സീരിയൽ നടി ചിത്രയുടെ മരണം: പ്രതിശ്രുത വരൻ ഹേംനാഥ് അറസ്റ്റിൽ
text_fieldsചെന്നൈ: തമിഴ് സീരിയൽ നടിയും അവതാരകയുമായ വി.ജെ. ചിത്ര ജീവനൊടുക്കിയ കേസിൽ ചിത്രയുടെ പ്രതിശ്രുത വരൻ ഹേംനാഥ് അറസ്റ്റിൽ. ആത്മഹത്യാ പ്രേരണാക്കുറ്റത്തിനാണ് അറസ്റ്റ്. ഹേംനാഥിനെ തുടർച്ചയായി 5 ദിവസം പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇയാളുടെ മാതാപിതാക്കളെയും ചോദ്യം ചെയ്യും. കടുത്ത മാനസിക സമ്മർദമാണ് ചിത്രയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്‍റെ നിഗമനം.
നസ്രത്ത്പെട്ടിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ഡിസംബർ 10ന് പുലർച്ചെയാണ് ചിത്രയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഹേംനാഥൊന്നിച്ചായിരുന്നു ചിത്ര ഇവിടെ താമസിച്ചത്. മരണം സംഭവിച്ച ദിവസം സീരിയലിലെ ഒരു രംഗത്തിന്‍റെ പേരിൽ ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നതായി ദൃക്സാക്ഷികൾ പൊലീസിന് വിവരം നൽകിയിരുന്നു.
ഇതിന് മുൻപും അഭിനയവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഹേംനാഥ് ചിത്രയുമായി കലഹിച്ചിരുന്നതായാണ് പൊലീസിന്റെ കണ്ടെത്തൽ. സീരിയൽ ചിത്രീകരണ സ്ഥലത്ത് മദ്യപിച്ചെത്തി ഹേംനാഥ് വഴക്കുണ്ടാക്കിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇത് അറിയിച്ചപ്പോൾ ഹേംനാഥിനെ ഒഴിവാക്കി മറ്റാരെയെങ്കിലും വിവാഹം കഴിക്കാൻ അമ്മ നിർബന്ധിച്ചിരുന്നു. ഇതും സമ്മർദത്തിന് കാരണമായതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
ആഗസ്റ്റിൽ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നുവെങ്കിലും ഇരുവരും രഹസ്യമായി വിവാഹം കഴിച്ചിരുന്നതായും റിപ്പോർട്ടുണ്ട്. ഈ വിവാഹമാണ് ആത്മഹത്യക്ക് കാരണമെന്ന് ചിത്രയുടെ കുടുംബം ആരോപിച്ചു.
പാണ്ഡ്യൻ സ്റ്റോർസ് എന്ന സീരിയലിലൂടെ മുല്ല എന്ന പേരിൽ അറിയപ്പെട്ടിരുന്ന ചിത്രക്ക് തമിഴ്നാട്ടിൽ വലിയ ആരാധക വൃന്ദമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

