സാമന്തയെ ഇങ്ങനെ കാണുന്നതിൽ ദുഃഖമുണ്ട്, സൗന്ദര്യം നഷ്ടപ്പെട്ടു; മറുപടിയുമായി നടി
text_fieldsനടി സാമന്തയുടെ ഏറ്റവും പുതിയ ചിത്രമാണ് ശാകുന്തളം. ഗുണശേഖർ രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ മലയാളി താരം ദേവ് മോഹനാണ് നായകൻ. കഴിഞ്ഞ ദിവസം നടന്ന ട്രെയിലർ ലോഞ്ചിൽ സാമന്ത എത്തിയിരുന്നു. മയോസൈറ്റിസ് രോഗത്തെ തുടർന്നുള്ള ചികിത്സക്ക് ശേഷം നടി ആദ്യമായി എത്തുന്ന പൊതുപരിപാടിയാണിത്.
സിനിമയുടെ പ്രെമോഷൻ പരിപാടികളിൽ സജീവമായിരുന്നു സാമന്ത. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ ഇടംപിടിക്കുന്നത് സാമന്തയുടെ ട്വീറ്റാണ്. 'നടിയുടെ സൗന്ദര്യം നഷ്ടപ്പെട്ടു. ഇങ്ങനെ കാണുന്നതിൽ ദുഃഖം ഉണ്ട്. വിവാഹ മോചിതയാവുകയും ശേഷം പ്രഫഷനില്‍ മുന്നേറുമ്പോഴാണ് മയോസൈറ്റിസ് ബാധിച്ചത്. ഇത് നടിയെ വീണ്ടും ദുർബലയാക്കി' എന്ന് ഒരു ഓൺലൈൻ മാധ്യമം പ്രചരണ പരിപാടിയിൽ നിന്നുള്ള ചിത്രത്തിനൊപ്പം ട്വീറ്റ് ചെയ്തു. ഇതിന് സമന്ത നൽകിയ മറുപടിയാണ് ചർച്ചയാവുന്നത്.
'നിങ്ങൾ ഒരിക്കലും മാസങ്ങളോളം ഞാൻ കടന്നു പോയ ചികിത്സയിലൂടെയും മരുന്നുകളിലൂടെയും കടന്ന് പോവാതിരിക്കട്ടെ എന്ന് ഞാന്‍ പ്രാർഥിക്കുന്നു. നിങ്ങളുടെ മുഖകാന്തി കൂട്ടാന്‍ ഇതാ എന്റെ കുറച്ച് സ്‌നേഹം' എന്നായിരുന്നു മറുപടി. സാമന്തക്ക് പിന്തുണയുമായി ആരാധകർ എത്തിയിട്ടുണ്ട്.
യശോദ ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ചാണ് തനിക്ക് മയോസൈറ്റിസ് രോഗം ബാധിച്ചതിനെ കുറിച്ച് നടി വെളിപ്പെടുത്തിയത്. ആശുപത്രിയിൽ നിന്നുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് കൊണ്ടാണ് രോഗവിവരത്തെ കുറിച്ച് പറഞ്ഞത്
'യശോദ ട്രെയിലറിന് ലഭിച്ച പ്രതികരണങ്ങള്‍ എന്നെ ശക്തിപ്പെടുത്തുന്നു. നിങ്ങള്‍ തരുന്ന ആ സ്‌നേഹവും ബന്ധവുമാണ് എനിക്ക് ജീവിതത്തിലെ വെല്ലുവിളികളെ നേരിടാനുള്ള ശക്തി. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് എനിക്ക് ഓട്ടോ ഇമ്മ്യൂൺ രോഗമായ മയോസൈറ്റിസ് പിടിപെട്ടു. രോഗം ഭേദമായിക്കഴിഞ്ഞ ശേഷം നിങ്ങളോട് പറയാമെന്ന് കരുതിയതായിരുന്നു. പക്ഷേ, ഇത് മാറാന്‍ ഞാന്‍ വിചാരിച്ചതിലും സമയമെടുക്കും; എന്നായിരുന്നു സാമന്ത പറഞ്ഞത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

