ജാഫർ ഇടുക്കിയുടെ വ്യത്യസ്ത വേഷം, ദുരൂഹതകളും വൈകാരിക മുഹൂർത്തങ്ങളും; 'സിദ്ധു' തിയറ്ററിലേക്ക്
text_fieldsഅജിത് പൂജപ്പുര രചനയും സംവിധാനവും നിർവഹിച്ച് പുതുമുഖ ബാലതാരം ആദി കേശവ പ്രധാന കഥാപാത്രമായെത്തുന്ന മലയാള ചിത്രം ‘സിദ്ധു’ ഒക്ടോബർ 30ന് തിയറ്ററുകളിലെത്തും. കുടുംബ പശ്ചാത്തലവും ദുരൂഹതകളും ത്രില്ലർ സ്വഭാവവും സമന്വയിപ്പിക്കുന്ന ചിത്രത്തിൽ അരിസ്റ്റോ സുരേഷ്, ജാഫർ ഇടുക്കി, ജോയ് മാത്യു, ബാലാജി ശർമ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.
സമകാലിക സമൂഹത്തിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങൾ കോർത്തിണക്കി, ഒരു സ്കൂൾ വിദ്യാർത്ഥിയായ സിദ്ധുവിന്റെ ജീവിതത്തിലൂടെയാണ് ഈ ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. കുട്ടികളുടെ ജീവിതവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളും വൈകാരിക മുഹൂർത്തങ്ങളും സസ്പെൻസും ചിത്രത്തിന്റെ പ്രമേയത്തിൽ ഇടംപിടിക്കുന്നുണ്ട്. പ്രേക്ഷകരെ അമ്പരപ്പിക്കുന്ന തരത്തിൽ ഏറെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് ജാഫർ ഇടുക്കി ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കൂടാതെ, ജസ്റ്റിസ് പഞ്ചാപകേശൻ ജഡ്ജിയുടെ വേഷത്തിൽ തന്നെ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
ഷിയാരാ ഫാത്തിമ, സിറിയക് ആലഞ്ചേരി, സാബു തിരുവല്ല, ദിലീപ് ഖാൻ, ഷൈൻ അനിരുദ്ധൻ, നഗരൂർ ഷാ, തമ്പാനൂർ ഷെരീഫ്, ഡോ. രജിത് കുമാർ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. അബിൻ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഡോ. അബിനും റീന പട്ടവും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സിറിയക് ആലഞ്ചേരി എക്സിക്യൂട്ടിവ് പ്രൊഡ്യൂസറാണ്. സനന്ദ് സതീശനാണ് ഛായാഗ്രഹണം. അനൂപ് രാജ് എഡിറ്റിങ്ങും സാനന്ദ് ജോർജും ഡി. ശിവപ്രസാദും സംഗീതവും നിർവഹിക്കുന്നു. വിജു ശങ്കറിന്റേതാണ് ഗാനരചന. എമിൽ മുഹമ്മദാണ് പശ്ചാത്തലസംഗീതം ഒരുക്കുന്നത്.

