അന്ന് ദേഷ്യംകൊണ്ട് രൺബീറിനെ സൽമാൻ ഖാൻ കുളത്തിലേക്ക് തള്ളിയിടാൻ ഒരുങ്ങി; പിന്നീട് മാപ്പ് ചോദിച്ചത് വിലകൂടിയ വാച്ച് സമ്മാനമായി നൽകിക്കൊണ്ട്!
text_fieldsബോളിവുഡ് താരങ്ങളുടെയും സംവിധായകരുടെയും പ്രിയപ്പെട്ട റെസ്റ്റോറന്‍റാണ് മുംബൈയിലെ പ്രശസ്തമായ 'ഒലിവ് ബാർ ആൻഡ് കിച്ചൻ'. വർഷങ്ങളായി സിനിമാലോകത്തെ പല സൗഹൃദങ്ങൾക്കും പിണക്കങ്ങൾക്കും സാക്ഷ്യം വഹിച്ച ഈ റെസ്റ്റോറന്റിന്റെ തുടക്കകാലത്തെ ചില രസകരമായ പിന്നാമ്പുറ കഥകൾ പങ്കുവെച്ചിരിക്കുകയാണ് അതിന്റെ സ്ഥാപകനായ എ.ഡി. സിങ്. വർഷങ്ങൾക്ക് മുൻപ് സൂപ്പർതാരം സൽമാൻ ഖാനും യുവനടൻ രൺബീർ കപൂറും തമ്മിൽ അവിടെവെച്ചുണ്ടായ ഒരു അപ്രതീക്ഷിത സംഭവത്തെക്കുറിച്ചാണ് അദ്ദേഹം ഇപ്പോൾ തുറന്നുപറഞ്ഞിരിക്കുന്നത്.
ബോളിവുഡിലെ മുതിർന്ന നടന്മാരായ ഋഷി കപൂറും രൺധീർ കപൂറും ഈ റെസ്റ്റോറന്റിലെ സ്ഥിരം സന്ദർശകരായിരുന്നു. ഒരിക്കൽ ഋഷി കപൂർ തന്നോട് മകൻ റൺബീർ കപൂർ ഫിലിം സ്കൂളിലെ പഠനം കഴിഞ്ഞ് തിരിച്ചെത്തിയെന്നും, സിനിമയോട് അവന് വലിയ അഭിനിവേശമാണെന്നും പറഞ്ഞിരുന്നതായി എ.ഡി. സിങ് പറഞ്ഞു. അക്കാലത്ത് ഒരു ദിവസം സൽമാൻ ഖാനും സുഹൃത്തുക്കളും റെസ്റ്റോറന്റിൽ പാർട്ടി ചെയ്യുകയായിരുന്നു. ആ സമയത്ത് അവിടെയുണ്ടായിരുന്ന രൺബീറും സൽമാനും തമ്മിൽ എന്തോ കാര്യത്തിന് ഒരു ചെറിയ വാക്കേറ്റമുണ്ടായി.
രൺബീർ കപൂർ ആരാണെന്നോ അദ്ദേഹം ഋഷി കപൂറിന്റെ മകനാണെന്നോ അന്ന് സൽമാൻ ഖാന് അറിയില്ലായിരുന്നു. ദേഷ്യം വന്ന സൽമാൻ ഖാൻ രൺബീറിനെ പിടിച്ച് റെസ്റ്റോറന്റിലെ മീൻകുളത്തിലേക്ക് തള്ളിയിടാൻ ആഞ്ഞു. എന്നാൽ ഭാഗ്യത്തിന് അവിടെയുണ്ടായിരുന്നവർ ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു. പിന്നീട് മാത്രമാണ് താൻ വഴക്കിട്ടത് പ്രിയ സുഹൃത്ത് ഋഷി കപൂറിന്റെ മകനോടാണെന്ന് സൽമാൻ തിരിച്ചറിയുന്നത്.
തന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റ് മനസ്സിലാക്കിയ സൽമാൻ ഖാൻ തൊട്ടടുത്ത ദിവസം തന്നെ രൺബീറിനെ കാണാനെത്തി. രൺബീറിന്റെ വീട്ടിലേക്ക് നേരിട്ടെത്തിയ അദ്ദേഹം, അന്നുണ്ടായ സംഭവത്തിന് ക്ഷമ ചോദിക്കുകയും പ്രായശ്ചിത്തമായി വിലകൂടിയ ഒരു ആഡംബര വാച്ച് റൺബീറിന് സമ്മാനമായി നൽകുകയും ചെയ്തു. ഒരു ചെറിയ പിണക്കത്തിൽ തുടങ്ങിയ ആ ബന്ധം പിന്നീട് വലിയൊരു സൗഹൃദമായി മാറുകയാണ് ചെയ്തത്. രൺബീർ കപൂറിന്റെയും സോനം കപൂറിന്റെയും അരങ്ങേറ്റ ചിത്രമായ 'സാവരിയ' എന്ന സിനിമയിൽ സൽമാൻ ഖാൻ ഒരു അതിഥി വേഷത്തിൽ എത്തിയതും ഈ സൗഹൃദത്തിന്റെ പുറത്തായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

