Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right'ടോവി​നോയുടെ വസീം...

'ടോവി​നോയുടെ വസീം മെസ്സിയാണെങ്കിൽ സ്വാതിദാസ് പ്രഭുവിന്റെ സത്താർ സുവാരസാണ്', തല്ലുമാലയുടെ വേറിട്ട റിവ്യൂയുമായി ഷഹബാസ് അമൻ

text_fields
bookmark_border
Singer Shahabaz Amans   Funny Review  About  Thallumaala Movie
cancel

മികച്ച പ്രേക്ഷക സ്വീകാര്യത നേടി ടോവിനോ തോമസിന്റെ തല്ലുമാല തിയറ്ററുകളിൽ ജൈത്രയാത്ര തുടരുകയാണ്. പ്രദർശനത്തിനെത്തിയ എല്ലാ കേന്ദ്രങ്ങളിൽ നിന്നും നല്ല അഭിപ്രായമാണ് ലഭിക്കുന്നത്. ടോവിനോ ഇതുവരെ ചെയ്തതിൽ നിന്ന് വ്യത്യസ്തമായ കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. മണവാളൻ വസീമായി ടോവിനോ എത്തിയപ്പോൾ ബീപാത്തുവായത് കല്യാണി പ്രിയദർശനാണ്.

ഇപ്പോഴിതാ തല്ലുമാല ടീമിനെ അഭിനന്ദിച്ച് ഗായകൻ ഷഹബാസ് അമൻ. ഫുട്ബോൾ താരങ്ങളും കളിയുമായി താരതമ്യം ചെയ്തു കൊണ്ടുളള വ്യത്യസ്ത കുറിപ്പാണ് ഗായകൻ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിലെ നായകനായ ടോവിനോ തോമസിനെ മെസ്സിയായിട്ടാണ് ഉപമിച്ചിരിക്കുന്നത്.

'സ്വാതി ദാസ്‌ പ്രഭുവിന്റെ സത്താറിനെ നോക്കൂ! സുവാരസ്‌ ആണയാൾ ! തല്ലുമാല എന്ന പൊളിറ്റിക്കൽ| ഫാഷനബിൾ | 'മെലടി' | എൽ ക്ലാസിക്കോ ത്രില്ലറിന്റെ 90 മിനിട്ടിലും എക്ട്രാ ടൈമിലും ഒടുവിൽ പെനാൽറ്റി ഷൂട്ടൗട്ടിലും മെസ്സിക്കൊപ്പം(വസീം-ടോവിനോ) തിളങ്ങുന്നുണ്ടയാൾ ! തല്ല് മാലക്ക്‌ ഒരു സ്പെഷ്യൽ ബോഡിലാംഗേജ്‌ ഉണ്ട്‌. അത്‌ ഡ്രിബ്ലിംഗും റാപ്പിംഗും കൂടി കലർന്നതാണു! അതാണു സത്താർ! സെർജ്ജിയോ അഗ്യൂറോ ( വികാസ്‌- അദ്രി ജോ) ജൂലിയൻ അൽവാരസ്‌‌ ( രാജേഷ്-‌ ഓസ്ടിൻ ഡാൻ?) എന്നിവരും അതി ഗംഭീരമായി കളിച്ചു! റംഷിയും വസീമും തമ്മിലുള്ള ബന്ധം വരുമ്പോൾ കോപ്പ അമേരിക്ക യൂറോപ്യൻ ക്ലബ്‌ മൽസരമായും അർജ്ജന്റീന ബാർസ്സയായുമൊക്കെ സർ റിയലിറ്റിക്‌ ആയി രൂപാന്തരപ്പെടുന്നത്‌‌ രസകരമാണു! എപ്പിസോഡുകൾക്കുള്ളിലെ എപ്പിസോഡുകളാണത്‌! ലുഖ്മാൻ ശരിക്കും നെയ്മറാണു!

കളിയെക്കുറിച്ച്‌ പറയുകയാണെങ്കിൽ പൊരിഞ്ഞ കളി! പക്ഷേ ആ പെനാൽറ്റി ഷൂട്ടൗട്ടിന്റെ ആവശ്യം വാസ്‌തവത്തിൽ ഈ കളിയിൽ ഉണ്ടായിരുന്നില്ല! മുഴുവൻ സമയ പെരും കളിയിൽ കട്ട ടീമുകൾ അവസാന നിമിഷം 5-5 നു സമനില പാലിച്ചപ്പോൾ (ഫൈനൽ ആയത്‌ കൊണ്ട്)‌ എക്സ്ട്രാ ടൈം ഉറപ്പായി‌! ടെൻഷനായി! എക്സ്ട്രാ ടൈമിന്റെ ആവേശകരമായ രണ്ട്‌ പാതികൾ !എന്നാൽ എക്സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയുടെ അവസാന നിമിഷം മെസ്സി (മണവാളൻ വസീം) തന്റെ ഇടം കാൽ കൊണ്ട്‌ സുന്ദരമായി നെറ്റിലേക്ക്‌ ചെത്തിക്കോരിയിട്ട വിജയ ഗോൾ റഫറി മാത്രം കണ്ടില്ല എന്നോ ! ടി.വി ക്രീനും തന്നില്ല ക്ലാരിറ്റി.കഷ്ടം! ഫലമോ? ഒരു ആവശ്യവുമില്ലാത്ത ടൈ ബ്രേക്കർ! ആരാധകർക്ക്‌ ശാന്തരായിരിക്കാൻ പറ്റുമോ? പെനാൽറ്റിയെങ്കിൽ പെനാൽറ്റി!

പക്ഷെ പിന്നെ പെനാൽട്ടിയോ കപ്പടിയോ കാണിക്കുന്നില്ല! പകരം കാണുന്നത്‌‌ മെസ്സിയും സി ആർ സെവനും ഒന്നിച്ചൊരേ ടീമിൽ വരുന്നതാണു! ഒരു പക്ഷേ അത്‌ അടുത്ത സീസണിൽ സംഭവിച്ചതാവാം! എന്നാലും അത്‌ ശരിയായ എൽ ക്ലാസിക്കോ മാച്ച്‌ ആരാധകരെ ഊ..ജ്വലമായി കബളിപ്പിക്കുമ്പോലത്തെ ഒരു നടപടിയായിപ്പോയി! ടൂർണ്ൺമന്റ്‌ കമ്മറ്റിയെ പറഞ്ഞിട്ടും കാര്യമില്ല.ഇത്‌ എവിടേങ്കിലും കൊണ്ടോയി ഇടിച്ച്‌ നിർത്തണ്ടേ...

മെസ്സിയും റൊണാൾഡോയും ഒരു ടീമിൽ ഉടനെ കളിച്ചുകാണുക എന്നതിനേക്കാൾ അവർ തങ്ങളുടെ വസന്ത കാലത്ത്‌ എപ്പോഴെങ്കിലും ഒന്നിക്കുമോ എന്ന അനിശ്ചിതത്വം നിറഞ്ഞ ആവേശച്ചിന്തയിൽ മാത്രമാണു കളിയാധാകരുടെ യഥാർത്ഥ കിക്ക്‌ ഇരിക്കുന്നത്‌! അല്ലാതെ,അതിന്റെ പൊടുന്നനവേയുള്ള റിയലൈസേഷനിലല്ല! ഇനി അവരൊന്നിച്ചാൽത്തന്നെ അത്‌ നിലവിലുള്ള മുൻനിരലൈനപ്പിനെ ( വസീം -റെംഷി - സത്താർ - രാജേഷ്-‌ വികാസ്‌ ) അപേക്ഷിച്ച്‌ , എങ്ങനെയാണു കൂടുതൽ ബലം കുറഞ്ഞതാകുക എന്നതിന്റെ വ്യക്തമായ തെളിവും ട്രെയിലറും കൂടിയാണു 'തല്ല് - മാല' യുടെ Tale end! (പറയണ്ട എന്ന് വെച്ചതാണു. എന്നാലും ബാർസ്സ - റയൽ - പി എസ്‌ ജി ടീംത്രയങ്ങളുടെ ശ്രദ്ധ പതിയാൻ വേണ്ടി ഇക്കാര്യം ഇവിടെ ഒന്ന് പ്രത്യേകം സൂചിപ്പിക്കുന്നതാണു നല്ലത്‌ എന്ന് തോന്നി. അത്‌ കൊണ്ടാണു. ക്ഷമിക്കുമല്ലൊ.ചില ആവേശങ്ങൾ പെട്ടെന്ന് നടപ്പിലാക്കി നശിപ്പിക്കാനുള്ളതല്ല‌).

മുഹ്സിൻ പരാരി എന്ന 'ലയണൽ മെസ്സി' തല്ല് മാലയിലൂടെ കോപ അമേരിക്ക വിജയകപ്പ്‌ ഉയർത്തിപ്പിടിച്ച്‌ അതിൽ മുത്തുമ്പോൾ പഴയ പരാജയങ്ങളുടെ കയ്പും സ്വകാര്യ ജീവിതത്തിലെ പരിഹാസപ്രഹരങ്ങളുടെ വേദനകളുമെല്ലാം അയാൾ ഏകപക്ഷീയമായി മറി കടക്കുന്നതായി തോന്നി‌! പെർസണൽ ഈസ്‌ പൊളിറ്റിക്കൽ എന്ന യോനറിൽ ആണു കളി മുഴുനീളം മു-രി കൊണ്ട് പോയതെങ്കിലും ‌ ഡി മരിയയും (അഷ്‌റഫ്‌ ഹംസ) എമിലിയാനോ മാർട്ടിനെസ്സും ( വിഷ്ണു വിജയ്‌) റോഡ്രിഗോ ഡി പോളും (മഷർ ഹംസ) കട്ടക്ക്‌ കൂടെ നിന്നില്ലായിരുന്നുവെങ്കിൽ ഉറപ്പായിട്ടും ഈ വിജയം മെസ്സിയെ സംബന്ധിച്ച്‌ സാധ്യമോ എളുപ്പമോ ആകുമായിരുന്നില്ല!!പ്രത്യേകിച്ചും മ്യൂസിക്കലി നോക്കിയാൽ മാർട്ടിനസ്സിന്റെ (വിഷ്ണു) ചില അപാര സേവുകളുണ്ട്‌ തല്ലുമാലയിൽ! കളിക്കളത്തിനു പുറത്തേക്കും ആയുസ്സുള്ളത്‌! അത്‌ നന്ദിയോടെ ഓർക്കുക എന്നത്‌ , പക്ഷേ, മെസ്സിയുടെ മാത്രം ബാധ്യതയാണു! സാധാരണ കളിയാരാധകരെ സംബന്ധിച്ച്‌‌ മെസ്സിയായിരിക്കും എക്കാലത്തും താരം!

പെപ്‌ ഗാർഡിയോള ( ഖാലിദ്‌ റഹ്മാൻ ) നെയ്മർ ഡബിൾ ( ജിംഷി ഖാലിദ്‌) എന്നിവർ കൂടെയുള്ളപ്പോൾ ഏറ്റവും പൊലിവുള്ള ഒരു മെസ്സിയെ കളിയാരാധകർ കണ്ടു എന്നതാണു തല്ല് മാലയുടെ ചരിത്രപരമായ അവശേഷിപ്പ്‌! അത്‌ പോരെ മച്ചാനേ?പറഞ്ഞാൽ ഒരിക്കലും പിടുത്തം കിട്ടാത്ത ഈ സിനിമ എടുക്കാൻ ധൈര്യം കാണിച്ചതിനു പ്രൊഡ്യൂസർ ആഷിഖ്‌ ഉസ്മാന്‌ ഹൃദയാനുമോദനങ്ങൾ! ഗോൾ 'അടിക്കാരനായ' വസീമിന്റെ ഹെയർ കട്ടുകൾ പഴേതും പുത്യതുമായ മെസ്സിയുടേതിനു ഏകദേശം സമാനമായത്‌ യാദൃശ്‌ചികമാണെങ്കിൽ ,അല്ല!

ബീപാത്തു 'മെസ്സിക്കുള്ള' ഇന്റർന്നാഷണൽ കളിക്കള‌മാണു ! വേൾഡ്‌ കപ്പ്‌ മാച്ച്‌ എന്ന് തന്നെ കൂട്ടിക്കോ! വലിപ്പം കുറച്ച്‌ കാണുന്നില്ല! മെസ്സി പതറുന്ന ഏക കളിക്കളവും അതാണല്ലൊ ! ഇന്റർന്നാഷണൽ മൽസരങ്ങൾ ഇല്ലെങ്കിൽ മെസ്സി ഇല്ല എന്ന കാര്യം ശരി വെക്കുന്നതോടൊപ്പം മെസ്സി ഇല്ലാത്ത കളി ഇന്റർന്നാഷണലാണോ എന്നും മെസ്സി ഇല്ലാതെ എന്ത്‌ നീ എന്നും കൂടി അയാൾ തന്റെ സ്റ്റേറ്റ്‌മെന്റിനു ത്രിമാനം കൽപ്പിക്കുന്നുണ്ട്‌! 'തൂ പാത്തു' ആണു മൊഹ്സ്ന്റെ ശരിയായ പെണ്ണാൺ പൊളിറ്റിക്സ് എന്ന് ഇതിൽ നിന്നും വ്യക്തമാണു ‌! വേൾഡ്‌ കപ്പ്‌ അടിക്കാതെ മെസ്സി 'കളിക്കളം' വിടില്ല എന്ന് വരാനിരിക്കുന്ന വേൾഡ്‌ കപ്പ്‌ ഫൈനൽ മാച്ചിനോട്‌‌ സലാം പറഞ്ഞു കൊണ്ടാണല്ലൊ അയാൾ തൽക്കാലത്തേക്ക്‌ പിരിഞ്ഞിരിക്കുന്നത്‌ ‌! (പാത്തു വരുന്നത്‌ ഖത്തറിൽ നിന്നും ആയിരുന്നെങ്കിൽ പൊളിച്ചേനെ)

ഇനി വേൾഡ്‌ കപ്പ്‌ അടിച്ചില്ലെങ്കിലും മെസ്സിയെ സംബന്ധിച്ച്‌ സങ്കടപ്പെടാനൊന്നും ഇല്ല ട്ടൊ ! എല്ലാ സങ്കടങ്ങളും ഈ 'കോപ്പക്കപ്പിൽ' ഇറക്കി വെച്ചിട്ടുണ്ട്‌!

ഞിജ്ണ്ടാക്കിക്കോ , ഒച്ചണ്ടാക്കിക്കോ ആണു തല്ല് മാലയിലെ ഏറ്റവും ആവേശകരമായ മാച്ച്‌ ! കാർലോസ്‌ സോറയുടെ എസ്പാന ഫ്ലെമിംഗോ മൽസര ഫ്ലോറുകളെ ഒരു നിമിഷം ഓർപ്പിക്കാൻ ആ പാട്ട്‌ രംഗത്തിനു കഴിഞ്ഞു എന്നത്‌ ചില്ലറക്കാര്യമല്ല! ബ്രാവോ ലയണൽ മെസ്സി (Mu-ri) & എമിലിയാനോ മാർട്ടിനെസ്‌ ( Vishnu Vijay) ഇങ്ങൾ ണ്ടാക്കിക്കോളി, പാട്ട്ണ്ടാക്കിക്കോളി !

ചുരുക്കിപ്പറഞ്ഞാൽ മലപ്പുറം കണ്ണൂർ കോഴിക്കോട്‌‌ കാസർക്കോട്‌ ബാഗത്തെ സിൽമാ സെവൻസ്‌ കളിക്കാറുടെ കൊച്ചിൻ യൂറോക്ലബ്ബുകളിലേക്കുള്ള പ്രൊഫഷണൽ‌ ട്രാൻസ്ഫറാണു കഴിഞ്ഞ പത്ത്‌ വർഷത്തിനുള്ളിൽ കേരളത്തിലെ സംഗീത/സിനിമാ രംഗത്തുണ്ടായ ഏറ്റവും മുന്തിയ നീക്കിവെപ്പ്‌! ഉദാഹരണത്തിനു മുഴുവൻ കളി സമയത്തും കരക്കിരുന്ന മണവാളൻ തഗ്‌ എന്ന ഡെബ്സീ ട്രാക്ക് ആണു സിനിമ കഴിയുമ്പോൾ അടുത്ത കളിയിലേക്കുള്ള പ്രതീക്ഷ ബാക്കിയാക്കി ഡ്രസ്സിംഗ്‌ റൂമിലേക്ക്‌ മടങ്ങുന്നത്‌‌! എസി മിലാൻ, ബർസ്സലോണ , റയൽ മാഡ്രിഡ്‌ , ബയേൺ മ്യൂണിക്‌, പി എസ്‌ ജി , മാഞ്ചസ്റ്റർ തുടങ്ങിയ പല ക്ലബ്‌ ടീമുകളുടെയും ആഭ്യന്തര കളിക്കളങ്ങളിൽ പോയാൽ കാണാം വരാനിരിക്കുന്ന മികച്ച കളികളുടെയും കളിക്കാരുടെയും അലാമത്തുകൾ !നന്ദിഅപ്പൊ ശരി. തല്ല്മാല കണ്ട്ട്ട്‌ റിവ്യു ട്ടീലാന്ന് ഞി ആരും പറീലല്ലൊ. എല്ലാവരോടും സ്നേഹം'- ഷഹബാസ് അമൻ ഫേസ്ബുക്കിൽ കുറിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shahabaz aman
News Summary - Singer Shahabaz Aman's Funny Review About Thallumaala Movie
Next Story