സഹോദരിയുടെ വാക്കു കേട്ട് നിറ കണ്ണുകളോടെ അക്ഷയ് കുമാർ, ആശ്വാസ വാക്കുകളുമായി സൽമാൻ ഖാൻ - വിഡിയോ
text_fieldsസിനിമയെ പോലെ കുടുംബത്തിനും ഏറെ പ്രധാന്യം കൊടുക്കുന്ന താരങ്ങളാണ് സൽമാൻ ഖാനും അക്ഷയ് കുമാറും. സിനിമാ തിരക്കുകൾക്കിടയിലും താരങ്ങൾ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാറുണ്ട്. ഇപ്പോഴിതാ അക്ഷയ് കുമാറിന്റെ ഒരു വൈകാരിക വിഡിയോ പങ്കുവെച്ചിരിക്കുകയാണ് നടൻ സൽമാൻ ഖാൻ. സഹോദരി അൽക്ക ഭാട്ടിയയുടെ വാക്കുകൾ കേട്ടാണ് നടൻ വികാരാധീനനാവുന്നത്.
'എല്ലാവരുമായി ഈ വിഡിയോ പങ്കുവെക്കണമെന്ന് തോന്നി. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ അക്കി. ഇതു കണ്ടപ്പോൾ എറെ സന്തോഷം തോന്നി. ഇനിയും ഫിറ്റായി തുടരുക. സന്തോഷത്തോടെ ജോലി ചെയ്യുക. ദൈവം എപ്പോഴും കൂടെയുണ്ടാകും' - സൽമാൻ കുറിച്ചു.
സൽമാന്റെ വാക്കുകളിൽ സന്തോഷം പങ്കുവെച്ച് അക്ഷയ് കുമാർ എത്തിയിട്ടുണ്ട്. നിങ്ങളുടെ സന്ദേശം ഹൃദയത്തിൽ സ്പർശിച്ചു. ആ വാക്കുകൾ എനിക്ക് ഏറെ ആശ്വാസമായി തോന്നുന്നു. ദൈവം നിങ്ങളേയും അനുഗ്രഹിക്കട്ടെ അക്ഷയ് കുമാർ മറുപടിയായി കുറിച്ചു.
ഈ വർഷം പുറത്തിറങ്ങിയ അക്ഷയ് കുമാറിന്റെ ചിത്രമായ 'രക്ഷാബന്ധ'ന്റെ പ്രചരണ ഭാഗമായി പങ്കെടുത്ത ഒരു ടെലിവിഷൻ ഷോയിലാണ് സഹോദരിയുടെ വാക്കുകൾ കേട്ട് നടൻ വികാരധീനനായത്.
നടനെ രാജു എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് സഹോദരി സംസാരിച്ചത്. 'നല്ലതും ചീത്തയുമായ എല്ലാ സമയത്തും നീ എന്റെ അരികിൽ നിന്നു, ഒരു പിതാവ്, സുഹൃത്ത് എന്നി നിലയിൽ എന്നോടൊപ്പം നിന്നും.നന്ദി എല്ലാത്തിനും" - അൽക്ക പറഞ്ഞു.