കാൻ ചലച്ചിത്രമേളയിൽ സത്യജിത് റേയുടെ 'ആരണ്യർ ദിൻ രാത്രി' പ്രദർശിപ്പിക്കും
text_fields78-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ സത്യജിത് റേയുടെ ഏറെ പ്രശംസ നേടിയ 'ആരണ്യർ ദിൻ രാത്രി' പ്രദർശിപ്പിക്കും. 1970ലെ ഈ ബംഗാളി ക്ലാസിക് റീസ്റ്റോർ ചെയ്ത് 4K പതിപ്പിൽ മേളയുടെ ക്ലാസിക് വിഭാഗത്തിലാണ് പ്രദർശിപ്പിക്കുന്നത്. മെയ് 13 മുതൽ ഫ്രഞ്ച് റിവേരിയയിൽ ആരംഭിക്കുന്ന കാൻ ഫിലിം ഫെസ്റ്റിവലിൽ ഷർമിള ടാഗോർ, ചലച്ചിത്ര നിർമാതാവ് വെസ് ആൻഡേഴ്‌സൺ എന്നിവരും മറ്റ് അവതാരകരും പങ്കെടുക്കും.
പൈതൃക സിനിമയെ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള സത്യജിത് റേയുടെ പ്രതിബദ്ധതയുടെ ഭാഗമായാണ് അദ്ദേഹത്തിന്റെ സിനിമ പ്രദർശിപ്പിക്കുന്നത്. സൗമിത്ര ചാറ്റർജി, റാബി ഘോഷ്, പഹാരി സന്യാൽ, ഷർമിള ടാഗോർ, സിമി ഗരേവാൾ എന്നിവരുൾപ്പെടെയുള്ള താരനിര അഭിനയിക്കുന്ന 'ആരണ്യേർ ദിൻ രാത്രി' സുനിൽ ഗംഗോപാധ്യായയുടെ നോവലിനെ അടിസ്ഥാനമാക്കിയുള്ളതാണ്.
ജാർഖണ്ഡിലെ കാടുകളിൽ താൽക്കാലികമായി ഇടം നേടുന്ന നാല് സുഹൃത്തുക്കളുടെ കഥയാണ് 'ആരണ്യേർ ദിൻ രാത്രി'. പുരുഷത്വം, വർഗം, സാംസ്കാരിക അപചയം എന്നീ വിഷയങ്ങളും ഇതിൽ ചർച്ച ചെയ്യപ്പെടുന്നു. ചിത്രത്തിന്റെ 4K പതിപ്പ് യഥാർത്ഥ കാമറ, ശബ്‌ദ നെഗറ്റീവുകളിൽ നിന്നാണ് എടുത്തത്. ഇത് ശ്രദ്ധാപൂർവ്വം സംരക്ഷിച്ചിരിക്കുന്നത് നിർമാതാവ് പൂർണിമ ദത്തയാണ്.
1970ൽ ആദ്യമായി പ്രദർശിപ്പിച്ച 'ആരണ്യേർ ദിൻ രാത്രി' 20-ാമത് ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള നോമിനേഷനോടെ ആഗോളതലത്തിൽ അംഗീകാരം നേടി. കാൻ ക്ലാസിക്സ് വിഭാഗത്തിൽ ശ്രീലങ്കൻ സംവിധായിക സുമിത്ര പെരീസിന്റെ 'ഗെഹെനു ലമായ്' (1978) എന്ന സിംഹള ചിത്രവും പ്രദർശിപ്പിക്കും. മെയ് 24 ന് ചലച്ചിത്രമേള അവസാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

