പത്താന്റെ പടപ്പുറപ്പാടിനുശേഷം ഇനി ‘കിങ്’; സിദ്ധാർഥ് ആനന്ദിനൊപ്പം ഒന്നിക്കുന്നുവെന്ന് വെളിപ്പെടുത്തി ഷാറൂഖ്
text_fieldsഗ്ലോബൽ വില്ലേജിലെ ചടങ്ങിൽ ഷാറൂഖ് ഖാൻ
കോവിഡിന്റെ അപ്രതീക്ഷിത ആഘാതത്തിൽ തരിച്ചുനിന്നുപോയ ഇന്ത്യൻ സിനിമ വ്യവസായത്തെ തിരിച്ചുവരവിന്റെ ആത്മവിശ്വാസത്തിലേക്ക് എടുത്തുയർത്തിയ ചിത്രമായിരുന്നു പത്താൻ. ചൈന ഒഴിച്ചുള്ള സ്ഥലങ്ങളിൽനിന്ന് 1000 കോടിയെന്ന അതിശയ ലക്ഷ്യത്തിലേക്ക് പണം വാരിയ ആദ്യചിത്രം, ഒരൊറ്റ ഭാഷയിൽ ആയിരം കോടി കടന്ന ആദ്യ ചിത്രം..തുടങ്ങി ബോക്സോഫീസിൽ അതുവരെ കണ്ട പല ചരിത്രങ്ങളും തിരുത്തിയെഴുതിയായിരുന്നു പത്താന്റെ പടപ്പുറപ്പാട്. പത്താനുപിന്നാലെ ജവാനും ഡുംകിയും ബോക്സോഫീസിൽ പുതിയ ഓളങ്ങൾ സൃഷ്ടിച്ചപ്പോൾ 2023 ബോളിവുഡിന്റെ ‘ബാദ്ഷാ’ ഷാറൂഖ് ഖാന്റെ വർഷമായിരുന്നു.
2023 ജനുവരി 25ന് ഇന്ത്യൻ സിനിമാലോകത്ത് അവതരിച്ച പത്താന്റെ അഭൂതപൂർവമായ വിജയത്തിനുപിന്നിലെ പരിശ്രമങ്ങൾ ചൂണ്ടിക്കാട്ടി സംവിധായകൻ സിദ്ധാർഥ് ആനന്ദ് സമൂഹമാധ്യമങ്ങളിൽ കുറിപ്പിട്ടത് ചിത്രത്തിന് രണ്ടു വയസ്സ് തികഞ്ഞ ദിനത്തിലായിരുന്നു. ‘വാക്കുകളിൽ വിവരിക്കാനാത്ത തരത്തിലുള്ള പ്രത്യേകതകളാലാണ് പത്താൻ എന്തുകൊണ്ടും സവിശേഷമായിരിക്കുന്നത്. ഞങ്ങൾ നേരിട്ട വെല്ലുവിളികൾ അത്രയേറെയായിരുന്നു. ഈ സിനിമ വെട്ടിപ്പിടിച്ച സാധ്യതകളും. വിജയം ഒരിക്കലും ഇതിലും മധുരമുള്ളതായിരിക്കില്ല. ശേഷമുള്ളതെല്ലാം ചരിത്രം!’ -സിദ്ധാർഥ് ആനന്ദ് ‘എക്സി’ൽ കുറിച്ചു.
ചരിത്രം സൃഷ്ടിച്ച അഭ്രപാളിയിലെ അതിശയത്തിന് ഒരു തുടർച്ചയുണ്ടാവാനുള്ള സാധ്യതകളെക്കുറിച്ചാണ് ബോളിവുഡ് ഇപ്പോൾ ചർച്ച ചെയ്യുന്നത്. ‘കിങ്’ എന്നു പേരിട്ട പുതിയ ചിത്രത്തിനായി സിദ്ധാർഥ് ആനന്ദുമായി താൻ വീണ്ടും ഒരുമിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം ദുബൈയിലെ ഗ്ലോബൽ വില്ലേജിൽ നടന്ന സ്റ്റേജ് ഷോക്കിടെ ഷാറൂഖ് തന്നെയാണ് വെളിപ്പെടുത്തിയത്.
2024ൽ ഷാറൂഖിന്റെ ചിത്രങ്ങളൊന്നും പുറത്തിറങ്ങിയിരുന്നില്ല. കിങ്ങുമായി സൂപ്പർതാരം വീണ്ടുമെത്തുമ്പോൾ അദ്ദേഹത്തിന്റെ മകൾ സുഹാന ഖാൻ പ്രധാന വേഷത്തിൽ ചിത്രത്തിലുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. സിനിമ സംബന്ധിയായ കൂടുതൽ കാര്യങ്ങളൊന്നും ചടങ്ങിനിടെ ഷാറൂഖ് വെളിപ്പെടുത്തിയില്ല. ‘മുംബൈയിൽ മടങ്ങിയെത്തിയാൽ ഞാൻ ഷൂട്ടിങ്ങിലായിരിക്കും. എന്റെ സംവിധായകൻ സിദ്ധാർഥ് ആനന്ദ് വളരെ കർക്കശക്കാരനാണ്. പത്താൻ അദ്ദേഹമാണ് സൃഷ്ടിച്ചത്. ഇനി നമ്മളെന്താണ് ചെയ്യാൻ പോകുന്നത് എന്നതിനെക്കുറിച്ച് ഒരു കാര്യവും വെളിപ്പെടുത്തരുത് എന്ന് അദ്ദേഹം കർശന നിർദേശം നൽകിയിട്ടുണ്ട്. അതുകൊണ്ട് കൂടുതലൊന്നും എനിക്ക് പറയാനാകില്ല. പക്ഷേ, ഒരുകാര്യം ഉറപ്പുപറയാം, അത് നിങ്ങളെ എല്ലാവരെയും രസിപ്പിക്കുന്നതായിരിക്കും’.
2026ൽ കിങ് റിലീസ് ചെയ്യാനാണ് ലക്ഷ്യമിടുന്നത്. അഭിഷേക് ബച്ചനും ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നുണ്ടെന്നാണ് റിപ്പോർട്ട്. പത്താൻ സൃഷ്ടിച്ചതുപോലൊരു തരംഗം ബോളിവുഡിൽ സൃഷ്ടിക്കാനാണ് കിങ്ങിലൂടെ ഷാറൂഖും സിദ്ധാർഥും ഉന്നമിടുന്നത്.
2022 ഡിസംബർ 18ന് ദോഹയിലെ ലുസൈലിൽ ആഘോഷമായ പ്രൊമോഷനോടെയായിരുന്നു പത്താൻ വരവറിയിച്ചത്. ‘പത്താൻ‘ എന്ന ബ്രഹ്മാണ്ഡ സിനിമയുടെ ടെലിവിഷൻ പ്രൊമോഷന്റെ ഏക വേദി കൂടിയായിരുന്നു ലോകകപ്പ് ഫൈനൽ. ലയണൽ മെസ്സിയെന്ന ഇതിഹാസതാരം കാൽപന്തുകളിയിൽ വിശ്വവിജയത്തിന്റെ സുവർണമുദ്രയിൽ മുത്തമിടുന്ന നേരത്ത് ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ബോക്സോഫീസ് ഹിറ്റുകളിലൊന്നിലേക്ക് ‘ബോളിവുഡിന്റെ ബാദ്ഷാ’ തുടക്കമിട്ടുകഴിഞ്ഞിരുന്നു. പത്താനിലെ നായിക ദീപിക പദുകോണിനെയാണ് ഫൈനൽ വേദിയിൽ ലോകകപ്പ് അനാച്ഛാദനം ചെയ്യാൻ ഫിഫ ക്ഷണിച്ചത്.
യു.എസ്.എ, ആസ്ട്രേലിയ എന്നിവിടങ്ങളിലൊക്കെ കലക്ഷനിൽ പുതിയ റെക്കോർഡിട്ട പത്താൻ, ഗൾഫ് മേഖലയിലും പുതിയ റെക്കോർഡിട്ടു. സൽമാൻ ഖാന്റെ ‘ബജ്റംഗീ ഭായിജാന്റെ’ റെക്കോർഡാണ് പത്താൻ തകർത്തത്. യു.എ.ഇയിൽ സിനിമ റിലീസ് ചെയ്ത് ദിവസങ്ങൾക്കകം കളക്ഷനിൽ റെക്കോർഡിട്ടിരുന്നു. ഖത്തറിലും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ സിനിമയായി പത്താൻ മാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

