'ആമിയുടെ നിരഞ്ജൻ മോഹൻലാൽ ആയിരുന്നില്ല'; ആദ്യം പരിഗണിച്ചത് ആ തമിഴ് നടന്മാരെയെന്ന് സിബി മലയിൽ
text_fieldsമോഹൻലാലിന്‍റെ അതിഥി വേഷം സമ്മർ ഇൻ ബെത്‌ലഹേം എന്ന ചിത്രത്തിന്റെ ഹൈലൈറ്റുകളിൽ ഒന്നാണ്.1998ൽ പുറത്തിറങ്ങുന്നതിന് മുമ്പ് വരെ സിനിമയിലെ മോഹൻലാലിന്‍റെ സാന്നിധ്യം നിർമാതാക്കൾ വെളിപ്പെടുത്തിയിരുന്നില്ല. ഇപ്പോഴിതാ, നിരഞ്ജൻ എന്ന കഥാപാത്രത്തിനായി ആദ്യം പരിഗണിച്ചത് മോഹൻലാലിനെ ആയിരുന്നില്ല എന്ന് പറയുകയാണ് ചിത്രത്തിന്‍റെ സംവിധായകൻ സിബി മലയിൽ. ചിത്രത്തിന്‍റെ റീ റിലീസിനോട് അനുബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കവേ ആയിരുന്നു വെളിപ്പെടുത്തിയത്.
സുരേഷ് ഗോപിയെയും ജയറാമിനെയും അപേക്ഷിച്ച് അക്കാലത്ത് കൂടുതൽ താരമൂല്യവും പ്രശസ്തിയും ഉള്ള ഒരു നടനെ അതിഥി വേഷത്തിനായി വേണമെന്ന് ആഗ്രഹമുണ്ടായിരുന്നെന്ന് സിബി മലയിൽ വെളിപ്പെടുത്തി. 'മഞ്ജു വാര്യരുടെ കഥാപാത്രം ജയറാമിനെയും സുരേഷ് ഗോപിയെയുംകാൾ ഉയർന്ന ഒരാളെ സ്നേഹിക്കുന്നു, അതിനാൽ ആ നടന് ഉയർന്ന പദവി ഉണ്ടായിരിക്കണം. രജനീകാന്ത്, കമൽഹാസൻ എന്നിവരെയുൾപ്പെടെ ഞങ്ങൾ പരിഗണിച്ചു. എന്നാൽ എല്ലാവരും പറയുന്നതുപോലെ, 'സ്വർണം വീട്ടിൽ വെച്ചിട്ട് എന്തിനാണ്', മോഹൻലാൽ ഉള്ളപ്പോൾ മറ്റൊരു നടനെ എന്തിനാണ് പരിഗണിക്കേണ്ടതെന്ന് പിന്നീട് ഞങ്ങൾ ചിന്തിച്ചു' -അദ്ദേഹം പറഞ്ഞു.
ബംഗളൂരുവിൽ ചികിത്സക്കിനിടെയാണ് താനും രഞ്ജിത്തും മോഹൻലാലിനനോട് ഈ കഥാപാത്രത്തെക്കുറിച്ച് സംസാരിച്ചതെന്നും സംവിധായകൻ പറഞ്ഞു. അന്ന് മോഹൻലാൽ താടി വളർത്തിയിരുന്നുവെന്നും ചികിത്സക്ക് ശേഷം നിന്ന് നേരിട്ട് ഷൂട്ടിങ് സ്ഥലത്തേക്ക് എത്താൻ തങ്ങൾ അദ്ദേഹത്തോട് ആവശ്യപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. നടന്റെ മാനസികാവസ്ഥ കഥാപാത്രത്തെ മെച്ചപ്പെടുത്താൻ സഹായിച്ചെന്നും സിബി മലയിൽ കൂട്ടിച്ചേർത്തു.
ഡിസംബർ 12നാണ് 4K ദൃശ്യമികവോടെ ചിത്രം വീണ്ടും തിയറ്ററുകളിലെത്തുന്നത്. റീ റിലീസിനോട് അനുബന്ധിച്ച് ചിത്രത്തിന്‍റെ ട്രെയിലർ പുറത്തു വിട്ടിട്ടുണ്ട്. മഞ്ജു വാരിയർ, സുരേഷ് ഗോപി, ജയറാം, കലാഭവൻ മണി എന്നിങ്ങനെ പ്രേക്ഷകരുടെ പ്രിയതാരങ്ങൾ ഒന്നിച്ച ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. സിയാദ് കോക്കറാണ് ചിത്രത്തിന്‍റെ നിർമാണം. കോക്കേഴ്സ് ഫിലിംസിനോടൊപ്പം അഞ്ജന ടാക്കീസ്, എവരിഡേ ഫിലിംസ് എന്നിവരുമായി സഹകരിച്ച് കൊണ്ടാണ് വീണ്ടും തിയറ്ററുകളിൽ എത്തിക്കുന്നത്.
ദേവദൂതൻ, ഛോട്ടാ മുംബൈ എന്നീ ചിത്രങ്ങൾക്ക് ശേഷം ഹൈ സ്റ്റുഡിയോസിന്‍റെ നേതൃത്വത്തിലാണ് ചിത്രം 4K നിലവാരത്തിൽ റീമാസ്റ്റർ ചെയ്യുന്നത്. സഞ്ജീവ് ശങ്കർ ഛായാഗ്രാഹകനായ ചിത്രത്തിന്‍റെ എഡിറ്റർ എൽ. ഭൂമിനാഥൻ ആണ്. വിദ്യാസാഗറിന്റെ സംഗീതവും ഗിരീഷ് പുത്തഞ്ചേരിയുടെ വരികളും ഇന്നും മലയാളികളുടെ ഹൃദയത്തിൽ മുഴങ്ങുന്നു. കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര, സുജാത, എം.ജി ശ്രീകുമാർ, ശ്രീനിവാസ്, ബിജു നാരായണൻ എന്നിവരാണ് ചിത്രത്തിലെ ഗായകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

