‘ഞങ്ങളന്ന് മരണത്തെ മുന്നിൽ കണ്ടു’; രശ്മിക മന്ദാനക്കൊപ്പമുള്ള വിമാനയാത്രയെകുറിച്ച് ശ്രദ്ധ ദാസ്
text_fieldsരശ്മിക മന്ദാന, ശ്രുതി ദാസ്
പ്രശസ്ത ഹിന്ദി നടി ശ്രദ്ധ ദാസിന്‍റെ ഒരു അഭിമുഖത്തിലെ ചില ഭാഗങ്ങളാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. അടുത്തിടെ മുംബൈ-ഹൈദരാബാദ് യാത്രക്കിടെ താൻ സഞ്ചരിച്ച വിമാനത്തിന് അടിയന്തര ലാൻഡിങ് നടത്തേണ്ടിവന്നപ്പോളുണ്ടായ മരണം മുന്നിൽകണ്ട അനുഭവത്തെക്കുറിച്ച് ശ്രദ്ധ പറഞ്ഞു. നടി രശ്മിക മന്ദാനയും അതേ വിമാനത്തിൽ തന്റെ അടുത്ത് ഇരുന്നിരുന്നുവെന്ന് അവർ വെളിപ്പെടുത്തി.
സോഷ്യൽ മീഡിയ ചാനലായ ഫിലിമിഗ്യാന് നൽകിയ അഭിമുഖത്തിൽ രശ്മികയെക്കുറിച്ച് സംസാരിക്കുകയായിരുന്നു ശ്രദ്ധ. ‘രശ്മികക്കും എനിക്കും ഒരുമിച്ചൊരു വിമാനയാത്ര അനുഭവം ഉണ്ടായിട്ടുണ്ട്. അന്ന് ഞങ്ങളുടെ വിമാനം തകരാൻ പോകുന്നു എന്ന അവസ്ഥയിലായിരുന്നു. ഞങ്ങളന്ന് മരണത്തെ മുന്നിൽ കണ്ടു. അന്നാണ് ഞാനും രശ്മികയും ആദ്യമായി കാണുന്നത്. അവർ വളരെ നല്ല ഒരു വ്യക്തിയാണ്’ -ശ്രദ്ധ പറഞ്ഞു.
2024ലായിരുന്നു സംഭവം. അവർ സഞ്ചരിച്ചിരുന്ന വിമാനം സാങ്കേതിക തകരാറും ടർബുലൻസും കാരണം അടിയന്തരമായി ലാൻഡിങ് നടത്തേണ്ടിവന്നിരുന്നു. മുംബൈയിൽനിന്ന് ഹൈദരാബാദിലേക്കുള്ള യാത്രയിലായിരുന്ന എയർ വിസ്താര വിമാനം അപ്രതീക്ഷിതമായ ഒരു സാങ്കേതിക പ്രശ്നം കാരണം 30 മിനിറ്റിനുശേഷം മുംബൈയിലേക്ക് മടങ്ങേണ്ടിവന്നു എന്ന് ഡെക്കാൻ ക്രോണിക്കിളിൽ നൽകിയ ഒരു റിപ്പോർട്ട് പറയുന്നുണ്ട്. ആ ദിവസം വിമാനത്തിനുള്ളിൽ നിന്ന് ശ്രദ്ധയുമൊത്തുള്ള ഒരു സെൽഫി രശ്മിക പങ്കുവെച്ചിരുന്നു, ‘നമുക്ക് നന്നായി അറിയാം, ഇങ്ങനെയാണ് നമ്മൾ മരണത്തെ മറികടന്നതെന്ന്’ ചിത്രത്തിൽ രശ്മിക കുറിച്ചു.
കൊങ്കണ സെൻ ശർമ, ശിവ് പണ്ഡിറ്റ്, സൂര്യ ശർമ എന്നിവർ പ്രധാനവേഷത്തിലെത്തുന്ന ‘സെർച്: ദി നൈന മർഡർ കേസ്’ എന്ന ചിത്രത്തിലാണ് ശ്രദ്ധ അടുത്തിടെ അഭിനയിച്ചത്. ആയുഷ്മാൻ ഖുറാനക്കൊപ്പം ഹിന്ദി ചിത്രമായ തമ്മയിലും തെലുങ്ക് ചിത്രമായ ദി ഗേൾഫ്രണ്ടുമാണ് രശ്മികയുടെ അവസാന ചിത്രങ്ങൾ. നടൻ വിജയ് ദേവരകൊണ്ടയുമായി രശ്മിക മന്ദാനയുടെ വിവാഹനിശ്ചയം കഴിഞ്ഞു എന്ന വാർത്തയാണ് അടുത്തിടെ ഏറെ ചർച്ചയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

