
തരംഗമായി സീതാരാമം; ദുൽഖറിനും ചിത്രത്തിനും അഭിനന്ദനങ്ങളുമായി തെലുങ്ക് സൂപ്പർതാരങ്ങളും
text_fieldsയുവസൂപ്പർതാരം ദുൽഖർ സൽമാനും ബോളിവുഡ് താരം മൃണാൾ താക്കൂറും പ്രധാന വേഷത്തിലെത്തിയ തെലുങ്ക് ചിത്രം 'സീതാരാമം' മികച്ച പ്രേക്ഷക പ്രതികരണവുമായി ബോക്സോഫീസൽ കുതിക്കുകയാണ്. മൂന്ന് ദിവസം കൊണ്ട് 25 കോടിയിലേറെയാണ് ചിത്രം ആഗോളതലത്തിൽ കളക്ട് ചെയ്തത്. 1965- 85 കാലഘട്ടത്തിലെ കാശ്മീരിന്റെ പശ്ചാത്തലത്തിൽ പറയുന്ന പ്രണയകഥയാണ് 'സീതാരാമം'. ഇന്ത്യൻ ആർമിയിൽ ലഫ്റ്റനെന്റ് ആയിരുന്ന റാം തന്റെ പ്രണയിനിയായ സീതയ്ക്ക് എഴുതിയ കത്ത് ഇരുപത് വർഷങ്ങൾക്ക് ശേഷം അഫ്രിൻ എന്ന പാകിസ്ഥാനി യുവതി വഴി സീതയിലേക്ക് എത്തുന്നാണ് ഇതിവൃത്തം.
സിനമാ രംഗത്ത് നിന്നുള്ളവരും ചിത്രത്തെ പുകഴ്ത്തി രംഗത്തുവന്നിട്ടുണ്ട്. തെലുങ്ക് സൂപ്പർതാരം നാനി, സീതാരാമത്തെ ഒരു ക്ലാസിക് എന്നാണ് വിശേഷിപ്പിച്ചത്. ചിത്രം ഒരിക്കലും മിസ് ചെയ്യരുതെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ടീറ്റിന് മറുപടിയുമായി ദുൽഖർ എത്തിയിരുന്നു. ''വളരെ നന്ദി സഹോദരാ. ഒരുപാട് സ്‌നേഹം, നിങ്ങളുടെ ഒന്നിലധികം ഫാന്‍സ് ഹാന്‍ഡിലുകള്‍ കാരണം ഞാന്‍ ഡബിള്‍ ചെക്ക് ചെയ്തു,'' - ദുൽഖർ കുറിച്ചു.
'സീതാരാമം കണ്ടു. സമാനതകളില്ലാത്ത കലാസൃഷ്ടിക്ക് ദുൽഖറിനും മൃണാളിനും ഹനു രാഘവപുടിക്കും അഭിനന്ദനങ്ങൾ. ഈ ക്ലാസിക് തിയറ്റുകളിൽ നിന്നും മിസ് ചെയ്യരുത് -തെലുങ്കിലെ ജനപ്രിയ താരമായ രവിതേജ കുറിച്ചത് ഇങ്ങനെയായിരുന്നു.