മോഹൻ ലാലിന്റെ ജീവിതം മാറ്റിമറിച്ച ഒരു കൊലപാതകക്കഥ; സംഭവം നടന്നത് 1980ൽ തിരുവല്ലയിൽ
text_fieldsമോഹൻലാൽ അമ്മയോടൊപ്പം
യഥാർഥ ജീവിതം സിനിമയാക്കിയ ഒരുപാട് അനുഭവങ്ങൾ മലയാള സിനിമക്കുണ്ട്. സാങ്കൽപിക കഥകൾ സിനിമയാക്കുന്നതിനെക്കാൾ സ്വീകാര്യത യഥാർഥ സംഭവങ്ങളെ സ്ക്രീനിലെത്തിക്കുമ്പോൾ ഉണ്ടാവാറുണ്ട്. പ്രധാനമായും യഥാർഥ കുറ്റകൃത്യങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമിച്ച ചിത്രങ്ങൾക്ക്. എന്നാൽ, മലയാളത്തിന്റെ മെഗാ സ്റ്റാർ മോഹൻലാലിനെ സിനിമയിൽ ഉയരങ്ങളിലെത്തിച്ചതിനുപിന്നിൽ ഇത്തരമൊരു സിനിമയാണെന്ന് എത്രപേർക്ക് അറിയാം. ഈ സിനിമ ആ കാലഘട്ടത്തിലെ വമ്പൻ ഹിറ്റുകളിൽ ഒന്നായിരുന്നു.
മലയാളത്തിലെ ഹിറ്റ് മേക്കറായിരുന്ന ശശികുമാറിന്‍റെ സംവിധാനത്തിൽ പുറത്തിറങ്ങിയ 'മദ്രാസിലെ മോൻ' എന്ന ക്രൈം ത്രില്ലർ സിനിമ ആയിരുന്നു അത്. കവിയൂർ ശിവരാമൻ പിള്ളയുടെ കഥയെ ഉൾകൊണ്ട് പി.എം. നായർ തിരക്കഥയെഴുതി. യഥാർഥ സംഭവത്തിലെ പ്രധാന പ്രതിയുടെ പേരിലാണ് ഈ സിനിമ പ്രശസ്തമായത്. നടൻ രവീന്ദ്രനാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. സിനിമയിൽ മോഹൻലാൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. രവികുമാർ, കെ.പി. ഉമ്മർ, ബഹദൂർ, ആലുംമൂടൻ, ഷീല എന്നിവരും ചിത്രത്തിൽ വേഷമിട്ടു. 'മദ്രാസിലെ മോൻ' വൻ വിജയമായി മാറുകയും സിനിമ മേഖലയിൽ മോഹൻലാലിന്‍റെ സ്ഥാനം ശക്തിപെടുത്തുകയും ചെയ്തു. 1980കളുടെ തുടക്കത്തിൽ കേരളത്തിൽ സംഭവിച്ച കുപ്രസിദ്ധമായ കരിക്കൻ വില്ല ഇരട്ടക്കൊലപാതക കേസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ ചിത്രം നിർമിച്ചത്.
1980 ഒക്ടോബർ ആറിന് പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിലുള്ള കരിക്കൻ വില്ല എന്ന വീട്ടിൽ കെ.സി. ജോർജ് (63), റേച്ചൽ (56) എന്നീ ദമ്പതികൾ ക്രൂരമായി കൊല ചെയ്യപ്പെട്ടു. കുട്ടികളില്ലാത്ത ധനികരായ ഇവർ വർഷങ്ങളോളം കുവൈത്തിൽ ജോലി ചെയ്ത ശേഷം തിരുവല്ലയിൽ സ്ഥിരതാമസമാക്കിയവരാണ്. പിറ്റേന്ന് രാവിലെ അവരുടെ വീട്ടുജോലിക്കാരിയായ ഗൗരിയാണ് കുത്തിക്കൊലപ്പെടുത്തിയ നിലയിൽ ഇരുവരുടേയും മൃതദേഹങ്ങൾ കണ്ടെത്തിയത്. പൊലീസ് അന്വേഷണത്തിൽ റേച്ചലിന്റെ ആഭരണങ്ങൾ, ജോർജിന്റെ റോളക്സ് വാച്ച്, ഒരു ടേപ്പ് റെക്കോർഡർ, പണം എന്നിവ നഷ്ടപ്പെട്ടതായി കണ്ടെത്തി. അന്വേഷണത്തിനിടെ വീടിനുള്ളിൽ ചിതറിക്കിടക്കുന്ന രക്തക്കറ പുരണ്ട പേപ്പറുകളിൽ ഒരു ഷൂവിന്റെ അടയാളങ്ങൾ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു.
തുടർന്ന് ഗൗരി നടത്തിയ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ അന്വേഷണത്തിൽ വഴിത്തിരിവായി മാറി. കുറ്റം നടക്കുന്നതിന് തലേ ദിവസം വൈകുന്നേരം ജോലി കഴിഞ്ഞ് പോകുമ്പോൾ കാറിൽ നാല് പേർ വീട്ടിൽ എത്തിയിരുന്നുവെന്ന് അവർ പറഞ്ഞു. റേച്ചൽ തന്നോട് ചായ ഉണ്ടാക്കാൻ ആവശ്യപ്പെട്ടു. അത് മദ്രാസിലെ മോൻ ആണെന്നാണ് അവർ ഗൗരിയോട് പറഞ്ഞത്. ഈ സൂചന ജോർജിന്റെ ബന്ധുവായ മദ്രാസിൽ (ചെന്നൈ) പഠിക്കുന്ന റെനി ജോർജ്ജിലേക്ക് നയിക്കുകയും കൊലപാതകി അയാളാണെന്ന് പൊലീസ് കണ്ടെത്തുകയും ചെയ്തു.
മൗറീഷ്യസിൽ നിന്നുള്ള ഹസൻ ഗുലാം മുഹമ്മദ്, മലേഷ്യയിൽ നിന്നുള്ള ഗുണശേഖരൻ, കെനിയയിൽ നിന്നുള്ള കിബ്ലോ ഡാനിയേൽ എന്നീ സുഹൃത്തുക്കളുടെ സഹായത്തോടെയാണ് റെനി കുറ്റകൃത്യം ചെയ്തതെന്ന് പൊലീസ് കണ്ടെത്തി. നാലുപേരും മദ്രാസിൽ എയറോനോട്ടിക്കൽ എഞ്ചിനീയറിങ് വിദ്യാർഥികളായിരുന്നു. മദ്യത്തിനും മയക്കുമരുന്നിനും അടിമകളായിരുന്ന ഇവർ ലഹരിക്ക് പണം കണ്ടെത്തുന്നതിനായി മുമ്പ് ചെറിയ മോഷണങ്ങളിൽ ഏർപ്പെട്ടിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. കൊലപാതകം നടത്താനും പണം മോഷ്ടിക്കാനും അവർ ചെന്നൈയിൽ നിന്ന് തിരുവല്ലയിലേക്ക് എത്തുകയായിരുന്നു. പ്രതികൾ ധരിച്ചിരുന്ന വിദേശ നിർമിത ഷൂസിന്‍റെ അടയാളങ്ങളായിരുന്നു സംഭവസ്ഥലത്ത് കണ്ടെത്തിയത്. പിന്നീട് റെനിയുടെ വീട്ടിൽ നിന്ന് ഉദ്യോഗസ്ഥർ ഷൂസ് കണ്ടെടുത്തു. ഇത് കൊലപാതകത്തിൽ ഇവരുടെ പങ്കാളിത്തം സ്ഥിരീകരിക്കുന്നതിൽ വഴിത്തിരിവായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

