തുനിഷയെ അമ്മയും അമ്മാവനും ചേർന്ന് ഉപദ്രവിച്ചു, ഫോൺ തകർത്തു; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി അഭിഭാഷകൻ
text_fieldsടെലിവിഷൻ താരം തുനിഷ ശർമക്ക് അമ്മ വനിത ശർമയുടെ ഭീഷണിയുണ്ടായിരുന്നതായി നടൻ ഷീസാൻ ഖാന്റെ അഭിഭാഷകൻ ശൈലേന്ദ്ര മിശ്ര. അമ്മാവൻ എന്ന് പറയപ്പെടുന്ന സഞ്ജീവ് കൗശലിനെ നടിക്ക് ഭയമായിരുന്നെന്നും ഇവർ തുനിഷയെ ചണ്ഡീഗഡിലേക്ക് കൊണ്ടു പോകാൻ ശ്രമിച്ചതായും അഭിഭാഷകൻ പറഞ്ഞു.
'അമ്മ വനിത ശർമയും അമ്മാവൻ എന്ന് പറയപ്പെടുന്ന സഞ്ജീവ് കൗശലും ചേർന്നാണ് തുനിഷയുടെ കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത്. ഇരുവരും ചേർന്ന് നടിയെ ചണ്ഡീഗഡിലേക്ക് കൊണ്ടു പോകാൻ ശ്രമിച്ചിരുന്നു. തർക്കത്തെ തുടർന്ന് അമ്മ തുനിഷയുടെ മൊബൈൽ ഫോൺ തകർക്കുകയും ഉപദ്രവിക്കുകയും ചെയ്തു. ഇതെല്ലാം തുനിഷ, ഷോയുടെ ഡയറക്ടറോട് പറഞ്ഞിരുന്നു.
തുനിഷയും സഞ്ജീവുമായി അത്ര നല്ല ബന്ധത്തിലായിരുന്നില്ല. ഭയമായിരുന്നു. നടിയുടെ സാമ്പത്തിക കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത് അമ്മയും സഞ്ജീവും ചേർന്നായിരുന്നു. പലപ്പോഴും പണത്തിനായി നടിക്ക് യാചിക്കേണ്ടി വന്നിരുന്നു'- അഭിഭാഷകൻ വ്യക്തമാക്കി.
ഷീസാൻ ഖാന്റെ കുടുംബാംഗങ്ങളും തുനിഷയുടെ മരണത്തിൽ അമ്മക്കെതിരെ ആരോപണം ഉന്നയിച്ച് രംഗത്ത് എത്തിയിരുന്നു. വാർത്താ സമ്മേളനത്തിലാണ് ഗുരുതര ആരോപണം ഉന്നയിച്ചത്.തുനിഷയുടെ മാനസിക പ്രശ്നങ്ങൾ പരിഗണിച്ചിരുന്നില്ലെന്നും നിർബന്ധിപ്പിച്ച് ജോലി ചെയ്യിപ്പിക്കുകയായിരുന്നെന്നും ഷീസാന്റെ സഹോദരിയും നടിയുമായ ഫലഖ് നാസ് പറഞ്ഞു. കൂടാതെ സഹോദരന് മറ്റു സ്ത്രീകളുമായി പ്രണയ ബന്ധമില്ലായിരുന്നെന്നും നടിയെ സെറ്റിൽവെച്ച് തല്ലിയെന്നുള്ള അമ്മ വനിതയുടെ ആരോപണം തെറ്റാണെന്നും അവർ കൂട്ടിച്ചേർത്തു.
ഡിസംബർ 24 നാണ് സെറ്റിലെ ശുചി മുറിയിൽ തുനിഷ ശർമയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കേസിൽ തുനിഷയുടെ ആൺസുഹൃത്തും നടനുമായ ഷീസാൻ ഖാനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

