'ഞാൻ ആലിയയുടെ വലിയ ആരാധിക, ഒരുമിച്ച് പ്രവർത്തിക്കാൻ ഏറെ ആഗ്രഹിക്കുന്നു' -തുറന്നുപറഞ്ഞ് ശ്രദ്ധ കപൂർ
text_fieldsആലിയ ഭട്ട്, ശ്രദ്ധ കപൂർ
ഇന്ത്യൻ സിനിമയിൽ ഏറെ ആരാധകരുള്ള ബോളിവുഡ് താരസുന്ദരിയാണ് ശ്രദ്ധ കപൂർ. താരത്തിന്‍റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വളരെ ആരാധകശ്രദ്ധ നേടാറുണ്ട്. തന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ലൈവിലൂടെ പലപ്പോഴും ശ്രദ്ധ ആരാധകരുമായി സംവദിക്കാറുമുണ്ട്. അത്തരത്തിൽ അടുത്തിടെ ആരാധകരുമായുള്ള തത്സമയ സംഭാഷണത്തിനിടെ താൻ ഇനി ഒപ്പം അഭിനയിക്കാൻ ആഗ്രഹിക്കുന്ന താരങ്ങളെക്കുറിച്ചും നിലവിലെ ആരോഗ്യ സ്ഥിതിയെ കുറിച്ചും ശ്രദ്ധ സംസാരിച്ചിരുന്നു.
ആലിയ ഭട്ടുമായി സ്‌ക്രീൻ സ്‌പേസ് പങ്കിടാനുള്ള സാധ്യതയുണ്ടോ എന്ന ആരാധകന്‍റെ ചോദ്യത്തിന്, 'ഞാൻ ആലിയയുടെ വലിയൊരു ആരാധികയാണ്' എന്നായിരുന്നു മറുപടി. 'അവർ വളരെ മികച്ച സിനിമകൾ ചെയ്ത നടിയാണ്, ഒരുമിച്ച് പ്രവർത്തിക്കാൻ ഞാൻ ഏറെ ആഗ്രഹിക്കുന്നു'-ശ്രദ്ധ കൂട്ടിച്ചേർത്തു. 2023-ൽ രൺബീർ കപൂറിനൊപ്പം 'തു ജൂത്തി മേം മക്കാർ' എന്ന ഹിറ്റ് റൊമാന്റിക് കോമഡിയിൽ ശ്രദ്ധ അഭിനയിച്ചിരുന്നു. ഇതിനു ശേഷം എന്നാണിനി ആലിയക്കൊപ്പം അഭിനയിക്കുന്നത് എന്നതായിരുന്നു ശ്രദ്ധയോടുള്ള ആരാധകരുടെ ചോദ്യം.
സംഭാഷണത്തിനിടെ മറ്റൊരു ആരാധകൻ 2013-ൽ പുറത്തിറങ്ങിയ 'ആഷിഖി 2' വീണ്ടും റിലീസ് ചെയ്യണമെന്ന ആവശ്യം പ്രകടിപ്പിച്ചു. ആ സിനിമ ശ്രദ്ധയുടെയും ആദിത്യ റോയ് കപൂറിന്റെയും കരിയറിലെതന്നെ വലിയ ഹിറ്റായിരുന്നു. സിനിമ റി-റിലീസ് ചെയ്യാൻ താനും ആഗ്രഹിക്കുന്നുണ്ടെന്നും അങ്ങനെ വീണ്ടും ചിത്രമിറങ്ങിയാൽ അതു വളരെ നന്നായിരിക്കുമെന്നും അവർ പറഞ്ഞു.
നവംബർ 28ന് ഇന്ത്യയിൽ റിലീസ് ചെയ്യുന്ന ഹോളിവുഡ് ചിത്രമായ 'സൂട്ടോപ്പിയ 2' ന്റെ ഹിന്ദി ഡബ് പതിപ്പിലെ ജൂഡി ഹോപ്സ് എന്ന കഥാപാത്രത്തിന് ശബ്ദം നൽകി ശ്രദ്ധ ആനിമേഷൻ ലോകത്തേക്കും ചുവടുവെക്കുകയാണ്. ശ്രദ്ധയുടേതായി പുറത്തിറങ്ങാൻ പോകുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഈത്ത'. സിനിമ ചിത്രീകരണത്തിനിടെ ശ്രദ്ധ കപൂറിന് പരിക്കേറ്റു എന്ന വാർത്ത ഏറെ ചർച്ചയായിരുന്നു. ലക്ഷ്മൺ ഉടേക്കർ സംവിധാനം ചെയ്യുന്ന ഈത്ത എന്ന ബയോപിക്കിൽ ലാവണി കലാകാരി വിതാഭായി ഭൗമാംഗ് നാരായണൻ ഗാവോങ്കറായാണ് ശ്രദ്ധ എത്തുന്നത്. മഹാരാഷ്ട്രയുടെ പരമ്പരാഗത കലാരൂപമായ ഗാന നൃത്തരൂപമാണ് ലാവണി. ലാവണിയിൽ പ്രശസ്തയായ കലാകാരി വിതാഭായിയുടെ ജീവിതമാണ് സിനിമ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

