ആറ് സംവിധായകർ, ആറ് കഥകൾ; 'ചെരാതുകള്‍' സൈന പ്ലേ ഒ.ടി.ടിയിൽ റിലീസായി
text_fieldsആറു കഥകൾ ചേർന്ന "ചെരാതുകൾ" എന്ന ആന്തോളജി സിനിമ സൈന പ്ലേ ഒ.ടി.ടിയിൽ റിലീസായി. ഷാജൻ കല്ലായി, ഷാനൂബ് കരുവത്ത്, ഫവാസ് മുഹമ്മദ്, അനു കുരിശിങ്കൽ, ശ്രീജിത്ത് ചന്ദ്രൻ, ജയേഷ് മോഹൻ എന്നീ ആറ് സംവിധായകരാണ് ഈ ചിത്രം അണിയിച്ചൊരുക്കുന്നത്. മാമ്പ്ര ഫൗണ്ടേഷെൻറ ബാനറിൽ ഡോ. മാത്യു മാമ്പ്രയാണ് ചെരാതുകൾ നിർമ്മിക്കുന്നത്. ദേശീയ അന്തർദേശീയ തലത്തിൽ നാല്പതിലധികം അവാർഡുകൾ നേടിയ ചിത്രമാണ് " ചെരാതുകൾ ".
മറീന മൈക്കിൽ, ആദിൽ ഇബ്രാഹിം, മാല പാർവതി, മനോഹരി ജോയ്, ദേവകി രാജേന്ദ്രൻ, പാർവതി അരുൺ, ശിവജി ഗുരുവായൂർ, ബാബു അന്നൂർ തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ജോസ്കുട്ടി ഉൾപ്പടെ ആറു ഛായാഗ്രഹകരും, സി.ആർ ശ്രീജിത്ത് അടങ്ങുന്ന ആറു ചിത്രസംയോജകരും ചിത്രത്തിൽ പ്രവർത്തിച്ചിട്ടുണ്ട്.
വിധു പ്രതാപ്, നിത്യ മാമ്മന്‍, കാവാലം ശ്രീകുമാര്‍, ഇഷാന്‍ ദേവ് എന്നിവര്‍ ആലപിച്ച മൂന്ന് മനോഹരമായ ഗാനങ്ങളാണ് ഈ സിനിമയില്‍ ഉള്ളത്. മെജ്ജോ ജോസ്സഫ്, പ്രതീക് അഭ്യങ്കര്‍, റെജിമോന്‍ എന്നിവര്‍ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് ഡോ. മാത്യു മാമ്പ്രയും അനു കുരിശിങ്കലുമാണ്. സൗണ്ട് ഡിസൈൻ ഷെഫിൻ മായൻ, പി.ആർ.ഓ - പി.ശിവപ്രസാദ്, ഡിജിറ്റൽ മാർക്കറ്റിങ്- ഓൺപ്രൊ എൻറർടെയിൻമെൻറ്സ് എന്നിവരാണ് അണിയറ പ്രവർത്തകർ.