സാന്ദ്ര തോമസിന് തിരിച്ചടി, നാമനിർദേശ പത്രിക തള്ളിയത് ചോദ്യം ചെയ്ത ഹരജി കോടതി തള്ളി
text_fieldsകൊച്ചി: നിര്‍മാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് നല്‍കിയ പത്രിക തള്ളിയതിനെതിരെ സാന്ദ്രാ തോമസ് നല്‍കിയ ഹരജി കോടതി തള്ളി. എറണാകുളം സബ് കോടതിയാണ് സാന്ദ്രയുടെ ഹര്‍ജി തള്ളിയത്. ഇതോടെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ ഭാരവാഹി സ്ഥാനത്തേക്ക് സാന്ദ്രാ തോമസിന് മത്സരിക്കാന്‍ സാധിക്കില്ല.
ചലച്ചിത്ര നിർമാതാക്കളുടെ സംഘടനയിലേക്ക് പ്രസിഡന്റ്, ട്രഷറർ സ്ഥാനങ്ങളിലേക്കാണ് സാന്ദ്ര തോമസ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. ആവശ്യമായ സെൻസർ സർട്ടിഫിക്കറ്റുകൾ സമർപ്പിക്കുന്നതിൽ സാന്ദ്ര പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി വരണാധികാരി പത്രിക തള്ളുകയായിരുന്നു. കെ.എഫ്.പി.എയുടെ ഭരണ പ്രക്രിയകൾ പക്ഷപാതപരമാണെന്ന് ആരോപിക്കുകയും തന്റെ നാമനിർദേശപത്രിക തള്ളിയതിൽ സ്റ്റേ ആവശ്യപ്പെടുകയും ചെയ്തു കൊണ്ടായിരുന്നു സാന്ദ്ര തോമസ് ഹരജി ഫയൽ ചെയ്തത്.
യോഗ്യത കാണിക്കാന്‍ ആവശ്യമായ സിനിമകളുടെ എണ്ണം നൽകിയിട്ടില്ലെന്നായിരുന്നു പത്രിക തള്ളാനുള്ള കാരണമായി വരണാധികാരി ചൂണ്ടിക്കാണിച്ചത്. ഫ്രൈഡേ ഫിലിംസുമായി സഹകരിച്ച് ഏഴു സിനിമകളും സ്വന്തം ബാനറിൽ രണ്ടു സനിമകളും അങ്ങനെ ഒൻപത് സിനിമകൾ നിർമിച്ചിട്ടുണ്ടെന്നായിരുന്നു സാന്ദ്രയുടെ വാദ്. എന്നാൽ, നിർമാതാവ് എന്നനിലയിൽ സ്വതന്ത്രമായി മൂന്നുസിനിമകളുടെ സെൻസർ സർട്ടിഫിക്കറ്റ് വേണമെന്നായിരുന്നു വരണാധികാരിയുടെ നിലപാട്.
വരണാധികാരി കോശി ജോര്‍ജ് സംഘടനയുടെ നിലവിലെ ഭാരവാഹികളുടെ ഉപകരണമായി പ്രവര്‍ത്തിക്കുന്നുവെന്നായിരുന്നു സാന്ദ്രയുടെ വാദം. കെ.എഫ്.പി.എ ബൈലോകൾ അടിസ്ഥാനമാക്കിയുള്ള യോഗ്യതാ മാനദണ്ഡങ്ങൾ അവർ പാലിച്ചിട്ടുണ്ടെന്നും തീരുമാനം അന്യായമാണെന്നും സാന്ദ്ര വാദിച്ചു. രണ്ട് പതിറ്റാണ്ടിലേറെയായി വരണാധികാരി ഈ സ്ഥാനത്ത് തുടർന്നിട്ടുണ്ടെന്നും ഇത് കെ.എഫ്.പി.എയുടെ ഭരണഘടനാ മാനദണ്ഡങ്ങളുടെ ലംഘനമാണെന്നും സാന്ദ്ര ആരോപിച്ചു.
വിധി അപ്രതീക്ഷിതവും നിരാശാജനകമാണെന്നും സാന്ദ്രാ തോമസ് ഫേസ്ബുക്കില്‍ പ്രതികരിച്ചു. നിയമവിദഗ്ധരുമായി ആലോചിച്ച് ഭാവി നടപടികള്‍ സ്വീകരിക്കുമെന്നും സാന്ദ്ര വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

