വിക്കി, ആലിയ, രൺബീർ; ബ്രഹ്മാണ്ഡ ചിത്രവുമായി ബൻസാലി; 'ലവ് ആൻഡ് വാർ'റിലീസ് തീയതി പുറത്ത്
text_fieldsരൺബീർ കപൂർ, ആലിയ ഭട്ട്, വിക്കി കൗശൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സഞ്ജയ് ലീല ബൻസാലി നിർമിക്കുന്ന ചിത്രമാണ് ലവ് ആന്റ് വാർ. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ റിലീസിങ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ.2026 മാർച്ച് 20 നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.
17 വർഷങ്ങൾക്ക് ശേഷമാണ് രൺബീർ കപൂർ ബൻസാലി ചിത്രത്തിലെത്തുന്നത്. 2007 ൽ പുറത്തിറങ്ങിയ'സാവരിയ' എന്ന ബൻസാലി ചിത്രത്തിലൂടെയാണ് രൺബീർ കപൂർ അഭിനയരംഗത്തേക്ക് എത്തുന്നത്.. 'ഗംഗുഭായ് കത്തിയവാടി' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ആലിയ ഭട്ട് അഭിനയിക്കുന്ന സഞ്ജയ് ലീല ബൻസാലി എന്ന പ്രത്യേകതയും 'ലവ് ആൻഡ് വാറി'നുണ്ട്. ഇതാദ്യമായിട്ടാണ് വിക്കി കൗശൽ ഒരു സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ അഭിനയിക്കുന്നത്.
ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ട് ഈ വർഷം അവസാനം ആരംഭിക്കും. ജനുവരിയിലായിരുന്നു ചിത്രം പ്രഖ്യാപിച്ചത്. ഈ വർഷം ക്രിസ്തുമസിന് ചിത്രം തിയറ്ററുകളിലെത്തിക്കാനാണ് ആദ്യ പദ്ധതിയിട്ടിരുന്നത്. എന്നാൽ ചിത്രം നീണ്ടു പോവുകയായിരുന്നു.'ഹീരമാണ്ടി' എന്ന വെബ്സീരീസാണ് ബൻസാലിയുടേതായി ഏറ്റവും ഒടുവിലെത്തിയ പ്രൊജക്ട്. 'ഗംഗുഭായ് കത്തിയവാടി'യാണ് ഏറ്റവും ഒടുവിൽ തിയറ്ററുകളിലെത്തിയ സഞ്ജയ് ലീല ബൻസാലി ചിത്രം. ഏകദേശം 200 കോടിക്കും മുകളിലാണ് ചിത്രം ബോക്സ് ഓഫീസിൽ നിന്ന് സ്വന്തമാക്കിയത്.

