‘‘വട്ടിപ്പലിശക്കാരന്റെ ഗൂഢനീക്കത്തിന് കൂട്ടുനിൽക്കരുത്’’; ലിസ്റ്റിൻ സ്റ്റീഫനെതിരെ വീണ്ടും സാന്ദ്ര തോമസ്
text_fieldsലിസ്റ്റിൻ സ്റ്റീഫൻ, സാന്ദ്ര തോമസ്
കൊച്ചി: നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫനെതിരെ വീണ്ടും ആരോപണവുമായി സാന്ദ്ര തോമസ് രംഗത്ത്. മലയാള സിനിമ കൈപ്പിടിയിൽ ഒതുക്കാനുള്ള തമിഴ്നാട്ടിലെ വട്ടിപ്പലിശക്കാരന്റെ ഗൂഢനീക്കത്തിന് ലിസ്റ്റിൻ സ്റ്റീഫൻ കൂട്ടുനിൽക്കരുതെന്നാണ് സാന്ദ്ര തോമസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടത്. ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റ്, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ട്രഷറർ എന്നീ സ്ഥാനങ്ങൾ വഹിക്കുന്ന ലിസ്റ്റിൻ സ്റ്റീഫൻ മലയാള സിനിമ വ്യവസായത്തിനുവേണ്ടി നല്ലകാര്യങ്ങൾ ചെയ്യാൻ ചുമതലപ്പെട്ടയാളാണെന്നും അടുത്ത തെരഞ്ഞെടുപ്പിൽ ഫിലിം ചേംബറിന്റെ ഭാരവാഹിയാകാനുള്ള അണിയറ നീക്കങ്ങൾ അദ്ദേഹം നടത്തുന്നത് അറിയാമെന്നും അവർ ചൂണ്ടിക്കാട്ടി.
മലയാള സിനിമയുടെ സമസ്ത മേഖലകളും ലിസ്റ്റിന്റെ കൈപ്പിടിയിൽ ഒതുങ്ങണമെന്ന താൽപര്യം അദ്ദേഹത്തെക്കാൾ കൂടുതൽ സംസ്ഥാനത്തിന് പുറത്തുള്ള കള്ളപ്പണ ലോബിക്കാണ്. സിനിമയുടെ പ്രമോഷൻ പരിപാടിയിൽ ലിസ്റ്റിൻ നടത്തിയ ഭീഷണി പ്രസംഗവും ഗൂഢാലോചനയുടെ ഭാഗമായി കാണുന്നു. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അടുത്തകാലത്ത് സിനിമയുടെ ലാഭനഷ്ട കണക്കുകൾ പുറത്തുവിടുന്നതും ഇത്തരമൊരു ഗൂഢതന്ത്രത്തിന്റെ ഭാഗമാണ്.
തിയറ്ററുകളിൽനിന്ന് ലഭിക്കുന്ന പണത്തിന്റെ മാത്രം കണക്ക് പുറത്തുവിട്ട് മലയാള സിനിമാ വ്യവസായം നഷ്ടമാണെന്ന് വരുത്തിത്തീർത്ത് മലയാള സിനിമയിൽ നിന്ന് നിക്ഷേപകരെ അകറ്റുന്ന നടപടിയാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഇപ്പോൾ ചെയ്യുന്നത്. ലിസ്റ്റിന്റെ ഇപ്പോഴത്തെ വാക്കുകളിലും പ്രവൃത്തികളിലും ഒരു ഒറ്റുകാരന്റെ കൊതിയും കിതപ്പും കാണുന്നുണ്ട്. പേക്ഷ, അതിന് സ്വീകരിക്കുന്ന തെറ്റായ മാർഗങ്ങൾ മലയാള സിനിമക്കും നമ്മുടെ നാടിനും ഒട്ടും നല്ലതല്ല.
തീർത്തും നല്ല ഉദ്ദേശ്യത്തോടെയാണ് പറയുന്നത്. ഇതെല്ലാം അറിഞ്ഞിട്ടും സിനിമാസംഘടനാ നേതൃത്വത്തിൽ ഇരിക്കുന്നവർ കുറ്റകരമായ മൗനം പാലിക്കുന്നതും നിസ്സഹായതയാൽ പിന്തുണക്കുന്നതും കാണുമ്പോൾ അതിയായ ദുഃഖം തോന്നുന്നുവെന്നും സാന്ദ്ര പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

