കാഴ്ച-കേൾവി പരിമിതിയുളളവർക്കും 'പത്താൻ' ആസ്വദിക്കണം; ഷാറൂഖ് ചിത്രം ഒ.ടി.ടിയിൽ എത്തുന്നത് മാറ്റങ്ങളോടെ?
text_fieldsഇന്ത്യൻ സിനിമാ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഷാരൂഖ് ഖാൻ ചിത്രമാണ് പത്താൻ. സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി 25നാണ് പ്രദർശനത്തിനെത്തുന്നത്. 2018-ൽ പുറത്ത് ഇറങ്ങിയ സീറോക്ക് ശേഷം തിയറ്ററുകളിൽ എത്തുന്ന ഷാറൂഖ് ചിത്രമാണിത്.
വിവാദങ്ങളുടെ അകമ്പടിയോടെയാണ് പത്താൻ തിയറ്ററുകളിൽ എത്തുന്നത്. ചിത്രം പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് ആരോപിച്ച് തീവ്രഹിന്ദുത്വ സംഘടനകൾ രംഗത്ത് എത്തിയിട്ടുണ്ട്. പത്താനെതിരെ വ്യാപക പ്രതിഷേധം കൊടുമ്പിരി കൊള്ളുമ്പോഴാണ് ചിത്രം എത്തുന്നത്.
ആമസോൺ പ്രൈമാണ് പത്താന്റെ ഒ.ടി.ടി റൈറ്റ് നേടിയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റ ഒ.ടി.ടി റിലീസിൽ കോടതി ഇടപെട്ടിരിക്കുകയാണ്. ചിത്രത്തിൽ ചെറിയ മാറ്റങ്ങൾ വരുത്തണമെന്ന് നിർമാതാക്കളോട് ഡൽഹി ഹൈകോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കാഴ്ച-കേള്‍വി പരിമിതിയുള്ളവർക്കും ആസ്വദിക്കാന്‍ കഴിയുന്ന രീതിയില്‍ ഓഡിയോ, സബ്‌ടൈറ്റിലുകളും, ക്ലോസ് ക്യാപ്ഷനുകളും ക്രമീകരിക്കണമെന്നാണ് കോടതിയുടെ നിർദേശം. എല്ലാ പ്രേക്ഷകർക്കും ആസ്വദിക്കാൻ വേണ്ടിയാണ് ഇത്തരത്തിലുള്ള മാറ്റം വരുത്താൻ നിർദ്ദേശിച്ചതെന്നും കോടതി വ്യക്തമാക്കി.
ഭിന്നശേഷിക്കാരുടെ അവകാശ നിയമം 2016 ലെ സെക്ഷൻ 42 പ്രകാരം, കാഴ്ച, കേൾവി പരിമിതിയുളളവർക്കും ആസ്വദിക്കാൻ സാധിക്കുന്ന ഫോർമാറ്റുകളിൽ എല്ലാ ഉള്ളടക്കവും ലഭ്യമാണെന്ന് ഉറപ്പാക്കാനുള്ള നടപടികൾ കൈക്കൊള്ളാൻ സർക്കാരിന് ബാധ്യതയുണ്ട്. ഇവർക്കായി പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കേണ്ടതുണ്ട്. തിയറ്ററിൽ സിനിമ കാണുന്ന അനുഭവം ഇവർക്ക് നിഷേധിക്കാനാവില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.