വിയറ്റ്‌നാം കോളനിയിലെ ‘റാവുത്തര്‍’; നടന്‍ വിജയ രംഗരാജു അന്തരിച്ചു
text_fieldsചെന്നൈ: വിയറ്റ്‌നാം കോളനി എന്ന മോഹൻലാൽ ചിത്രത്തിൽ ‘റാവുത്തര്‍’ എന്ന കഥാപാത്രം അവതരിപ്പിച്ച തെലുങ്ക് നടന്‍ വിജയ രംഗരാജു (70) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് തിങ്കളാഴ്ച രാത്രിയായിരുന്നു അന്ത്യം. കഴിഞ്ഞയാഴ്ച ഹൈദരാബാദില്‍ സിനിമാ ചിത്രീകരണത്തിനിടെ നടന് പരുക്കേറ്റിരുന്നു. തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ഇവിടെ ചികിത്സ പുരോഗമിക്കുന്നതിനിടെയാണു മരണം.
മഹാരാഷ്ട്ര സ്വദേശിയാണെങ്കിലും ഹൈദരാബാദില്‍ സ്ഥിരതാമസക്കാരനായിരുന്നു അദ്ദേഹം. രാജ്കുമാര്‍ എന്നാണ് യഥാര്‍ഥ പേര്. തെലുങ്ക്, മലയാളം സിനിമകളിലായി വില്ലന്‍ വേഷങ്ങളില്‍ തിളങ്ങിയ വിജയരംഗരാജു നിരവധി സഹനടന്റെ വേഷങ്ങളും ചെയ്തു. നന്ദമുരി ബാലകൃഷ്ണയുടെ ഭൈരവ ദ്വീപം എന്ന ചിത്രത്തിലൂടെയാണ് തെലുങ്കില്‍ അരങ്ങേറ്റം കുറിച്ചത്.
മലയാളത്തില്‍ അനുരാഗക്കോടതി, പടയോട്ടം, ആയുധം, ആരംഭം, ആധിപത്യം, സംരംഭം, ഹലോ മദ്രാസ് ഗേള്‍, ഹിറ്റ്‌ലര്‍ ബ്രദേഴ്‌സ്, വെനീസിലെ വ്യാപാരി, മനുഷ്യമൃഗം എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിന് പുറമെ ബോഡി ബില്‍ഡിങ്, ഭാരോദ്വഹനം തുടങ്ങിയ മേഖലകളിലും വിജയ രംഗരാജു സജീവമായിരുന്നു.
സിദ്ദീഖ്-ലാൽ സംവിധാനത്തിൽ മോഹൻലാൽ നായകനായ ആദ്യ ചിത്രമായിരുന്നു വിയറ്റ്നാം കോളനി. 1992ൽ പുറത്തിറങ്ങിയ സിനിമ ആ വർഷം ഏറ്റവുമധികം കലക്‌ഷൻ നേടിയ ചിത്രവുമായി. ചിത്രം ഹിറ്റായതിനൊപ്പം ചിത്രത്തിലെ വില്ലനും മലയാളികളുടെ മനസ്സിൽ ഇടംപിടിച്ചു. നടൻ എൻ.എഫ്. വർഗീസാണ് റാവുത്തർക്ക് ശബ്ദംനൽകിയത്. നടന് ആദരാഞ്ജലി അർപ്പിച്ച് മോഹൻലാൽ ഫേസ്ബുക്കിൽ പോസ്റ്റിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

