'ഇന്നത്തെ കഷ്ടപ്പാടുകളാണ് നാളേക്ക് കരുത്താകുന്നത്'; പുതിയ ചിത്രം പ്രഖ്യാപിച്ച് ഷെയ്ൻ നിഗം
text_fieldsതന്‍റെ 27-ാമത്തെ ചിത്രം പ്രഖ്യാപിച്ച് ഷെയ്ൻ നിഗം. ചിത്രത്തിന്‍റെ പോസ്റ്റർ പങ്കുവെച്ചുകൊണ്ടായിരുന്നു പുതിയ ചിത്രം പ്രഖ്യാപിച്ചത്. പ്രവീൺ നാഥ് സംവിധാനം ചെയ്യുന്ന ചിത്രം തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ റിലീസ് ചെയ്യാൻ പദ്ധതിയിട്ടിട്ടുണ്ട്. ചിത്രത്തിന്‍റെ പേരോ അഭിനേതാക്കളെയോ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. നടന്‍റെ ജന്മദിനത്തോടനുബന്ധിച്ച് ഞായറാഴ്ച ആഴ്ചയായിരുന്നു പുതിയ ചിത്രത്തിന്‍റെ പ്രഖ്യാപനം.
'ഇന്നത്തെ കഷ്ടപ്പാടുകളാണ് നാളേക്ക് കരുത്താകുന്നത്' എന്നെഴുതിയാണ് താരം ചിത്രത്തിന്‍റെ പോസ്റ്റർ പങ്കുവെച്ചത്. അതേസമയം, വീര സംവിധാനം ചെയ്യുന്ന ഹാൽ എന്ന റൊമാന്റിക് മ്യൂസിക്കൽ ചിത്രമാണ് ഷെയ്നിന്‍റെ പുതിയ റിലീസ്. സാക്ഷി വൈദ്യയാണ് നായിക. ഡിസംബർ 25ന് ചിത്രം തിയറ്ററുകളിൽ എത്തും. സെൻസർ അധികൃതരുമായുള്ള നീണ്ട പോരാട്ടത്തിന് ശേഷമാണ് ഹാലിന്‍റെ റിലീസ് തീയതി പുറത്തുവിട്ടത്.
യുഎ 16+ സെൻസർ സർട്ടിഫിക്കറ്റാണ് ഹാലിന് ലഭിച്ചിരിക്കുന്നത്. സിനിമയിലെ ചില രംഗങ്ങൾ നീക്കം ചെയ്യണമെന്ന നിർദ്ദേശവുമായി സെൻസർ ബോർഡ് എത്തിയതോടെയാണ് ചിത്രം ഏറെ വാർത്താപ്രാധാന്യം നേടിയത്. ചിത്രത്തിൽ ബീഫ് ബിരിയാണി കഴിക്കുന്ന രംഗം ഉൾപ്പെടെ 16 ഇടങ്ങളാണ് ചിത്രത്തിൽ നിന്ന് ഒഴിവാക്കണമെന്ന് സെൻസർബോർഡ് നിർദ്ദേശിച്ചു. സെൻസർ ബോർഡിന്‍റെ ഈ നീക്കത്തിനെതിരെ ചിത്രത്തിന്‍റെ അണിയറപ്രവർത്തകർ ഹൈകോടതിയെ സമീപിച്ചിരുന്നു. ഹാലിന് പ്രദർശനാനുമതി നൽകണമെങ്കിൽ 16 ഇടങ്ങളിൽ വെട്ടിക്കുറക്കലുകൾ വരുത്തണമെന്നായിരുന്നു സി.ബി.എഫ്.സിയുടെ നിലപാട്.
എന്നാൽ ഇതിൽ നാല് കട്ടുകൾ സിംഗ്ൾ ബെഞ്ച് റദ്ദാക്കിയിരുന്നു. ഇത് ചോദ്യം ചെയ്ത് കൊണ്ട് സി.ബി.എഫ്.സിയും കാത്തലിക് കോൺഗ്രസും സമർപ്പിച്ച അപ്പീലുകൾ ഹൈകോടതി തള്ളുകയുണ്ടായി. സിംഗ്ള്‍ ബെഞ്ച് വിധി ഡിവിഷന്‍ ബെഞ്ച് ശരിവെച്ചു. അപ്പീലിൽ തീരുമാനമെടുക്കാൻ ജഡ്ജിമാര്‍ 'ഹാല്‍' സിനിമ നേരിട്ട് കണ്ടിരുന്നു. സിനിമ ആസ്വദിച്ചു എന്നായിരുന്നു ഡിവിഷന്‍ ബെഞ്ച് അംഗങ്ങളുടെ നിരീക്ഷണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

