ചർച്ചക്ക് തിരികൊളുത്തി ഷാരൂഖ് ഖാന്റെ പുതിയ ലുക്ക്,മടങ്ങി വരവ് വെറുതെയാവില്ല; ഇനി 50 ദിവസം കൂടി!
text_fieldsചെറിയ ഇടവേളക്ക് ശേഷം ഷാരൂഖ് ഖാൻ ബോളിവുഡിലേക്ക് മടങ്ങി എത്താൻ തയാറെടുക്കുകയാണ്. നടന്റേതായി സൂപ്പർ ഹിറ്റ് ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന പത്താനാണ് എസ്. ആർ.കെയുടേതായി ആദ്യം പുറത്തെത്തുന്ന ചിത്രം. ജനുവരി 25 നാണ് തിയറ്ററുകളിൽ എത്തുന്നത്. ഹിന്ദിയെ കൂടാതെ തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്.
ഇതുവരെ കാണാത്ത വ്യത്യസ്ത ഗെറ്റപ്പിലാണ് ഷാരൂഖ് ഖാൻ പത്താനിൽ എത്തുന്നത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നത് ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്ററാണ്. യഷ് രാജ് ഫിലിംസാണ് പുതിയ നടന്റെ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. എന്തോ ചിന്തിച്ച് ഉറപ്പിച്ച് തോക്കുമേന്തി നിൽക്കുന്ന ഷാരൂഖ് ഖാനെയാണ് പോസ്റ്ററിൽ കാണുന്നത്. 'പോരാട്ടത്തിന് അവനെപ്പോഴും തോക്ക് ലഭിക്കുന്നു' എന്ന് കുറിച്ച് കൊണ്ടാണ് പുതിയ പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. ഷാരൂഖ് ഖാന്റെ പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിട്ടുണ്ട്. ചിത്രം തിയറ്ററുകളിൽ എത്താൻ ഇനി കേവലം 50 ദിവസം മാത്രമേയുള്ളൂവെന്നും പോസ്റ്ററിനോടൊപ്പം അണിയറ പ്രവർത്തകർ ഓർമിപ്പിക്കുന്നുണ്ട്.
ഷാരൂഖിനോടൊപ്പം ദീപിക പദുകോണും ജോൺ എബ്രഹാമും പത്താനിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ദിവസങ്ങൾക്ക് മുൻപ് മൂവരും ഒന്നിച്ചുള്ള ഒരു പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരുന്നു. തോക്കും ചൂണ്ടി നിൽക്കുന്നതായിരുന്നു പോസ്റ്റർ. ഇത് പ്രേക്ഷകരിൽ ചിത്രത്തിനായുള്ള ആകാംക്ഷ വർധിപ്പിച്ചിരുന്നു.
എന്തായാലും കിങ് ഖാന്റെ മടങ്ങി വരവ് വെറുതെയാവില്ലെന്നാണ് ആരാധകർ പറയുന്നത്. നടന്റെ പുതിയ ലുക്ക് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.