‘ജനനായകന്’ തിരിച്ചടി: നിർമാതാക്കളുടെ ഹരജി സുപ്രീം കോടതി തള്ളി
text_fieldsസെൻസർ ബോർഡ് പ്രദർശനാനുതി നിഷേധിച്ചതിനെ തുടർന്ന് സുപ്രീം കോടതിയെ സമീപിച്ച ‘ജനനായകന്’ തിരിച്ചടി. പ്രദർശനാനുമതി സംബന്ധിച്ച കാര്യത്തിൽ മദ്രാസ് ഹൈകോടതിയെ സമീപിക്കാനാണ് സുപ്രീം കോടതിയുടെ നിർദേശം. ചിത്രത്തിന് മദ്രാസ് സിംഗ്ൾ ബെഞ്ച് നൽകിയ പ്രദർശനാനുമതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തതിനെ തുടർന്നാണ് നിർമാതാക്കൾ സുപ്രീം കോടതിയെ സമീപിച്ചത്.
ചിത്രത്തിന്റെ വിലക്ക് എടുത്തുമാറ്റണമെന്നും പ്രദർശനം വൈകുന്നതോടൊപ്പം വലിയ നഷ്ടം നേരിടേണ്ടി വരുമെന്നും ചൂണ്ടിക്കാട്ടിയാണ് നിർമാതാക്കൾ സുപ്രീം കോടതിയെ സമീപിച്ചത്. വലിയ മുതൽ മുടക്കിൽ നിർമിച്ച ചിത്രത്തിന് ഇതിനോടകം തന്നെ വലിയ നഷ്ടം നേരിടേണ്ടി വന്നിട്ടുണ്ട്. റിലീസ് വൈകിയതോടെ പ്രീ ബുക്കിങ്ങിലൂടെ ടിക്ക്റ്റ ബുക്ക് ചെയ്തവർക്ക് പണം തിരിച്ചു കൊടുത്തതടക്കം വലിയ സാമ്പത്തിക നഷ്ടം നിർമാതാക്കൾ നേരിട്ടിരുന്നു.
ഇതിനിടെ തങ്ങളുടെ വാദവും കേൾക്കണമെന്ന് ആവശ്യപ്പെട്ട് സെൻസർ ബോർഡും സഹ ഹരജി സമർപ്പിച്ചിരുന്നു. സിനിമക്ക് പ്രദർശനാനുമതി നൽകുന്നത് സംബന്ധിച്ച നടപടികൾ മദ്രാസ് ഹൈകോടതിയിൽ പുരോഗമിക്കുകയാണ്. ഇത് സംബന്ധിച്ച് വരുന്ന 20 ന് കോടതി കേസ് പരിഗണിക്കാനിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കേസ് മദ്രാസ് ഹൈകോടതി തന്നെ പരിഗണിക്കട്ടേയെന്ന് സുപ്രീം കോടതി നിർദേശിച്ചത്.
ജനുവരി ഒമ്പതിന് റിലീസ് ചെയ്യാനിരുന്ന ചിത്രം സെൻസർ ബോർഡിന്റെ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് അനിശ്ചിതത്വത്തിലാണ്.രാഷ്ട്രീയ ജീവിതത്തിലേക്ക് പ്രവേശിക്കുന്ന വിജയ്‌യുടെ അവസാനത്തെ ചിത്രമാണ് ‘ജനനായകൻ’. ചിത്രത്തിലെ ചില രാഷ്ട്രീയ സംഭാഷണങ്ങളും സൈനിക വിഭാഗത്തെ ചിത്രീകരിച്ചിരിക്കുന്ന രീതിയും രാജ്യസുരക്ഷയെ ബാധിക്കുമെന്നും മതവികാരം വ്രണപ്പെടുത്തുമെന്നും വാദിച്ചാണ് സെൻസർ ബോർഡ് ചിത്രത്തിന് പ്രദർശനാനുമതി നൽകാതിരുന്നത്.
എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം 500 കോടിയോളം രൂപ ചിലവിട്ടാണ് നിർമിച്ചിരിക്കുന്നത്. ലോകമെമ്പാടുമുള്ള 5000ത്തോളം സ്ക്രീനുകളിൽ ചിത്രം റിലീസ് ചെയ്യാനായിരുന്നു നേരത്തെ പദ്ധതിയിട്ടിരുന്നത്. പൂജ ഹെഗ്‌ഡെ, ബോബി ഡിയോൾ, മമിത ബൈജു തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

