കലക്ഷനിൽ കുതിച്ച് കയറി സന്ദീപ് പ്രദീപിന്‍റെ ‘എക്കോ’; എത്ര നേടി?
text_fieldsദിന്‍ജിത്ത് അയ്യത്താനും ബാഹുല്‍ രമേശും വീണ്ടും ഒന്നിച്ചപ്പോൾ കിട്ടിയത് മറ്റൊരു ഇൻഡസ്റ്ററി ഹിറ്റ്. കിഷ്‌കിന്ധാ കാണ്ഡം എന്ന സിനിമയൊരുക്കി ഞെട്ടിച്ച കൂട്ടുകെട്ടാണ് ദിന്‍ജിത്ത് അയ്യത്താനും ബാഹുല്‍ രമേശും. ഈ ചിത്രത്തിന് ശേഷമുള്ള ഇവരുടെ ഏറ്റവും പുതിയ ചിത്രമാണ് സന്ദീപ് പ്രദീപ് നായകനായ എക്കോ. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. ആനിമല്‍ ട്രയോളജിയിലെ മൂന്നാമത്തേത് എന്ന ടാഗ് ലൈനുമായാണ് എക്കോ തിയറ്ററിലെത്തിയത്. ഹോട്ട്‌സ്റ്റാറിനായി ഒരുക്കിയ കേരള ക്രൈം ഫയല്‍സ് സീസണ്‍ 2 ആണ് ആനിമല്‍ ട്രയോളജിയിലെ രണ്ടാമത്തെ ഭാഗം.
ആദ്യ ദിവസം 80 ലക്ഷം നേടിയ എക്കോ രണ്ടാം ദിവസം 1.85 കോടിയാണ് നേടിയത്. മൂന്നാം ദിവസം വന്‍ കുതിപ്പ് നടത്തിയ സിനിമ നേടിയത് 3.15 കോടിയാണെന്നാണ് സക്‌നില്‍ക്ക് റിപ്പോര്‍ട്ട് പറയുന്നത്. ഇതുവരെ ചിത്രം ആഗോള തലത്തില്‍ നേടിയത് 6.85 കോടിയാണെന്നാണ് റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നു. കണക്കുകൾ പ്രകാരം വരും ദിവസങ്ങളിൽ കുതിപ്പ് തുടരാനാണ് സാധ്യത. കലക്ഷൻ കണക്കുകളിൽ പൃഥ്വിരാജിന്‍റെ ചിത്രം വിലായത്ത് ബുദ്ധയെ എക്കോ മറികടന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
പരസ്പരം ബന്ധമില്ലാത്ത മൂന്ന് കഥകളാണ് എക്കോയിൽ ഉള്ളത്. കിഷ്കിന്ധാകാണ്ഡത്തിൽ കുരങ്ങുകൾക്ക് പ്രാധാന്യം നൽകിയപ്പോൾ എക്കോയിൽ അത് നായകൾക്കാണ്. ആരാധ്യ സ്റ്റുഡിയോസിന്റെ ബാനറിൽ എം.ആർ.കെ ജയറാം നിർമിച്ച ചിത്രത്തിൽ സൗരബ് സച്ചിദേവ്, നരേൻ, വിനീത്, അശോകൻ, ബിനു പപ്പു, രഞ്ജിത്ത് ശേഖർ, സഹീർ മുഹമ്മദ്, ബിയാനാ മോമിൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.
'ഒരുപാട് സന്തോഷമുണ്ട് പ്രതീക്ഷിച്ചതിലും നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ഇത്രപെട്ടെന്ന് ഇത്ര നല്ല പ്രതികരണം ലഭിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചില്ല. ഒരു നടനെന്ന നിലയിൽ എനിക്ക് വളരാൻ പറ്റുന്ന ഒരുപാട് കാര്യങ്ങൾ ഈ സിനിമയിൽ നിന്ന് ലഭിച്ചു. ഒന്നാമത്തേത് ഇതിന്‍റെ ടെക്നിക്കൽ ടീം തന്നെയാണ്. കിഷ്കിന്ധാ കാണ്ഡം ഇറങ്ങിയപ്പോൾ തന്നെ ഇവരോടൊപ്പം പ്രവർത്തിക്കണമെന്ന് ഉണ്ടായിരുന്നു. ഈ സിനിമ ഒരു അച്ചീവ്മെന്‍റായി തന്നെ തോന്നുകയാണ്. പിന്നെ അഭിനേതാക്കൾ എല്ലാം തന്നെ മികച്ച പ്രകടനം കാഴ്ചവെക്കുന്നവരാണ്. വളരെ സന്തോഷമുണ്ട്' -സന്ദീപ് പ്രദീപ് പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

