കൈ വിടാൻ ഷാറൂഖ് ഖാൻ; പിടിവിടാതെ ആരാധകർ- വിഡിയോ വിഡിയോ
text_fieldsജവാൻ, പത്താൻ എന്നീ ചിത്രങ്ങളുടെ വിജയത്തിന് ശേഷം ഡങ്കിയുമായി ഷാറൂഖ് ഖാൻ എത്തുകയാണ്. രാജ്കുമാർ ഹിരാനി സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബർ 21നാണ് തിയറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.
ഡങ്കിയുടെ പ്രമോഷൻ തിരക്കിലാണ് ഷാറൂഖ് ഖാനിപ്പോൾ. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നത് ആരാധകരുടെ ഇടയിൽപ്പെട്ട എസ്. ആർ.കെയുടെ വിഡിയോയാണ്. സുരക്ഷ ജീവനക്കാർ ഇടപെട്ടാണ് നടനെ രക്ഷപ്പെടുത്തിയത്.
ദുബൈയിലെ ഗ്ലോബൽ വില്ലേജിലാണ് സംഭവം. ഡങ്കിയുടെ പ്രമോഷന്റെ ഭാഗമായിട്ടാണ് ഷാറൂഖ് എത്തിയത്. വേദിയിൽ നിന്ന് ആരാധകരെ അഭിവാദ്യം ചെയ്ത ഷാറൂഖ്, വേദിക്ക് സമീപമുണ്ടായിരുന്നവർക്ക് ഷേക്ക് ഹാൻഡ് നൽകി. എന്നാൽ ആരാധകർ നടന്റെ കൈവിടാൻ തയാറായില്ല. കൈ പിൻവലിക്കാൻ ശ്രമിച്ചെങ്കിലും അത് സാധിച്ചില്ല. തുടർന്ന് സുരക്ഷ ജീവനക്കാരെത്തി നടനെ സഹായിക്കുകയായിരുന്നു. ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്തിട്ടാണ് വേദിവിട്ടത്. ദുബൈയിൽ തന്നെ കാണാനെത്തിയ ആരാധകർക്ക് ഷാറൂഖ് നന്ദിയും അറിയിച്ചിട്ടുണ്ട്.
ഡങ്കി തന്റെ ഹൃദയത്തോട് ചേർന്നു നിൽക്കുന്ന ചിത്രമാണെന്ന് എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിൽ ഷാറൂഖ് പറഞ്ഞിരുന്നു. പ്രിയപ്പെട്ടവരിൽ നിന്ന് വേർപെട്ടിരിക്കുന്ന അവസ്ഥയിലൂടെ കടന്നുപോകുന്നവരുടെ കഥയാണ് ഡങ്കി. ബൊമൻ ഇറാനി, തപ്‌സി പന്നു, വിക്കി കൗശൽ, വിക്രം കൊച്ചാർ, അനിൽ ഗ്രോവർ എന്നിവരാണ് ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
JIO സ്റ്റുഡിയോസ്, റെഡ് ചില്ലീസ് എന്റർടൈൻമെന്റ്, രാജ്കുമാർ ഹിരാനി ഫിലിംസ് എന്നീ ബാനറുകൾ ചേർന്ന് അവതരിപ്പിക്കുന്ന ഡങ്കി രാജ്കുമാർ ഹിരാനി, ഗൗരി ഖാൻ എന്നിവർ ചേർന്നാണ് നിർമിച്ചിരിക്കുന്നത്. ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത് ഗോകുലം മൂവീസാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.