ആമിറിന്‍റെ 'സിത്താരേ സമീൻ പർ' ആദ്യ ദിനം നേടിയത്
text_fieldsആമിർ ഖാന്റെ ഏറ്റവും പുതിയ ചിത്രമായ 'സിത്താരേ സമീൻ പർ' ജൂൺ 20നാണ് തിയറ്ററുകളിൽ എത്തിയത്. നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും നല്ല പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. എന്നാൽ ബോക്സ് ഓഫിസിൽ ഒരു മിതമായ തുടക്കമാണ് ചിത്രം നേടിയത്. ആദ്യ ദിവസം ചിത്രത്തിന്‍റെ കലക്ഷൻ 11.5 കോടിയാണെന്ന് സാക്നിൽക്.കോം റിപ്പോർട്ട് ചെയ്യുന്നു. ആമിറിന്റെ മുൻ ചിത്രമായ 'ലാൽ സിങ് ഛദ്ദ'യുടെ ആദ്യ ദിവസത്തെ കലക്ഷൻ മറികടക്കാൻ 'സിത്താരേ സമീൻ പർ' ന് കഴിഞ്ഞില്ല. 2022ൽ റിലീസ് ചെയ്ത ചിത്രം ആദ്യ ദിവസം 11.7 കോടി രൂപ നേടിയിരുന്നു.
ചിത്രത്തിന്റെ ദൈർഘ്യം ഏകദേശം രണ്ട് മണിക്കൂർ 38 മിനിറ്റ് 46 സെക്കൻഡ് ആണ്. ചിത്രം സെൻസറിങ്ങുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങൾ നേരിട്ടിരുന്നു. സെൻസർ ബോർഡ് നിർദേശങ്ങൾ സ്വീകരിക്കാൻ ആമിർ ഉൾപ്പെടെയുള്ള അണിയറ പ്രവർത്തകർ തയാറാകാതിരുന്നത് സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാൻ കാലതാമസം നേരിടുന്നതിന് കാരണമായിരുന്നു.
സ്പാനിഷ് ചിത്രമായ 'ചാമ്പ്യൻസ്' എന്ന സിനിമയുടെ റീമേക്കാണ് 'സിത്താരേ സമീൻ പർ'. താരെ സമീൻ പർ ദർശീൽ സഫാരിയെ നായകനായി അവതരിപ്പിച്ചപ്പോൾ, ആമിർ ഖാൻ പ്രൊഡക്ഷൻസ് സിത്താരേ സമീൻ പർ എന്ന ചിത്രത്തിലൂടെ 10 പുതുമുഖ അഭിനേതാക്കളെയാണ് അവതരിപ്പിച്ചത്. അരോഷ് ദത്ത, ഗോപി കൃഷ്ണ വർമ, സംവിത് ദേശായി, വേദാന്ത് ശർമ, ആയുഷ് ബൻസാലി, ആശിഷ് പെൻഡ്സെ, ഋഷി ഷഹാനി, ഋഷഭ് ജെയിൻ, നമൻ മിശ്ര, സിമ്രാൻ മങ്കേഷ്‌കർ എന്നിവരാണ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചത്.

