക്കാഴ്ച നടത്തി. ഒപ്പം പ്രധാന മന്ത്രിയുടേയും പ്രസിഡന്റിന്റേയും അന്വേഷണം അറിയിക്കുകയും ചെയ്തു. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രങ്ങൾ ഹരിൻ ഫെർണാണ്ടോ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. കൂടാതെ ഇനിയും സിനിമ ചിത്രീകരണത്തിനായി ശ്രീലങ്കയിലേക്ക് ക്ഷണിക്കുകയും ചെയ്തു.
ഇപ്പോഴത്തെ സാഹചര്യത്തിൽ ശ്രീലങ്കയിൽ എത്തിയ മമ്മൂട്ടിയോട് പ്രധാനമന്ത്രി ദിനേഷ് ഗുണവർധന നന്ദി അറിയിച്ചിട്ടുണ്ട്. ഗുണവർധനയുമായി താരം ഫോണിൽ സംസാരിച്ചിരുന്നു. കേരളത്തെ സഹോദര സംസ്ഥാനമായിട്ടാണ് കാണുന്നതെന്നും മന്ത്രി പറഞ്ഞു. മമ്മൂട്ടിയെ പോലൊരു താരത്തിന്റെ വരവ് രാജ്യത്തിന് ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എം.ടി വാസുദേവൻ നായരുടെ കഥകളെ ആസ്പദമാക്കി ഒരുക്കുന്ന ആന്തോളജി ചിത്രമാണ് കടുഗണ്ണാവ ഒരു യാത്ര കുറിപ്പ്. ശ്രീലങ്കയിൽ ജോലി ചെയ്തിരുന്ന അച്ഛന് മറ്റൊരു ബന്ധത്തിലുണ്ടായ മകൾ എന്ന് കരുതപ്പെടുന്ന പെൺകുട്ടിയെക്കുറിച്ചുള്ള ഒരു മുതിർന്ന പത്രപ്രവർത്തകൻറെ ഓർമയാണ് കടുഗണ്ണാവ . ഒരു ഔദ്യോഗിക ആവശ്യത്തിനായി ശ്രീലങ്കയിലേക്ക് പോകേണ്ടിവരുന്ന വേണുഗോപാൽ പഴയ ഓർമയിലൂടെ സഞ്ചരിക്കുന്നതാണ് ചിത്രം. വേണുഗോപാൽ എന്ന കഥാപാത്രത്തെയാണ് മെഗാസ്റ്റാർ അവതരിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

