സഞ്ചരിക്കുന്ന സിനിമ കൊട്ടകയുമായി ഷമീം ഇന്ന് ബംഗളൂരുവിൽ
text_fieldsഷമീം എ.എം.എസ്.കെ.കെ
ബംഗളൂരു: ബൈക്കില്‍ തന്റെ മൂന്നു സിനിമകളുമായി മലപ്പുറം മഞ്ചേരി സ്വദേശി ഷമീം എ.എം.എസ്.കെ.കെ തിങ്കളാഴ്ച ഉദ്യാനനഗരിയില്‍ എത്തുന്നു. സഞ്ചരിക്കുന്ന സിനിമകൾ മാത്രമല്ല, ഒരു കപ്പ് ചായക്കൊപ്പം പ്രേക്ഷകരുമായി സംവദിക്കുകയും ചെയ്യുന്നതാണ് ഷമീമിന്റെ സിനിമകൾ.
പ്രമേയം കൊണ്ടും വൈവിധ്യം കൊണ്ടും സവിശേഷ ശ്രദ്ധയാകര്‍ഷിച്ച ഡി, എന്‍.വി.സി, റി എന്നിവയാണ് സഞ്ചരിക്കുന്ന കൊട്ടകയിലെ സിനിമകള്‍. സിനിമയുടെ ആസ്വാദന രീതി മാറ്റിമറിക്കുകയാണ് നടനും സംവിധായകനും എഴുത്തുകാരനുമായ ഷമീം. ബൈക്കില്‍ തന്റെ സിനിമയുമായി ഇന്ത്യയൊട്ടാകെ സഞ്ചരിക്കുകയെന്ന ചിരകാല സ്വപ്നമാണ് ഷമീം നടപ്പാക്കുന്നത്.
പേരുപോലെ, ഓരോ സിനിമയും കാഴ്ചപ്പാടുകൊണ്ടും ശ്രദ്ധേയമാണ്. ‘ഡി’സിനിമയില്‍ ഇന്ത്യയില്‍നിന്നും ഫ്രാന്‍സ് അടക്കം വിദേശ രാജ്യങ്ങളില്‍നിന്നും 250 ലധികം ആര്‍ട്ടിസ്റ്റുകള്‍ അഭിനയിച്ചു. അത് തന്നെയാണ് സിനിമയുടെ വലിയ പ്രത്യേകത. ‘എന്‍.വി.സി’പൂര്‍ത്തിയാക്കാന്‍ അഞ്ചുവർഷം എടുത്തു. ഇതിന്റെ ശബ്ദലേഖനത്തിനായി മാത്രം രണ്ടുവര്‍ഷം വേണ്ടിവന്നു. എന്നാൽ, അഞ്ച് ദിവസം കൊണ്ടാണ് വിഷാദം പ്രമേയമായ ‘റി’പൂര്‍ത്തിയാക്കിയത്.
ജീവിതം സിനിമക്കായി സമര്‍പ്പിച്ച ഷമീം 30 വര്‍ഷമായി സിനിമയെ പഠിക്കുന്നു. നവംബറില്‍ പെരിന്തല്‍മണ്ണയില്‍ നിന്നാരംഭിച്ച സോളോ ട്രിപ് നടനും സംവിധായകനുമായ മുഹമ്മദ് മുസ്തഫയാണ് ഉദ്ഘാടനം ചെയ്തത്. പെരിന്തല്‍മണ്ണ, പോണ്ടിച്ചേരി, കണ്ണൂര്‍ (ചൈതന്യ), കുറ്റിപ്പുറം( ഇല ഫൗണ്ടേഷന്), തമിഴ്നാട് (എല്‍.വി പ്രസാദ് അക്കാദമി), ഷാഫി ഇന്‍സ്റ്റിറ്റ്യൂട്ട്, മീഡിയ വണ്‍ അക്കാദമി, ലോയോള കോളജ്, ഓതേര്‍സ് ബുക്ക് ചവറ ഫിലിം സ്കൂള്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്റര്‍ -കൊച്ചി, നിയോ ഫിലിം സ്കൂള്‍ -കൊച്ചി, പോണ്ടിച്ചേരി യൂനിവേഴ്സിറ്റി എന്നിവിടങ്ങളിലായി 31 ഓളം സ്ക്രീനിങ് കഴിഞ്ഞു.
സര്‍വകലാശാലകളിലും തെരുവിലും ഒരുപോലെ സ്വീകാര്യമായ തന്റെ സിനിമകള്‍ കാലാതീതമായി സഞ്ചരിക്കുന്നുവെന്ന് ഇദ്ദേഹം പറയുന്നു. മലയാളികളുടെ വികാരമായ ചൂട് ചായക്കൊപ്പം തുടങ്ങുന്ന സിനിമ ചായക്കൊപ്പം അവസാനിക്കുന്ന രീതിയാണ് അദ്ദേഹം പിന്തുടരുന്നത്. ചായക്കൊപ്പം താന്‍ പറയാന്‍ ആഗ്രഹിച്ചത് സിനിമയിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നു.
ഇത് വെറും യാത്ര മാത്രമല്ല, അതിനപ്പുറം സിനിമ പ്രേക്ഷകരുമായി സംവദിക്കുന്നുണ്ടോ എന്നും അവരുടെ അഭിപ്രായങ്ങളും നേരിട്ടനുഭവിക്കാന്‍ ലഭിക്കുന്ന അവസരമാണെന്നും ഷമീം പറയുന്നു. ജപ്പാനിലെ പ്രഭാത് ഭാസ്കരന് ആണ് ജീവിതഗുരു. യാത്രയില്‍ താന്‍ കാണുന്ന ഓരോ നഗരവും പുതിയ സിനിമക്കുള്ള കഥയും കഥാപാത്രങ്ങളും സമ്മാനിക്കുന്നണ്ടെന്നും ഷമീം പറഞ്ഞു. സ്കൂള്‍ ഓഫ് കമ്യൂണിക്കേഷന്‍ ആന്‍ഡ് മീഡിയ സ്റ്റഡീസിന്റെ നേതൃത്വത്തില്‍ ബി.വി.സി തിയറ്ററില്‍ തിങ്കളാഴ്ച ഉച്ചക്ക് 1.30 മുതല്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

