ഏറ്റവും കൂടുതൽ ആളുകൾ കണ്ട ഇന്ത്യൻ സിനിമ; സെൻസർ ചെയ്യാത്ത ക്ലൈമാക്സുമായി 'ഷോലെ' റീ റിലീസിന്
text_fieldsഇന്ത്യൻ സിനിമയിലെ ഐതിഹാസിക ചിത്രം ഷോലെ റീ റിലീസിനൊരുങ്ങുന്നു. 'ഷോലെ - ദി ഫൈനൽ കട്ട്' എന്ന പേരിൽ 4K പതിപ്പാണ് തിയറ്ററിൽ എത്തുന്നത്. ഡിസംബർ 12ന് ചിത്രം രാജ്യവ്യാപകമായി റിലീസ് ചെയ്യും. ചിത്രത്തിന്റെ 50-ാം വാർഷികത്തോടനുബന്ധിച്ചാണ് റീ റിലീസ്. ഇന്ത്യയിലുടനീളമുള്ള 1500 തിയറ്ററുകളിൽ ഷോലെ പ്രദർശിപ്പിക്കും. അടിയന്തരാവസ്ഥക്കാലത്ത് ഏർപ്പെടുത്തിയ സെൻസർഷിപ്പ് കാരണം സിനിമയുടെ റിലീസിന് മുമ്പ് തന്നെ ക്ലൈമാക്സ് മാറ്റിയിരുന്നു. എന്നാൽ റീ റിലീസിൽ ചിത്രത്തിന്റെ അൺകട്ട് പതിപ്പാണ് പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.
രമേശ് സിപ്പി സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം 'ഷോലെ' പുറത്തിറങ്ങി വർഷം അമ്പത് കഴിഞ്ഞിട്ടും ഇന്നും പ്രേക്ഷകർക്കിടയിൽ ചർച്ചാ വിഷയമാണ്.1975 ആഗസ്റ്റ് അഞ്ചിനാണ് ചിത്രം പുറത്തിറങ്ങിയത്. ബോളിവുഡില്‍ പ്രദര്‍ശന വിജയം കൊണ്ട് ചരിത്രം സൃഷ്ടിച്ച ചലചിത്രമാണിത്. അമിതാഭ് ബച്ചന്‍, ധര്‍മേന്ദ്ര, സഞ്ജീവ് കുമാര്‍, അംജദ് ഖാന്‍, ഹേമ മാലിനി, ജയ ബച്ചന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. സലിം ഖാനും ജാവേദ് അക്തറും അടങ്ങുന്ന ജോഡിയായ സലിം ജാവേദ് ആണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയത്. ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട സിനിമയാണിത്. 25 കോടി ടിക്കറ്റുകളാണ് വിറ്റത്. റിലീസ് ചെയ്തപ്പോള്‍ തന്നെ ചിത്രം നിരവധി ബോക്‌സ് ഓഫിസ് റെക്കോഡുകള്‍ തകര്‍ത്തിരുന്നു.
ബോക്‌സ് ഓഫിസില്‍ നിന്ന് 15 കോടിയിലധികം ഷോലെ നേടിയിരുന്നു. ഇന്നത്തെ ബ്ലോക്ക്ബസ്റ്ററുകൾക്ക് പോലും ചിത്രത്തെ മറികടക്കാനായിട്ടില്ല എന്നത് അത്ഭുതമാണ്. ആഗോളതലത്തിലും ചിത്രം ഹിറ്റായിരുന്നു. പ്രത്യേകിച്ച് സോവിയറ്റ് യൂനിയനില്‍ ആറ് കോടി ടിക്കറ്റുകളാണ് വിറ്റുപോയത്. യൂറോപ്പ്, വടക്കേ അമേരിക്ക, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ വര്‍ഷങ്ങളായി ഷോലെ ഒരു കോടിയിലധികം ടിക്കറ്റുകള്‍ വിറ്റഴിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ചിത്രം റിലീസ് ചെയ്ത ആദ്യ ദിവസങ്ങളിൽ മോശം അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. പരാജയമായിരിക്കുമെന്ന് പലരും കരുതിയിരുന്നു. എന്നാൽ പിന്നീട് ചിത്രം വൻ വിജയമായി മാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

