'ബാറ്റിൽ ഓഫ് ഗൽവാൻ' മാറി; സൽമാൻ ഖാന്‍റെ ചിത്രം ഇനി 'മാതൃഭൂമി: മേ വാർ റെസ്റ്റ് ഇൻ പീസ്'
text_fieldsസൽമാൻ ഖാൻ
ഗൽവാൻ താഴ്വരയിലെ സംഘർഷത്തെ ആസ്പദമാക്കി ഒരുങ്ങുന്ന സൽമാൻ ഖാന്റെ പുതിയ ചിത്രത്തിന്റെ പേര് മാറ്റി. 'ബാറ്റിൽ ഓഫ് ഗൽവാൻ'എന്ന പേരിൽ പ്രഖ്യാപിച്ചിരുന്ന ചിത്രം ഇനി 'മാതൃഭൂമി: മേ വാർ റെസ്റ്റ് ഇൻ പീസ്' എന്ന പേരിലായിരിക്കും അറിയപ്പെടുക.
പുതിയ പേരും ചിത്രത്തിന്റെ തീം വ്യക്തമാക്കുന്ന 'മേ വാർ റെസ്റ്റ് ഇൻ പീസ്' എന്ന സന്ദേശവും സൽമാൻ ഖാൻ ഔദ്യോഗികമായി പുറത്തുവിട്ടു. മുള്ളുകമ്പികൾ ഘടിപ്പിച്ച ചങ്ങല കൊണ്ട് പൊതിഞ്ഞ, ചോര പുരണ്ട മരത്തടിക്ക് പിന്നിൽ നിന്ന് സൽമാൻ ഖാൻ നോക്കുന്ന രീതിയിലുള്ളതാണ് പുതിയ പോസ്റ്റർ. നേരത്തെ ഏപ്രിൽ 17ന് റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രം ഇപ്പോൾ ആഗസ്റ്റിലേക്കാണ് മാറ്റിയിരിക്കുന്നത്.
അപൂർവ്വ ലഖിയ സംവിധാനം ചെയ്യുന്ന ഈ ചിത്രം 2020 ജൂൺ 15ന് ഗൽവാൻ താഴ്വരയിൽ ഇന്ത്യൻ-ചൈനീസ് സൈനികർ തമ്മിലുണ്ടായ യഥാർത്ഥ സംഘർഷത്തെ ആസ്പദമാക്കിയുള്ളതാണ്. ദശാബ്ദങ്ങൾക്കിടയിലെ ഏറ്റവും രൂക്ഷമായ ഈ സൈനിക ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചിരുന്നു. 16 ബിഹാർ റെജിമെന്റിന്റെ കമാൻഡിങ് ഓഫീസറായിരുന്ന കേണൽ സന്തോഷ് ബാബുവിന്റെ വേഷമാണ് ചിത്രത്തിൽ സൽമാൻ ഖാൻ അവതരിപ്പിക്കുന്നത്.
സൽമാൻ ഖാനൊപ്പം ചിത്രാംഗദ സിങ്, അഭിലാഷ് ചൗധരി, അങ്കുർ ഭാട്ടിയ എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. ഹിമേഷ് രശ്മിയയാണ് ചിത്രത്തിന് സംഗീതം നൽകുന്നത്. ചിത്രത്തിന്റെ ടീസർ പുറത്തുവന്നതിന് പിന്നാലെ ചൈനയിൽ നിന്ന് കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്. സംഭവങ്ങളെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച് ചൈനീസ് സമൂഹമാധ്യമമായ വെയ്‌ബോയിൽ (Weibo) നിരവധി പേർ രംഗത്തെത്തി. ചൈനീസ് ഔദ്യോഗിക മാധ്യമങ്ങളും ചിത്രത്തിനെതിരെ വിമർശനവുമായി എത്തിയിട്ടുണ്ട്. എന്നാൽ ഈ വിമർശനങ്ങളെ സർക്കാർ വൃത്തങ്ങൾ തള്ളിക്കളഞ്ഞു.
ചിത്രവുമായി ബന്ധപ്പെട്ട് തങ്ങൾക്ക് യാതൊരു പങ്കുമില്ലെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം (MEA) വ്യക്തമാക്കി. ഇന്ത്യയിലെ ചലച്ചിത്ര നിർമാണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അതത് അധികാരികളാണ് കൈകാര്യം ചെയ്യുന്നതെന്നും, ഇത്തരം സംരംഭങ്ങളിൽ വിദേശകാര്യ മന്ത്രാലയത്തിന് ഇടപെടലുകൾ ഇല്ലെന്നും വക്താവ് രൺധീർ ജയ്‌സ്വാൾ അറിയിച്ചു.
2020ലെ ഗൽവാൻ സംഘർഷം ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധത്തിൽ വലിയ വിള്ളലുകൾ ഉണ്ടാക്കിയിരുന്നു. ഇതിനുശേഷം ഇന്ത്യ 200ലധികം ചൈനീസ് മൊബൈൽ ആപ്പുകൾ (ടിക് ടോക്ക് ഉൾപ്പെടെ) നിരോധിക്കുകയും, ചൈനീസ് കമ്പനികളുടെ നിക്ഷേപങ്ങളിൽ കർശന പരിശോധന ഏർപ്പെടുത്തുകയും ചെയ്തു. ചൈനീസ് ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കണമെന്ന ആവശ്യം അക്കാലത്ത് രാജ്യത്ത് ശക്തമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

