അസീസ് നെടുമങ്ങാട് നായകനാകുന്ന 'മോഹനവള്ളി'യുടെ ഷൂട്ടിങ് ആരംഭിച്ചു
text_fieldsഅസീസ് നെടുമങ്ങാടിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ഉമേഷ് എസ്. നായർ സംവിധാനം ചെയ്യുന്ന 'മോഹനവള്ളി'യുടെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. ബിന്ദു പണിക്കർ, ബൈജു സന്തോഷ്, അബിൻ ബിനോ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. ജെ സ്റ്റുഡിയോസും എ ടു എ മൂവി പ്രമോഷൻസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
കൊച്ചി ഇടപ്പള്ളി അഞ്ചുമന ക്ഷേത്രത്തിൽ നടന്ന പൂജാ ചടങ്ങോടെയായിരുന്നു തുടക്കം. സംവിധായകൻ ലിയോ തദേവൂസ് ടൈറ്റിൽ പ്രകാശനം നിർവ്വഹിച്ചു. സഞ്ജീവ് ശിവൻ സ്വിച്ചോൺ കർമ്മവും, ശ്രീകാന്ത് മുരളി ഫസ്റ്റ് ക്ലാപ്പും നിർവ്വഹിച്ചു. അസീസ് നെടുമങ്ങാടിന്റെ ആദ്യ ഷോട്ടോടെയാണ് ചിത്രീകരണം ആരംഭിച്ചത്.
നാട്ടിൻപുറത്തുകാരനായ പ്രേമദാസനും അമ്മ ശാരദാമ്മയും ഒരു നേർച്ചയ്ക്കായി പളനിയിലേക്ക് തീർത്ഥയാത്ര തിരിക്കുന്നു. യാത്രയ്ക്കിടയിൽ അവർ 'മോഹിച്ചു പിടിച്ച' ഒരു വള്ളിയുമായി കേരളത്തിലേക്ക് മടങ്ങുന്നു. മോഹനവള്ളി എന്ന് പേരിട്ട ആ വള്ളിയുമായി അവരുടെ ജീവിതത്തിലുണ്ടാകുന്ന രസകരവും അമ്പരപ്പിക്കുന്നതുമായ സംഭവങ്ങളാണ് കോമഡി ഹൊറർ പശ്ചാത്തലത്തിൽ ചിത്രം അവതരിപ്പിക്കുന്നത്.
രക്ഷണ ഇന്ദുചൂഡൻ, സെന്തിൽ കൃഷ്ണ, ഭഗത് മാനുവൽ, മൊട്ട രാജേന്ദ്രൻ, ശ്രീജ രവി, വിജയ് മുത്തു, തുഷാരപിള്ള, ശശാങ്കൻ മയ്യനാട് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. പാലക്കാട്, കൊല്ലങ്കോട്, പൊള്ളാച്ചി, പഴനി എന്നിവിടങ്ങളിലായി ഒറ്റ ഷെഡ്യൂളിൽ ചിത്രീകരണം പൂർത്തിയാക്കും.
രാഹുൽ കല്യാൺ തിരക്കഥയൊരുക്കുന്ന ചിത്രത്തിന് സംഗീതം നൽകുന്നത് അർക്കാഡോ ആണ്. ഛായാഗ്രഹണം: സുധീർ സുരേന്ദ്രൻ, എഡിറ്റിങ്: സുനേഷ് സെബാസ്റ്റ്യൻ, കലാസംവിധാനം: മകേഷ് മോഹനൻ, മേക്കപ്പ്: സിജേഷ് കൊണ്ടോട്ടി, കോസ്റ്റ്യൂം: അരവിന്ദ് കെ.ആർ, സൗണ്ട് ഡിസൈൻ: ആശിഷ് ജോസ് ഇല്ലിക്കൽ, സൗണ്ട് മിക്സിംഗ്: എം.ആർ. രാജാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: ശശി പൊതുവാൾ, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്സ്: കമലാക്ഷൻ പയ്യന്നൂർ, അനിൽ അൻസാദ്. പി.ആർ.ഒ: മഞ്ജു ഗോപിനാഥ്. സ്റ്റിൽസ്: വിഷ്ണു ആർ. ഗോവിന്ദ്. ഡിസൈൻസ്: യെല്ലോടൂത്ത്. മാർക്കറ്റിംഗ്: ഒപ്ര.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

