'സർവ്വം മായ' ഒ.ടി.ടിയിലേക്ക്...എപ്പോൾ എവിടെ കാണാം?
text_fieldsസർവ്വം മായ സിനിമയിൽ നിന്നും
2025 വർഷാവസാനം തിയറ്ററിൽ എത്തി നിവിൻ പോളിയുടെ കരിയറിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ഹിറ്റായി മാറിയ ചിത്രമാണ് സർവ്വം മായ. അഖിൽ സത്യൻ രചനയും സംവിധാനവും നിർവഹിച്ച ചിത്രം തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി. ഇപ്പോൾ സർവ്വം മായയുടെ ഒ.ടി.ടി റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ. ചിത്രം ജിയോ ഹോട്ട്സ്റ്റാറിലൂടെ ഫെബ്രുവരിയിൽ കാണാം എന്ന റിപ്പോട്ടാണിപ്പോൾ പുറത്തുവരുന്നത്.
പൂർണമായ തിയറ്റർ റൺ പൂർത്തിയാക്കിയ ശേഷമേ ചിത്രം ഒ.ടി.ടിയിൽ എത്തൂ എന്നാണ് പ്രതീക്ഷിക്കുന്നത്. കുറഞ്ഞത് 45 ദിവസത്തിന് ശേഷം ചിത്രം ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്യുമെന്നാണ് ഇന്ത്യൻ എക്സ്പ്രസ് മലയാളം റിപ്പോർട്ട് ചെയ്തത്.
നിവിൻ പോളിയുടെ തിരിച്ചുവരവ് അടയാളപ്പെടുത്തിയ ചിത്രമെന്നാണ് ആരാധകർ 'സർവ്വം മായ'യെ വിശേഷിപ്പിച്ചത്. റിലീസ് ചെയ്ത് ആദ്യ അഞ്ച് ദിവസങ്ങൾക്കുള്ളിൽ 50 കോടിയോളം രൂപയാണ് ചിത്രം ബോക്‌സ് ഓഫിസിൽ നേടിയത്. റിലീസ് ചെയ്ത് 11 ദിവസത്തിനകം ലോകമെമ്പാടുമായി 109.65 കോടിയാണ് ചിത്രം നേടിയത്.
നിവിന്‍റെ കരിയറിലെ ആദ്യ 100 കോടി ചിത്രമാണ് 'സർവ്വം മായ'. കേരള ബോക്സ് ഓഫിസിൽ ആദ്യ ദിവസം തന്നെ ചിത്രം ഏകദേശം 3.50 കോടി രൂപ നേടിയിരുന്നു. ഇത് നിവിൻ പോളിയുടെ കരിയറിലെ ഏറ്റവും മികച്ച സോളോ തുടക്കമാണ്. നിവിൻ പോളിയും അജു വർഗീസും ഒന്നിക്കുന്ന ചിത്രമായതിനാൽ തന്നെ ആരാധകർ വലിയ പ്രതീക്ഷയിലായിരുന്നു. ആ പ്രതീക്ഷ കാത്തുസൂക്ഷിക്കാൻ സിനിമക്ക് കഴിഞ്ഞു എന്നാണ് കലക്ഷൻ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ഫാന്‍റസി ഹൊറർ കോമഡി ഴോണറിലാണ് 'സർവ്വം മായ' ഒരുക്കിയിരിക്കുന്നത്. ക്രിസ്മസ് ദിനമായ ഡിസംബർ 25നാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്. നിവിൻ പോളിയും അജു വർഗീസും ഒരുമിക്കുന്ന പത്താമത്തെ ചിത്രം എന്ന പ്രത്യേകതയും സർവ്വം മായക്കുണ്ട്. ഈ കോമ്പോയിൽ പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം പ്രേക്ഷക സ്വീകാര്യത നേടിയിട്ടുള്ളതാണ്.
നിവിൻ പോളി, അജു വർഗീസ് എന്നിവർക്കൊപ്പം ജനാർദനൻ, രഘുനാഥ് പാലേരി, മധുവാര്യർ, അൽതാഫ് സലിം, പ്രീതി മുകുന്ദൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ഫയർഫ്ലൈ ഫിലിംസിന്റെ ബാനറിൽ അജയ്യ കുമാർ, രാജീവ് മേനോൻ എന്നിവരാണ് ചിത്രം നിർമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

