സിത്താരെ സമീൻ പര്‍; കണ്ണു തുറപ്പിക്കുന്ന മനോഹര ചിത്രമെന്ന് സുധ മൂർത്തി
text_fields'സിത്താരെ സമീൻ പര്‍' എന്ന ചിത്രത്തിലൂടെ ആമിർ ഖാൻ വീണ്ടും സ്‌ക്രീനിൽ എത്തുന്നു. 'ലാൽ സിങ് ഛദ്ദ' എന്ന ചിത്രത്തിന് ശേഷം ഇടവേള എടുത്ത അദ്ദേഹത്തെ വീണ്ടും സ്‌ക്രീനിൽ കാണുന്നതിന്‍റെ ആവേശത്തിലാണ് ആരാധകർ. ചിത്രത്തിനായി എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. പതിവായ ആക്ഷൻ ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ഹൃദയസ്പർശിയായ കോമഡി-ഡ്രാമയായിരിക്കും സിനിമയെന്നതും ആകാംക്ഷ വർധിപ്പിക്കുന്നു.
ചിത്രത്തിന്റെ ട്രെയിലർ നേരത്തെ തന്നെ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇപ്പോൾ ചിത്രത്തിന്‍റെ പ്രത്യേക സ്ക്രീനിങിന് ശേഷമുള്ള അവലോകനങ്ങളാണ് പുറത്തു വരുന്നത്. ആമിർ ഖാന്റെ പ്രൊഡക്ഷൻ ഹൗസ് പുറത്തിറക്കിയ വിഡിയോയിലൂടെ എഴുത്തുകാരിയായ സുധ മൂർത്തി ചിത്രത്തെക്കുറിച്ച് തന്‍റെ അവലോകനം പങ്കുവെച്ചു.
'കണ്ണു തുറപ്പിക്കുന്ന' മനോഹരമായ സിനിമയാണിതെന്ന് സുധ മൂർത്തി പറഞ്ഞു. 'സാധാരണക്കാരല്ല' എന്ന് പലപ്പോഴും മുദ്രകുത്തപ്പെടുന്ന കുട്ടികളെ സിനിമ സംവേദനക്ഷമതയോടെ ചിത്രീകരിക്കുന്നു. അവരുടെ പരിശുദ്ധി, സന്തോഷകരമായ സ്വഭാവം എന്നിവ ഊന്നിപ്പറയുന്നു.
ജീവിതത്തോടുള്ള അവരുടെ സമീപനത്തിൽ അവർ വളരെ ശുദ്ധരാണ് എന്നതിനാൽ അവർ എപ്പോഴും പുഞ്ചിരിക്കുന്നു. ഈ ആളുകളിൽ നിന്ന് (സിനിമയിലെ കഥാപാത്രങ്ങൾ) നമ്മൾ പഠിക്കുന്ന മഹത്തായതും ആഴമേറിയതുമായ ദാർശനിക പാഠങ്ങളാണിവ. ഈ സിനിമ എല്ലാവരെയും ഉൾക്കൊള്ളുന്നു. യഥാർത്ഥത്തിൽ സിനിമക്ക് ധാരാളം മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയും. ആമിർ ഖാന്റെ ഒരു മികച്ച സിനിമ കാണാൻ ഇത്രയും മികച്ച അവസരം നൽകിയതിന് സുധ മൂർത്തി നന്ദി പറയുകയും ചെയ്തു.
ജൂണ്‍ 20ന് ചിത്രം തിയറ്ററിലെത്തും. കളിയും ചിരിയുമായി എത്തിയ 'സിത്താരെ സമീൻ പര്‍' ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. താരെ സമീൻ പറിന്റെ രണ്ടാം ഭാഗമായിരിക്കും സിത്താരെ സമീൻ പര്‍ എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ആ ഴോണറിലുള്ള മറ്റൊരു കഥയായിരിക്കുമെന്നാണ് ട്രെയിലര്‍ നൽകുന്ന സൂചന. മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലറിൽ ബാസ്കറ്റ്ബോൾ കോച്ചിന്റെ വേഷത്തിലാണ് ആമിര്‍ ഖാൻ എത്തുന്നത്.
സിത്താരെ സമീൻ പര്‍ സംവിധാനം ചെയ്യുന്നത് ആര്‍. എസ് പ്രസന്നയാണ് ജെനീലിയ ദേശ്മുഖും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു, മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ആമിറും നടിയും വലിയ സ്‌ക്രീനുകളിൽ വീണ്ടും ഒന്നിക്കുന്നു. സ്പാനിഷ് ചിത്രമായ 'ചാമ്പ്യൻസ്' എന്ന സിനിമയുടെ റീമേക്കാണ് 'സിതാരേ സമീൻ പർ'.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.