‘സ്പിരിറ്റ് ഓഫ് സിനിമ’ അവാര്‍ഡ് കെനിയന്‍ സംവിധായിക വനൂരി കഹിയുവിന്
text_fieldsവനൂരി കഹിയു
തിരുവനന്തപുരം: 28ാമത് ഐ.എഫ്.എഫ്.കെയില്‍ സ്പിരിറ്റ് ഓഫ് സിനിമ പുരസ്കാരം കെനിയന്‍ സംവിധായിക വനൂരി കഹിയുവിന്. അഞ്ചു ലക്ഷം രൂപയാണ് സമ്മാനത്തുക. ഡിസംബര്‍ എട്ടിന് വൈകീട്ട് ആറിന് നിശാഗന്ധിയില്‍ നടക്കുന്ന മേളയുടെ ഉദ്ഘാടനച്ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കുമെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചു.
സിനിമയെ സമരായുധമാക്കി സമൂഹത്തിലെ അനീതികള്‍ക്കെതിരെ പൊരുതുന്ന നിര്‍ഭയരായ ചലച്ചിത്രപ്രവര്‍ത്തകരെ ആദരിക്കുന്നതിനുവേണ്ടി 26ാമത് ഐ.എഫ്.എഫ്.കെയിലാണ് ‘സ്പിരിറ്റ് ഓഫ് സിനിമ’ അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. കെനിയയിലെ യാഥാസ്ഥിതിക മൂല്യങ്ങള്‍ക്കെതിരെ പൊരുതുന്ന ചലച്ചിത്രകാരിയാണ് വനൂരി കഹിയു. കാന്‍ ചലച്ചിത്രമേളയില്‍ തെരഞ്ഞെടുക്കപ്പെട്ട ആദ്യ കെനിയന്‍ ചിത്രമായ ‘റഫീക്കി’യാണ് വനൂരിയെ ശ്രദ്ധേയയാക്കിയത്. രണ്ടു പെണ്‍കുട്ടികളുടെ പ്രണയകഥ പറയുന്ന ഈ ചിത്രം രാജ്യത്തെ യാഥാസ്ഥിതിക ഭരണകൂടം നിരോധിച്ചു.
പ്രധാന കഥാപാത്രമായ കേന പശ്ചാത്തപിക്കുന്ന വിധത്തില്‍ അവസാനരംഗം മാറ്റിയാല്‍ മുതിര്‍ന്നവര്‍ക്കുള്ള ചിത്രത്തിനുള്ള സര്‍ട്ടിഫിക്കറ്റ് തരാമെന്ന് സെന്‍സര്‍ ബോര്‍ഡ് പറഞ്ഞെങ്കിലും വനൂരി വഴങ്ങിയില്ല. ആവിഷ്കാര സ്വാതന്ത്ര്യം എന്ന ഭരണഘടനാവകാശം നിഷേധിച്ച സെന്‍സര്‍ ബോര്‍ഡിനെതിരെ വനൂരി നിയമയുദ്ധം നടത്തി.
കെനിയയിലെ ഭരണഘടനാ കോടതിയില്‍ ആവിഷ്കാരസ്വാതന്ത്ര്യത്തിനായി നടന്ന ആദ്യകേസ് ആയിരുന്നു അത്. ഓസ്കറിന് അയക്കാനുള്ള യോഗ്യത നേടുന്നതിനായി ഹൈകോടതി താല്‍ക്കാലിക പ്രദര്‍ശനാനുമതി നല്‍കിയെങ്കിലും ഒരാഴ്ചക്കുശേഷം നിരോധനം തുടരുകയും 2020ല്‍ സെന്‍സര്‍ ബോര്‍ഡിന് അനുകൂലമായി വിധി പ്രസ്താവിക്കുകയും ചെയ്തു.
നെയ്റോബിയിലെ അമേരിക്കന്‍ സ്ഥാനപതി കാര്യാലയത്തില്‍നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നിർമിച്ച ആദ്യചിത്രം ‘ഫ്രം എ വിസ്പര്‍’ 2009ല്‍ ആഫ്രിക്കന്‍ മൂവി അക്കാദമിയുടെ നിരവധി പുരസ്കാരങ്ങള്‍ നേടി. കാന്‍ ചലച്ചിത്രമേളയില്‍ മികച്ച ഹ്രസ്വചിത്രത്തിനുള്ള അവാര്‍ഡ് നേടിയ ‘പുംസി’, സമാധാന നോബല്‍ ജേതാവ് വങ്കാരി മാതായിയെക്കുറിച്ചുള്ള ഡോക്യുമെന്ററി 'ഫോര്‍ ഔര്‍ ലാന്‍ഡ്', നെറ്റ് ഫ്ലിക്സ് ചിത്രമായ 'ലുക്ക് ബോത്ത് വേയ്സ്' എന്നിവയാണ് വനൂരിയുടെ പ്രധാന ചിത്രങ്ങള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

