സുരേഷ് ഗോപി മറവിരോഗത്തിൽ നിന്ന് രക്ഷപ്രാപിക്കട്ടെ എന്ന് പ്രാർഥിക്കുന്നു; പാർലമെന്റിലെ പാട്ടിൽ വിമർശനവുമായി ശ്രീകുമാരൻ തമ്പി
text_fieldsസുരേഷ് ഗോപി, ശ്രീകുമാരൻ തമ്പി
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്ന് പൂർണമായി അംഗീകരിക്കപ്പെട്ടതിൽ സന്തോഷം പ്രകടിപ്പിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി പാർലമെന്റിൽ ‘‘കേരളം കേരളം... കേളി കൊട്ടുയരുന്ന കേരളം..’’ എന്ന ഗാനം ആലപിച്ചപ്പോൾ പാട്ട് എഴുതിയ തന്റെ പേര് പരാമർശിച്ചില്ലെന്ന് ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പി. ഒരുപക്ഷേ, തന്റെ പേര് അദ്ദേഹത്തിന്റെ നാവിന് വഴങ്ങില്ലായിരിക്കുമെന്നും പകരം തന്നെ ‘ഒരു മഹാകവി’ എന്ന ലേബലിൽ ഒതുക്കിയെന്നും ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ ശ്രീകുമാരൻതമ്പി പറഞ്ഞു.
പാട്ട് പാടുന്നതിനു മുമ്പ് വയലാർ, ദേവരാജൻ എന്നീ പേരുകൾ പറഞ്ഞതിൽ നിന്ന് ഈ ഗാനവും വയലാർ എഴുതിയത് എന്ന് ജനങ്ങൾ ധരിച്ചോട്ടെ എന്ന് ആ ശുദ്ധഹൃദയൻ വിചാരിച്ചുകാണും. ഗാനത്തിന്റെ രചയിതാവായ തന്റെ പേര് ആ നല്ല അവസരത്തിൽ പറയാതിരിക്കാൻ സുരേഷ് ഗോപിക്ക് കാരണങ്ങൾ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘‘യുവജനോത്സവം’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിൽ അതുവരെ ചെറിയ വേഷങ്ങളിൽ മാത്രം അഭിനയിച്ചിരുന്ന സുരേഷ് ഗോപിയെ ഞാൻ പ്രധാന വില്ലനാക്കി. ഐ.വി. ശശി സംവിധാനം ചെയ്ത ‘അക്ഷരത്തെറ്റ്’ എന്ന ചിത്രത്തിൽ സുരേഷ് ഗോപിയെ നായകനാക്കണമെന്ന് ഞാനാണ് പറഞ്ഞത്. ‘അക്ഷരത്തെറ്റ്’ റിലീസ് ആയ ദിവസം സുരേഷ് ഗോപിയുടെ അമ്മ കൊല്ലത്തെ ഒരു തീയേറ്ററിൽ സിനിമ കണ്ടതിനു ശേഷം എന്നെ ഫോണിൽ വിളിച്ച് ആ കുടുംബത്തിന്റെ നന്ദിയും കടപ്പാടും അറിയിച്ചത് ഇന്നും ഓർക്കുന്നു. കേന്ദ്രമന്ത്രി ആയ സുരേഷ് ഗോപി ഇതൊക്കെ മറന്നു കാണും. പക്ഷേ, ഈ എൺപത്താറാം വയസ്സിലും എന്റെ ഓർമശക്തിക്കു കുഴപ്പമൊന്നും സംഭവിച്ചിട്ടില്ല. എന്നെക്കാൾ വളരെ ചെറുപ്പമായ സുരേഷ് ഗോപി ഈ മറവിരോഗത്തിൽ നിന്ന് രക്ഷ പ്രാപിക്കട്ടെ എന്ന് ഞാൻ പ്രാർഥിക്കുന്നു’ -ശ്രീകുമാരൻതമ്പി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
‘ബന്ധുവാര് ശത്രുവാര്... ബന്ധനത്തിൻ നോവറിയും കിളിമകളേ പറയൂ ...’ എന്ന സ്വന്തം വരികൾ കുറിച്ചു കൊണ്ട് തന്റെ പേര് പറയാതെ സുരേഷ് ഗോപി ഈ വരികളും ഇടക്ക് ഉദ്ധരിക്കുന്നത് നല്ലതാണെന്ന് പറഞ്ഞുകൊണ്ടാണ് ശ്രീകുമാരൻതമ്പി കുറിപ്പ് അവസാനിപ്പിക്കുന്നത്.
ലോക്സഭ സമ്മേളനത്തിൽ സംസാരിക്കുന്നതിനിടെ ‘ഒരു മഹാകവി എഴുതിയ, സംഗീതജ്ഞൻ ചിട്ടപ്പെടുത്തിയ, വിശ്വഗായകൻ കെ.ജെ. യേശുദാസിന്റെ ശബ്ദത്തിൽ ഇന്നും മലയാളികൾ ഓർക്കുന്ന ഗാനം നാല് വരി പാടുന്നു’ –എന്നു പറഞ്ഞാണ് ‘കേരളം കേരളം.. കേളികൊട്ടുയരുന്ന കേരളം...’ എന്ന ഗാനം സുരേഷ് ഗോപി ആലപിച്ചത്.
‘പ്രേംനസീറിന്റെും സത്യന്റെയും മധുവിന്റെയും മണ്ണാണ്. എം. മുകുന്ദന്റെയും എം.ടി. വാസുദേവൻ നായരുടെയും വയലാറിന്റെയും ദേവരാജന്റെയും ജോൺസൻ മാഷിന്റെയുമൊക്കെ മണ്ണിനാണ് ഇനി കേരള എന്ന് മറന്ന് കേരളം എന്നു വിളിച്ചോളൂ എന്ന് പറയുന്ന വലിയ നെറ്റിപ്പട്ടം ശ്രീ നരേന്ദ്ര മോദിയുടെ സർക്കാർ ചാർത്തി നൽകിയിരിക്കുന്നത്.’ -സുരേഷ് ഗോപി പറഞ്ഞു.
1977ൽ പുറത്തിറങ്ങിയ ‘മിനിമോൾ’ എന്ന ചിത്രത്തിലെ ഗാനമാണ് ‘കേരളം കേരളം കേളികൊട്ടുയരുന്ന കേരളം’. ദേവരാജൻ മാസ്റ്റർ ഈണം നൽകിയ ഈ ഗാനം രചിച്ചത് ശ്രീകുമാരൻ തമ്പിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

