'ഗ്രൗണ്ടിൽ മെസ്സിയും എംബാപ്പേയും; സ്റ്റുഡിയോയിൽ ഞാനും റൂണിയും'; ലോകകപ്പ് ഫൈനലിൽ താനുണ്ടാകുമെന്ന് ഷാരൂഖ് ഖാൻ
text_fieldsതന്റെ പുതിയ സിനിമയായ പഠാന്റെ പ്രമോഷന് ലോകകപ്പ് ഫൈനലിലേക്ക് പറക്കാനൊരുങ്ങി നടൻ ഷാരൂഖ് ഖാൻ. ഷാരൂഖ് തന്നെയാണ് സോഷ്യൽമീഡിയയിലൂടെ വാർത്ത പങ്കുവെച്ചത്. ഫിഫ ലോകകപ്പ് ഫൈനലിൽ പഠാന്റെ പ്രമോഷനായി താനും ഉണ്ടാകുമെന്ന് ഷാരൂഖ് സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
ഫിഫ സ്റ്റുഡിയോയിൽ വെയ്ൻ റൂണിക്കൊപ്പം താനുമുണ്ടാകുമെന്ന് താരം അറിയിച്ചു. ജിയോ സിനിമയിലും സ്പോർട്സ് 18 ചാനലിലും തത്സമയം മത്സരം കാണുന്നതിനൊപ്പം ഷാരൂഖ് ഖാന്റെ കമന്ററിയും കേൾക്കാം. 'ഗ്രൗണ്ടിൽ മെസ്സിയും എംബാപ്പേയും; സ്റ്റുഡിയോയിൽ ഞാനും റൂണിയും. 18ന്റെ വൈകുന്നേരം മനോഹരമാകും'-ഷാരൂഖ് ഫേസ്ബുക്കിൽ കുറിച്ചു.
മിഡിൽ ഈസ്റ്റിലും അറബ് രാജ്യങ്ങളിലും ഏറെ ആരാധകരുള്ള താരമാണ് ബോളിവുഡിന്റെ കിങ് ഖാൻ ഷാരൂഖ്. നാല് വർഷത്തിനുശേഷം പുറത്തിറങ്ങുന്ന താരത്തിന്റെ ചിത്രമാണ് പഠാൻ. ബിഗ് ബജറ്റിൽ ഒരുക്കിയ ചിത്രം കിങ് ഖാന്റെ തിരിച്ചുവരവായാണ് ആരാധകർ കരുതുന്നത്.
ദീപിക പദുകോൺ, ജോൺ എബ്രഹാം എന്നിവരാണ് പഠാനിൽ ഷാരൂഖിനൊപ്പം എത്തുന്ന മറ്റ് പ്രധാന താരങ്ങൾ. സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി 25 നാണ് റിലീസ് ചെയ്യുന്നത്. ഹിന്ദിക്ക് പുറമേ, തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രമെത്തും. ചിത്രത്തിലെ 'ബേഷരം' എന്ന് തുടങ്ങുന്ന ഗാനം കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ഇതിനകം യൂട്യൂബ് ട്രെന്റിങ്ങിൽ ഒന്നാമതാണ് വീഡിയോ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

