നടി ഷെഫാലി ജാരിവാല ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു
text_fieldsമുംബൈ: സംഗീത വിഡിയോ കാന്ത ലാഗയിലൂടെ പ്രശസ്തയായ നടി ഷെഫാലി ജാരിവാല(42) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. വെള്ളിയാഴ്ച രാത്രിയാണ് അവർക്ക് ഹൃദയാഘാതമുണ്ടായത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മരണസമയത്ത് ഭർത്താവ് പരാഗ് ത്യാഗിയും ആശുപത്രിയിലുണ്ടായിരുന്നു. മൃതദേഹം പുലർച്ചെ പന്ത്രണ്ടരയോടെ പോസ്റ്റ്മാർട്ടത്തിനായി കൂപ്പർ ഹോസ്പിറ്റലിലേക്ക് മാറ്റി. മറ്റൊരു ആശുപത്രിയിൽ നിന്നാണ് മൃതദേഹം ഇവിടേക്ക് കൊണ്ട് വന്നത്. യഥാർഥ മരണകാരണം അറിയാൻ മൃതദേഹം പോസ്റ്റ്മാർട്ടം നടത്തണമെന്ന് അസിസ്റ്റന്റ് മെഡിക്കൽ ഓഫീസർ പറഞ്ഞു.
അതേസമയം, വെള്ളിയാഴ്ച രാത്രി മുംബൈ പൊലീസ് ഷെഫാലിയുടെ വസതിയിലേക്ക് എത്തി പരിശോധന നടത്തി. മരണം സംബന്ധിച്ച് ഔദ്യോഗിക പ്രസ്താവനയൊന്നും ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല.
2002ൽ പുറത്തിറങ്ങിയ കാന്ത ലാഗയിലുടെയാണ് ഷെഫാലി പ്രശസ്തയാവുന്നത്. തുടർന്ന് സൽമാൻ ഖാൻ ചിത്രമായ മുജ്സേ ഷാദി കരോഗി എന്ന ചിത്രത്തിൽ വേഷമിട്ടു. 2019ൽ വെബ്സീരിസായ ബേബി കം നായിൽ അഭിനയിച്ചു. നാച്ച് ബാലിയ, ബൂഗി വൂഗി തുടങ്ങിയ ഡാൻസ് റിയാലിറ്റി ഷോകളുടെയും ഭാഗമായി. ബിഗ് ബോസിലും മുഖംകാണിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

