Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightവർഷങ്ങൾക്ക് മുമ്പ് ഒരു...

വർഷങ്ങൾക്ക് മുമ്പ് ഒരു ഹലാൽ സിനിമ സംവിധാനം ചെയ്ത കഥയുമായി സലാം ബാപ്പു

text_fields
bookmark_border
വർഷങ്ങൾക്ക് മുമ്പ് ഒരു ഹലാൽ സിനിമ സംവിധാനം ചെയ്ത കഥയുമായി സലാം ബാപ്പു
cancel

സക്കരിയ സംവിധാനം ചെയ്​ത ഹലാൽ ലവ്​ സ്​റ്റോറിയുമായി ബന്ധപ്പെട്ട്​ രസകരമായ കുറിപ്പ്​ പങ്കുവെച്ച്​ പ്രശസ്​ത സംവിധായകൻ സലാം ബാപ്പു. 2000ത്തി​െൻറ തുടക്കങ്ങളിൽ മലബാറിൽ നടക്കുന്ന കഥയാണ്​ ഹലാൽ ലവ്​ സ്​റ്റോറി. 'ഹറാമായ' സിനിമകൾ ഓടുന്ന നാട്ടിൽ സംഘടനയുടെ നിബന്ധനകളും പരിമിതികളും വെച്ചു കൊണ്ടു തന്നെ ഹലാലായ ഒരു ചെറു ചിത്രം ഒരുക്കാനായി സ്ഥലത്തെ പ്രധാന കലാകാരന്മാരുടെയും സംഘടന പ്രവർത്തകരുടേയും ചെറുസംഘം മുന്നോട്ടുവരുന്നതാണ്​ ചിത്രത്തി​െൻറ പ്രമേയം.

ഏതാണ്ട്​ അതേ അനുഭവത്തിലൂടെ യഥാർഥ ജീവിതത്തിൽ കടുന്നുപോയിട്ടുണ്ടെന്ന്​ വെളിപ്പെടുത്തുകയാണ്​ സലാം ബാപ്പു. ഫേസ്​ബുക്കിലാണ്​ അദ്ദേഹം കുറിപ്പ്​ പങ്കുവെച്ചത്​. ജമാഅത്തെ ഇസ്ലാമിയുടെ സാംസ്കാരിക സംഘടനയായ തനിമയുടെ ബാനറില്‍ ചിത്രീകരിക്കപ്പെട്ട 'വധു' എന്ന ഒരു മണിക്കൂര്‍ മാത്രം ദൈര്‍ഘ്യമുള്ള ടെലിഫിലിം സംവിധാനം ചെയ്തത് സലാം ബാപ്പു ആയിരുന്നു. ആ അനുഭവം ഓര്‍ത്തെടുത്ത അദ്ദേഹം ഹലാൽ ലവ്​ സ്​റ്റോറിയുടെ സംവിധായകൻ സക്കരിയ്യയെ 'വധു'വി​െൻറ സെറ്റിൽ വെച്ച്​ പരിചയപ്പെട്ടതും പിന്നീട്​ ബന്ധം വളർന്നതുമൊക്കെ പരാമർശിക്കുന്നുണ്ട്​.

സലാം ബാപ്പുവി​െൻറ ഫേസ്​ബുക്ക്​ പോസ്റ്റ്​

സുഡാനി ഫ്രം നൈജീരിയക്ക് ശേഷം സക്കറിയ സംവിധാനം ചെയ്ത ഹലാൽ ലവ്‌ സ്റ്റോറി ആദ്യ ദിവസം തന്നെ ആമസോണിൽ കണ്ടു, കേരളത്തിലെ ഇസ്ലാമിലെ പുരോഗമന പ്രസ്ഥാനം എന്ന് വിശേഷിപ്പിക്കുന്ന ജമാഅത്തെ ഇസ്ലാമിയുടെ സംസ്‌കാരിക സംഘടനയുടെ സിനിമാ പ്രവേശനവുമായി ബന്ധപ്പെട്ടതാണ് സക്കറിയയുടെ പുതിയ സിനിമയുടെ ഇതിവൃത്തം, ഇതിനു മുൻപ് ആരും കൈവെക്കാത്ത കഥാപരിസരം. ഹലാൽ ലൗ സ്റ്റോറി കണ്ടപ്പോൾ സിനിമയിൽ പറയുന്ന അതേ കാലഘട്ടത്തിലും ഇതേ രീതിയിലും എനിക്ക് ഉണ്ടായ ഒരനുഭവം ഓർത്തുപോയി, വർഷങ്ങൾക്കപ്പുറമുള്ള എ​െൻറ അനുഭവങ്ങളിലേക്ക് ചിത്രം എന്നെ കൂട്ടികൊണ്ടുപോയി‌.

2005ൽ ലാൽ ജോസ് സാറി​െൻറ അസ്സോസിയേറ്റ് ഡയറക്ടറായി പ്രവർത്തിക്കുന്നതിനിടയിൽ എറണാംകുളത്ത് സ്ഥിര താമസമാക്കിയിരുന്ന എന്നെ സുഹൃത്തും സഹോദര തുല്യനുമായ നജീബ്ക്ക (നജീബ് കുറ്റിപ്പുറം) ഒരു ദിവസം വിളിച്ചു,

''സലാം എവിടെയുണ്ട് ? അത്യാവശ്യമായി കോഴിക്കോട് വരെയൊന്ന് വരണം, ഒരു സിനിമയുടെ കാര്യം സംസാരിക്കാനാണ്''. എത്തേണ്ട സ്ഥലം പറഞ്ഞു തന്നു.

'കോഴിക്കോട് ജമാഅത്ത് ഇസ്‌ലാമിയുടെ ഹെഡ് ഓഫീസായ ഹിറാ സെൻറർ'. യാത്രയിലുടനീളം എ​െൻറ മനസ്സ് മുഴുവൻ ഒരേ ചിന്തയായിരുന്നു. ജമാഅത്തെ ഇസ്‌ലാമിയും സിനിമയും തമ്മിലെന്താണ് ബന്ധം. അക്കാലത്ത്‌ പ്രിൻറ്​ മീഡിയ മാത്രമാണു ജമാഅത്തെ ഇസ്ലാമി കൈകാര്യം ചെയ്തിരുന്നത്‌. മീഡിയ വൺ ചാനലൊന്നും ആരംഭിച്ചിരുന്നില്ലല്ലോ.

കോഴിക്കോട് ട്രെയിൻ ഇറങ്ങി, ഓട്ടോയിൽ കയറി ഹിറാ സെൻററിൽ വന്നിറങ്ങിയപ്പോൾ, ഫൈസൽ എന്നൊരു ചെറുപ്പക്കാരൻ എനിക്ക് വേണ്ടി അവിടെ കാത്തുനിൽപ്പുണ്ടായിരുന്നു. നജീബ്ക്ക പറഞ്ഞതനുസരിച്ച് ഒരാഴ്ചത്തേക്ക് താമസിക്കാൻ റെഡിയായാണ് ഞാൻ എത്തിയത്, റൂമിൽ എത്തി, കുളി കഴിഞ്ഞ്‌ താഴെ മീറ്റിങ് റൂമിലെത്തിയപ്പോൾ എനിക്കായ് ഒരുപാട് പേർ അവിടെ കാത്തിരിക്കുന്നുണ്ടായിരുന്നു.

'ഞാൻ സലാം '
എന്ന എ​െൻറ സ്വയം പരിചയപ്പെടുത്തൽ കേട്ട് അവരെ അഭിവാദ്യം ചെയ്തതാണെന്ന് കരുതി എല്ലാവരും കൂട്ടത്തോടെ
'അലൈക്കും വസ്സലാം'
മറുപടിയായി പറഞ്ഞത് എന്നെ അല്പം അന്താളിപ്പിച്ചു. നജീബ്ക്ക ഓരോരുത്തരെയായി എനിക്ക് പരിചയപ്പെടുത്തി തന്നു.

പി.ടി. അബ്ദുറഹിമാൻ സാഹിബ്, ടി.കെ.ഹുസൈൻ സാഹിബ്, ഹനീഫ് സാഹിബ്, അഷ്‌റഫ് സാഹിബ്, ഫൈസൽ സാഹിബ് പിന്നെ മൂന്നു നാല്‌ പേര് വേറെയും...
ഫാതിഹക്ക് ശേഷം എന്നെ വിളിപ്പിച്ച ലക്ഷ്യം അവർ വ്യക്തമാക്കി.
"അൽ ഹലാലു ബയ്യിനുൻ വൽ ഹറാമു ബയ്യിനുൻ. ഹലാലായ കാര്യങ്ങൾ സുവ്യക്തമാണ്, ഹറാമായ കാര്യങ്ങളും സുവ്യക്തമാണ്." ഇസ്‌ലാമിൽ ഹറാം എന്നാൽ നിഷിദ്ധവും ഹലാൽ എന്നാൽ അനുവദനീയവുമാണ്. നിയ്യത്തെന്നാൽ ഉദ്ദേശ ശുദ്ധി, നിയ്യത്താണ് ഓരോ കാര്യത്തെയും ഹലാലും ഹറാമും ആക്കുന്നത്. സിനിമയെന്നത് ഹറാമായ ഒരു സമുദായത്തിൽ നിന്നും ആ കലയെ ഹലാലാക്കി മാറ്റുക എന്ന നിയ്യത്തോടെ ഒരു സിനിമയെടുക്കാൻ പ്രസ്ഥാനം ഒരുങ്ങുന്നു.

ചർച്ചക്ക് തുടർച്ചയെന്നോണം നജീബ്ക്ക നേരത്തെ തീരുമാനിച്ചുറപ്പിച്ച കാര്യം സുവ്യക്തമാക്കി. ''സന്തുഷ്ട ഇസ്ലാമിക കുടുംബം' കാമ്പയി​െൻറ ഭാഗമായി നമ്മൾ ഒരു ഫിലിം ചെയ്യുന്നു. ഒരു മണിക്കൂർ ദൈർഘ്യമുള്ള ഒരു ടെലിഫിലിം.

മറ്റുള്ളവർ ഒന്നു കൂടി കാര്യങ്ങൾ വ്യക്തമായി വിശദീകരിച്ചു. ജമാഅത്തെ ഇസ്‌ലാമിയുടെ സാംസ്കാരിക സംഘടനയായ തനിമയുടെ ബാനറിലാണ് ടെലിഫിലിം നിർമ്മിക്കുന്നത്, ഭാവിയിൽ ഫീച്ചർ സിനിമകളിലേക്ക് പ്രവേശിക്കുന്നതിനുള്ള ആദ്യ പടിയായാണു പ്രസ്ഥാനം ഇതിനെ കാണുന്നത്.
'നമുക്കും ചെയ്യേണ്ടേ സിനിമ, നമുക്കും കാണണ്ടേ സിനിമ'. നമ്മൾ മൂന്നു ദിവസത്തിനുള്ളിൽ സിനിമ തുടങ്ങണം. സലാം അത് സംവിധാനം ചെയ്തു തരണം. നജീബ്ക്ക കൂട്ടിച്ചേർത്തു.

ഇത്രയും നേരം ഒന്നും മിണ്ടാതെ കേട്ടിരുന്ന എന്നെ അക്കാര്യം അത്ഭുതപ്പെടുത്തി. എങ്ങിനെ? ഏത് കഥ? ഇതിനുത്തരമായി മേശപ്പുറത്ത് നിന്നും ഒരു പുസ്തകമെടുത്തു. പ്രശസ്ത ഉറുദു സാഹിത്യകാരൻ ഇബ്നു ഫരീദി​െൻറ 'ഛൊട്ടീ ബഹു' എന്ന നോവലി​െൻറ മലയാള പരിഭാഷയായ 'വധു' എന്ന പുസ്തകമായിരുന്നു അത്. ജമാഅത്തെ ഇസ്‌ലാമിയുടെ പ്രസിദ്ധീകരണമായ IPH ആയിരുന്നു പുസ്തകം പ്രസിദ്ധീകരിച്ചത്.
'ഇതു കൊണ്ടായില്ലല്ലോ സിനിമക്ക് തിരക്കഥ വേണ്ടേ?' ഞാൻ ചോദിച്ചു. തിരക്കഥ പി. എ. എം. ഹനീഫ് സാഹിബ് എഴുതും. പ്രസ്ഥാനത്തി​െൻറ തെരുവുനാടകങ്ങൾ എഴുതുന്നത് ഇദ്ദേഹമാണ്. കൂടാതെ പ്രസിദ്ധീകരണ വിഭാഗത്തി​െൻറ മേധാവിയും. ഓരോരുത്തരായി കാര്യങ്ങൾ വിശദീകരിച്ചു.

ഇക്കാര്യങ്ങൾ തത്വത്തിൽ സമ്മതിച്ച്‌ ബാങ്ക്‌ കൊടുത്തപ്പോൾ നിസ്കരിക്കാനായി മീറ്റിംഗ് പിരിഞ്ഞു. തിരിച്ചു റൂമിലേക്ക്‌ പോകുമ്പോൾ വായിക്കാനായി വധുവി​െൻറ ഒരു കോപ്പിയും ഞാൻ കയ്യിലെടുത്തു.
അന്നേദിവസം ഏറെ വൈകിയാണെങ്കിലും ഞാൻ സിനിമക്കാധാരമായ പുസ്തകം വായിച്ചു തീർത്തു, സ്നേഹമില്ലായ്മയുടേയും മുൻ വിധികളുടെയും മറവിൽ രൂപപ്പെടുന്ന കുടുംബ കലഹങ്ങളുടെ മഞ്ഞുമല സൂക്ഷ്മമായ പെരുമാറ്റത്തിലൂടെയും ഇടപെടലിലൂടെയും, ഇളയ മകൻ കല്യാണം കഴിച്ചു കൊണ്ടുവരുന്ന ദീനീബോധമുള്ള വധു അലിയിച്ചു കളയുകയും, അതൊരു മാതൃകാ കുടുംബമാകുന്നതുമാണ് വധുവി​െൻറ ഇതിവൃത്തം. അതിനവളെ പ്രാപ്തമാക്കുന്നത് ദൈവം ബോധം നൽകുന്ന വിട്ടുവീഴ്ച മനോഭാവത്തിലൂടെയാണ്. പുസ്തക വായനക്ക് ശേഷം ഇതെങ്ങിനെ സിനിമയായി രൂപാന്തരപ്പെടും എന്ന ചിന്തയിലായി ഞാൻ.

പിറ്റേന്ന് വൈകുന്നേരത്തോടെ തിരക്കഥയുടെ ആദ്യരൂപം ഹനീഫക്ക അവതരിപ്പിച്ചു, ഷൂട്ടിങ്ങിനാവശ്യമായ തിരുത്തലുകൾ ഞാനും നിർദ്ദേശിച്ചു. സംഭാഷണമൊരുക്കാൻ റിയാസിനെ (മംഗ്ലീഷ് തിരക്കഥാകൃത്ത്‌) വിളിച്ചു വരുത്തി. സിനിമയിൽ പ്രവർത്തിക്കുന്നവരെല്ലാം മുഖ്യധാരയിൽ നിന്നുള്ളവരാകണമെന്ന് 'തനിമക്ക്' നിർബന്ധമുണ്ടായിരുന്നു, അത് പ്രകാരം ക്യാമറാമാൻ ജയകൃഷ്‌ണൻ ഉണ്ണിത്താൻ, അനിൽ ഗോപിനാഥ്, പ്രൊഡക്ഷൻ കൺട്രോളർ ആനന്ദ്‌ പയ്യന്നൂർ, കോസ്റ്റ്യും എസ്‌ ബി അനിൽ, ഗാനരചന കാനേഷ് പൂനൂർ, മേക്കപ്പ് ഇടവ നാസർ, ആർട്ട് കോയ, സംഗീതം അക്‌ബർ മലപ്പുറം, സജിത്ത് ശങ്കർ, എഡിറ്റർ ഷിബീഷ്‌ കെ. ചന്ദ്രൻ അസ്സോസിയേറ്റ് മമ്മാസ് ചന്ദ്രൻ (പാപ്പി അപ്പച്ചാ) അഭിനേതാക്കളായി അൻസിൽ, കോഴിക്കോട് നാരായണൻ നായർ, ഗോഡ്‌വിൻ ഹെബിക്, ശിഹാബുദ്ധീൻ ഇബ്നു ഹംസ, ബിബീഷ്, സാം അരീക്കോട്, ഗീതാ വിജയൻ, വിദ്യ വിനുമോഹൻ, കോഴിക്കോട് ശാന്താ ദേവി, ശോഭ ശ്രീധരൻ, ഗിരിജ രവീന്ദ്രൻ, സുമി ഉണ്ണി തുടങ്ങിയവരെയും പ്രസ്ഥാന ബന്ധുക്കളെയും തീരുമാനിച്ചു.

പല ലൊക്കേഷനുകളും കണ്ടെങ്കിലും കോഴിക്കോട് ജാഫർഖാൻ കോളനിയിലെ തറവാട് വീടാണ് എനിക്ക്‌ ബോധിച്ചത്‌. അച്ചുവി​െൻറ അമ്മയടക്കം മലയാളത്തിലെ നിരവധി സിനിമകൾ ഷൂട്ട് ചെയ്ത വീട്. സ്വന്തം വീട് പോലെ ഉപയോഗിക്കാമെന്ന് ഗൃഹനാഥൻ ഉറപ്പും തന്നു. പിറ്റേന്ന് രാവിലെ 6 മണിക്ക് ആദ്യഷോട്ട് എന്ന നിയ്യത്തോടെ, രാവിലെ 5:30 ന് ഷൂട്ടിങ് യൂണിറ്റ് മൊത്തമായി ആ വീടി​െൻറ മുന്നിലെത്തി. ഗേറ്റ് അടഞ്ഞു കിടക്കുന്നു. നിരവധി തവണ ഫോൺ വിളിച്ചു നോക്കി. ആരും എടുക്കുന്നില്ല. അവസാനം ഹിറാ സെൻററിൽ വിവരമറിയിച്ചു, അവരും വന്നു ക്ഷമയോടെ പുറത്ത് കാത്തിരുന്നു. ക്ഷമ കെട്ട്‌ കാത്തിരിപ്പ്‌ തുടർന്നു, 8 മണിക്ക്‌ പ്രഭാത ഭക്ഷണം കഴിച്ചത്‌ മാത്രമാണു ആകെ നടന്നത്‌. അടഞ്ഞു കിടക്കുന്ന ഗേറ്റിനു പുറത്തെ മരച്ചുവട്ടിലും, റോഡ് സൈഡിലെ കലിങ്കിലുമൊക്കെയായി യൂണിറ്റംഗങ്ങൾ സഹികെട്ട്‌ ഇരുന്നു. സമയം 9:30 കഴിഞ്ഞപ്പോൾ വീട്ടിനകത്ത് ഒരാളനക്കം. ശബ്ദമുണ്ടാക്കി അയാളുടെ ശ്രദ്ധ ക്ഷണിച്ചു. വാതിൽ തുറക്കപ്പെട്ടു. അയാൾ മൂത്രമൊഴിക്കാൻ എഴുന്നേറ്റതാണത്രെ. ആ വീട്ടിൽ എല്ലാവരും എഴുന്നേൽക്കുന്ന സമയം 10: മണിയാണ്. അയാൾ ഗേറ്റ് തുറന്ന് തന്നപ്പോൾ ഞങ്ങളെല്ലാവരും ഒരുവിധം അകത്ത് കയറിപറ്റി.
ആദ്യസീൻ ഗീതാ വിജയ​െൻറ അസ്മ എന്ന കഥാപാത്രം യതീംഖാനയിൽ നിന്നും വിവാഹം കഴിച്ച എളേച്ഛൻ (ഭര്ത്താവി​െൻറ അനുജൻ) വധുവിനേയും കൂട്ടി വീട്ടിൽ വരുന്നു എന്നറിഞ്ഞപ്പോൾ പ്രകടിപ്പിക്കുന്ന അമർഷമായിരുന്നു. ആർട്ടിസ്റ്റുകൾ എല്ലാം റെഡിയായി. ഞാൻ ഷോട്ട്‌ വെച്ചു. ആക്ഷൻ പറയുന്നതിന് മുൻപ് പ്രസ്ഥാനത്തിലെ ഒരാൾ വന്നു പറഞ്ഞു.

''അല്ല, ഇതെന്താ ഇങ്ങിനെ മുട്ടിനു താഴെ അസ്മയുടെ കൈകളും തലമുടിയും കാണുന്നുണ്ടല്ലോ, അത് ഔറത്ത് അല്ലെ?'' ഔറത്ത് വെളിവാക്കാൻ പാടുണ്ടോ?

ഞാൻ വിശദീകരിച്ചു- ''ദീനീ ബോധമില്ലാത്ത അസ്മക്ക് വധു വീട്ടിലേക്ക് വരുമ്പോൾ ഉണ്ടാകുന്ന പരിവർത്തനമാണല്ലോ നമ്മുടെ കഥ, മാത്രവുമല്ല അസ്മ കുറച്ചു ഫാഷണബിൾ കാരക്ടറുമാണ്. ഷാളിനിടയിലൂടെ കുറച്ചു മുടി കണ്ടാൽ കുഴപ്പമുണ്ടോ?''

''കുഴപ്പമാണ്, വിശ്വാസികൾ സഹിക്കില്ല''. അദ്ദേഹം അതിൽ തന്നെ മുറുകെ പിടിച്ചു. പിന്നീട് അതിനെ പറ്റി ചർച്ചയായി, ഷൂട്ട് തുടങ്ങാനാവാതെ കുറച്ചു സമയം ചർച്ചകൾ നീണ്ടു. അവസാനം അവർ പറഞ്ഞത് പ്രകാരം മനസ്സില്ലാമനസ്സോടെ ഞാൻ വിട്ടുവീഴ്ചക്ക് തയ്യാറായി. അസ്മക്കുണ്ടാകുന്ന പരിവർത്തനത്തിനു ശേഷം ഉപയോഗിക്കേണ്ട വസ്ത്രങ്ങൾ ആദ്യമേ നൽകി ഷൂട്ടിംഗ് തുടങ്ങി. ജമാഅത്തെ ഇസ്‌ലാമിയുടെ വിദ്യാർത്ഥിനി വിഭാഗമായ ജിഐഓ പ്രവർത്തകർ കൂടി പിന്നീട് ലൊക്കേഷനിലെ സ്ഥിരം സാന്നിദ്ധ്യമായി. അഭിനയിക്കുന്നവരുടെ മുടിയിഴകൾ കാണുന്നുണ്ടോന്നു പരിശോധിക്കാൻ അവർ സദാ ജാഗരൂകരായി. ഷൂട്ടിങ് തുടരുമ്പോഴും എ​െൻറ മനസ്സിൽ മുഴുവൻ കഥയിൽ അസ്മക്കുണ്ടാകുന്ന ട്രാൻസ്ഫെർമേഷൻ എങ്ങിനെ ആയിരിക്കണം എന്നായിരുന്നു, വേഷങ്ങളിൽ ഉണ്ടാകുന്ന പ്രകടമായ മാറ്റമാണ് ഞാൻ പ്ലാൻ ചെയ്തിരുന്നത്.

മതപരമായ വിലക്കുകൾക്കിടയിലും, ഭരണകൂടത്തി​െൻറ രാഷ്ട്രീയ നിയന്ത്രണങ്ങൾക്കിടയിലും, ആൺപെൺ സങ്കലനമില്ലാതെയും കാവ്യാത്മകമായ സിനിമകളിലൂടെ കലാവിഷ്കാരത്തെ സൗന്ദര്യാത്മകമായി ഉപയോഗപ്പെടുത്തിയ ഇറാനിയൻ സിനിമകളെ കുറിച്ചോർത്തു ഞാൻ. ആക്കാലത്തെ ഫെസ്റ്റിവലുകളിൽ എന്നെ സ്വാധീനിച്ചിരുന്ന ഇറാനിയൻ സംവിധായകരായ അബ്ബാസ് കിരോസ്താമി, മജീദ് മജീദി, മക്ഫൽ ബഫ് തുടങ്ങിയവരെയൊക്കെ മനസ്സാ ഒന്നുകൂടി തൊഴുതു ഞാൻ. പരിമിതികളിൽ നിന്നു കൊണ്ടാണ് എപ്പൊഴും നല്ല കലാസൃഷ്ടികൾ ഉണ്ടായിട്ടുള്ളത് ഞാൻ സ്വയം സമാധാനിച്ചു.
വളരെ വേഗത്തിൽ തന്നെ ഷൂട്ടിങ് പുരോഗമിച്ചു, എല്ലാവരും തൃപ്തി തരുന്ന രീതിയിലുള്ള പ്രകടനം കാഴ്ചവെച്ചു. ഞങ്ങൾ എല്ലാവരും പൂർണ്ണമായും ഷൂട്ടിങ്ങിൽ മുഴുകി.

'അളിയച്ചാരെ വേഗം വന്നാ നല്ല ചിക്കൻ ഫ്രൈയും, ബീഫ്കറിയും നെയ്ച്ചോറും കഴിച്ചിട്ട് പോകാം. പോരുന്ന വഴിക്ക് മൂത്താപ്പനേം കുട്ട്യാളെയും കൂട്ടാൻ മറക്കേണ്ട'

ഗൃഹനാഥ​െൻറ ഉച്ചത്തിലുള്ള ഫോൺ വിളി ഇടക്കെപ്പഴോ ലൊക്കേഷനിൽ മുഴങ്ങികേട്ടു. കുറച്ചു കഴിഞ്ഞ്‌ മൂന്ന് നാല്‌ വണ്ടികൾ വീടിന് മുന്നിൽ വന്നു നിന്നത് ഷൂട്ടിങ്ങിനു കുറച്ചു നേരം തടസം സൃഷ്ടിച്ചു. ഈ വീട്ടിൽ വിരുന്നുണ്ടായിരുന്നോ, നേരത്തെ പറഞ്ഞില്ലല്ലോ! ഞാൻ മനസ്സിലോർത്തു. വണ്ടിയൊക്കെ മാറ്റി ഷൂട്ടിങ് പുനരാരംഭിച്ചു. അവിടുള്ളവർ ചിക്കൻ കാലും കടിച്ച് നടക്കുന്നത് കണ്ടപ്പോൾ വിശപ്പ് അറിയാതെ തലപൊക്കി. എങ്കിലും ആ സീൻ തീർത്തിട്ടാവാം ഭക്ഷണമെന്ന് തീരുമാനിച്ചു. രണ്ടരയോടെ സീൻ തീർന്ന് ഭക്ഷണം കഴിക്കാൻ ചെന്നപ്പോൾ പാത്രങ്ങൾ കാലി. ഷൂട്ടിങ് ആയതിനാൽ ആ വീട്ടിലുള്ളവർക്ക് ഭക്ഷണം പ്രൊഡക്ഷൻ വകയായിരുന്നു നിശ്ചയിച്ചിരുന്നത് എന്ന് മാനേജർ സുജിത്ത് അയിനിക്കൽ പറഞ്ഞു. കൂട്ടുകുടുംബത്തിലെ അംഗങ്ങളും വിരുന്നുകാരും കൂടി ആയപ്പോൾ പിന്നൊന്നും ബാക്കിയുണ്ടായില്ല, ചിക്കൻ കാല് കടിച്ചു നടന്നിരുന്ന കുട്ടികൾ അപ്പോഴേക്കും ഉറക്കം ആരംഭിച്ചിരുന്നു, ഇതേസമയം സംഘാടകർ യൂണിറ്റുകാർക്ക് വേണ്ടിയുള്ള ഭക്ഷണത്തിനായി കോഴിക്കോട്ടെ ഹോട്ടലുകൾ കയറിയിറങ്ങുകയായിരുന്നു.

രാത്രി സീനിനുള്ള ലൈറ്റപ് കഴിഞ്ഞ്‌ തയ്യാറായി ഇരിക്കുമ്പോൾ ഗൃഹനാഥൻ വന്ന് പറഞ്ഞു 7 മണിക്ക് നിർത്തണം, ആ സമയം ഉമ്മ ഉറങ്ങാൻ കിടക്കും. അതെങ്ങിനെ ശരിയാകും , ഒരുപ്പാട് രാത്രി സീനുകളുണ്ട്, 9 മണി വരെയെങ്കിലും ഷൂട്ട് ചെയ്യണം. അല്ലെങ്കിൽ പണികിട്ടും. ഹുസൈൻ സാഹിബ് പറഞ്ഞു, 'ഇന്നിനി ഇങ്ങനെ പോകട്ടെ, നാളെ മുതൽ എല്ലാം ശരിയാകും'.

പിറ്റേന്ന് മുതൽ അവരുടെ സമയവുമായി ഞങ്ങൾ താദാത്മ്യം പ്രാപിച്ചിരുന്നു, എങ്കിലും സമയബന്ധിതമായി ഷൂട്ടിംഗ് തീർക്കാൻ യൂണിറ്റിൽ ഓരോരുത്തരും ആത്മാർത്ഥമായി പരിശ്രമിച്ചു. അടുത്ത ദിവസം ലൊക്കേഷനിലെത്തിയപ്പോൾ വീട്ടിൽ ആരുമില്ല, ഗൃഹനാഥനെ വിളിച്ചപ്പോൾ പറഞ്ഞു 'ഞങ്ങൾ ഇത്താടെ വീട്ടിലാ.. ഇന്ന് ഷൂട്ടിംഗ് നടക്കില്ല' ഉടൻ തന്നെ ഞാൻ ഷിഫ്റ്റ് പറഞ്ഞു.

പള്ളിയിൽ പോയി ആദ്യ സീൻ എടുത്തു, ആ സീനിൽ പി ടിയും നജീബ്ക്കയും അഭിനയിച്ചു. അവിടന്ന് പ്രധാന വീടിന് മാച്ച് ചെയ്യുന്ന റൂമുകൾ ആദ്യം ലൊക്കേഷൻ കണ്ട ഓർമ്മകളിൽ നിന്നും ചികഞ്ഞെടുത്ത് കൊണ്ട് അങ്ങോട്ട് പോയി, ബെഡ് റൂം ലൈറ്റ് അപ് തുടങ്ങി, നേരം വൈകിയെത്തിയ ഭാരവാഹികൾ ചോദിച്ചു,

''ബെഡ് റൂമിൽ എന്താ പരിപാടി''.
ഞാൻ സീൻ വിവരിച്ചു,
'രാത്രിയിൽ നായികയും ഭർത്താവും റൂമിലിരുന്ന് ഭർത്താവി​െൻറ വീട്ടുകാരെ കുറിച്ച് സംസാരിക്കുകയാണ്'.
അദ്ദേഹം പറഞ്ഞു.
'സലാം സാഹിബേ, നമ്മുടെ സിനിമയിൽ കിടപ്പറ രംഗം നടക്കില്ല',
ഞാൻ തർക്കിച്ചു ''കിടപ്പറയിൽ ഇവർ വേറൊന്നും ചെയ്യുന്നില്ല, കെട്ടിപിടിക്കുന്നില്ല, തൊടുന്നു പോലുമില്ല, വെറുതെ ഇരുന്നു കൊണ്ട് സംസാരിക്കുകയാണ്''.

'അത് ശരിയാവില്ല, സ്ത്രീയും പുരുഷനും ഒരു മുറിയിൽ അടച്ചിരിക്കുന്നത് നമ്മുടെ സിനിമയിൽ കാണിക്കാൻ പറ്റില്ല, അത് തെറ്റായ സന്ദേശം നൽകും . അത് നമ്മുടെ വിശ്വാസികൾക്ക് സഹിക്കാൻ പറ്റില്ല'. 'സിനിമയിൽ ഇവർ ഭാര്യ ഭർത്താക്കന്മാരല്ലേ അതിനെന്താ കുഴപ്പം' ? ഞാനും വിട്ടില്ല. ''ഒരന്യ സ്ത്രീയും പുരുഷനും ഒരു മുറിയിൽ അടച്ചിരിക്കാൻ പാടില്ല''. അയാൾ ശഠിച്ചു. ഞാൻ ഷൂട്ടിംഗ് നിർത്തി വെച്ചു.

പി. ടി. എ​െൻറ അടുത്തെത്തി തന്മയത്വത്തോടെ പറഞ്ഞു, ''ഇത്തരത്തിലുള്ള സീനുകളെ പ്രസ്ഥാനം എന്നും വിമർശിച്ചിട്ടുള്ളതാണ്, അതേ സീനുകൾ തന്നെ നമ്മുടെ സിനിമയിൽ വന്നാൽ പൊതുസമൂഹത്തോട് എന്ത് മറുപടി പറയും, ആവിഷ്കാര സ്വാതന്ത്രത്തി​െൻറ പേരിൽ സലാം സാഹിബിന് ഈ സീൻ ഇതേ രീതിയിൽ ഷൂട്ട് ചെയ്യാം, എന്നാൽ ഈ ഒരൊറ്റ കാരണം കൊണ്ട് നമ്മുടെ വധു വെളിച്ചം കാണാതെ പോയെന്നിരിക്കും....'' ആ വാക്കുകൾ എന്നെ വല്ലാതെ സ്പർശിച്ചു. ആ സീൻ ഞാൻ വേറെ രീതിയിൽ ഷൂട്ട് ചെയ്തു. അവർക്ക് സന്തോഷമായി. പി ടി എന്നെ ആശ്വസിപ്പിച്ചു, 'കലയിലല്ലേ നമുക്ക് വിട്ടുവീഴ്ചകൾ ചെയ്യാൻ കഴിയൂ', ഞാൻ എ​െൻറ ദേഷ്യം പ്രകടിപ്പിച്ചു, ''ഇത് കലയല്ല, കലയെ കൊല ചെയ്യുകയാണ്. ഒന്നാമത് നിങ്ങൾക്ക് പറഞ്ഞ പണിയല്ല സിനിമാ പിടുത്തം. എനിക്കിതെങ്ങിനെയെങ്കിലും ഒന്ന് തീർത്താൽ മതി, ഏറ്റെടുത്തു പോയില്ലേ''.

പി. ടി. അബ്ദുറഹിമാൻ സാഹിബ് മറുത്തൊന്നും പറഞ്ഞില്ല. എ​െൻറ പ്രതികരിക്കാനുള്ള അവകാശത്തെ അംഗീകരിച്ചു തന്നു. അവരും പരിമിതിയിൽ നിന്ന് വീർപ്പ്‌ മുട്ടുകയാണല്ലോ. കലയോടും സാഹിത്യത്തോടും കാലികമായി സംവദിക്കുമ്പോൾ സ്വതന്ത്ര ആഖ്യാനത്തിൽ മതത്തെയും വിശ്വാസത്തെയും തൃപ്തിപ്പെടുത്തുക എളുപ്പമല്ലെന്ന് എനിക്ക് ബോദ്ധ്യമായി. എന്നെ ഏറെ അലട്ടിയിരുന്ന കഥയുടെ നട്ടെല്ലായ അസ്മയുടെ പരിവർത്തനം വേഷവിതാനത്തിനപ്പുറം സംഭാഷണ നിയന്ത്രണങ്ങളിലൂടെ ഞാൻ പരിഹരിച്ചു. എങ്കിലും വീടകത്ത് രോഗിയായി കിടക്കുമ്പോൾ പോലും സിനിമയെ ഹലാലാക്കാൻ അസ്മ ധരിച്ചിരിക്കുന്ന സ്കാഫ്‌ ഒരു കല്ലുകടിയായി എ​െൻറ ഉള്ളിൽ നിറഞ്ഞു.

എല്ലാ പ്രതിസന്ധികൾക്കിടയിലും വധു (https://youtu.be/lZLXmNqnLII) പൂർത്തിയായി. പ്രകാശന കർമ്മം നിർവ്വഹിച്ച്‌ കൈതപ്രം ദാമോദരൻ നമ്പൂതിരി സിനിമയെ കുറിച്ച് പറഞ്ഞ വാക്കുകൾ ഏറെ പ്രോത്സാഹനപ്രദമായിരുന്നു.

ഹലാൽ ലവ്‌ സ്റ്റോറിയുടെ സംവിധായകൻ സക്കറിയയുമായുള്ള ബന്ധം അന്ന് തുടങ്ങിയതാണ്. അക്കാലത്ത് വിദ്യാർത്ഥിയായിരുന്ന സക്കറിയ വധുവി​െൻറ ഷൂട്ടിങ് പരിസരങ്ങളിൽ പ്രസ്ഥാനത്തി​െൻറ ഭഗവാക്കായി കൂടെത്തന്നെയുണ്ടായിരുന്നു. പിന്നീട് വ്യക്തിപരമായി ഏറെ അടുത്ത ഞങ്ങൾ ഒരുമിച്ച് നിരവധി സിനിമാ യാത്രകൾ ചെയ്തു. സുഡാനി ഫ്രം നൈജീരിയയിലൂടെ അഭിമാനമായ സക്കറിയ ഹലാൽ ലവ്‌ സ്റ്റോറിയിലൂടെ ത​െൻറ കഴിവ് ഒന്ന് കൂടി അടയാളപ്പെടുത്തി. നന്ദി സക്കറിയ, ഹലാൽ ലവ്‌ സ്റ്റോറിയിലൂടെ പഴയ ഓർമ്മകളിലേക്ക് തിരിച്ചു കൊണ്ട് പോയതിന്.

NB : സിനിമയിൽ സഹസംവിധായകനായതിൽ ഏറ്റവും കൂടുതൽ എതിർപ്പ് പ്രകടിപ്പിച്ചത് എ​െൻറ ഉപ്പ ബാപ്പു ഹാജിയായിരുന്നു. നിയമത്തിലും ധനതത്വശാസ്ത്രത്തിലും ജേർണലിസത്തിലും ബിരുദമെടുത്ത മകൻ വഴിതെറ്റി സിനിമയിലെത്തിയതി​െൻറ എതിർപ്പായിരിക്കാം, അവരുടെ പ്രതീക്ഷ തകർന്നതിലുള്ള ദേഷ്യവുമാകാം കാരണം. വധുവി​െൻറ ഷൂട്ടിങ് എല്ലാം കഴിഞ്ഞ്‌ കുറച്ചു കാലങ്ങൾക്ക് ശേഷം ഞാൻ നാട്ടിൽ പോയപ്പോൾ ഉപ്പയും കൂട്ടുകാരും ചേർന്ന് വധുവി​െൻറ സീഡിയുമായി വീടുകളിൽ കയറിയിറങ്ങി വില്പന നടത്തുന്നത് എന്നെ ആശ്ചര്യപ്പെടുത്തി. ''സന്തുഷ്ട ഇസ്ലാമിക കുടുംബം' കാമ്പയി​െൻറ ഭാഗമായി നേതൃത്വത്തി​െൻറ നിർദേശപ്രകാരമായിരുന്നു, സിഡി വില്പന. അബുദാബിയിലെ ജീവിതം ഉപ്പാനെ കമ്യൂണിസ്റ്റ്കാരനിൽ നിന്നും ഇസ്‌ലാമിക ജീവിതത്തിലേക്ക് പതുക്കെ പരിവർത്തന വിധേയമായി കൊണ്ടിരിക്കുന്ന കാലമായിരുന്നു അത്. വധുവിനെ കുറിച്ച് ഉപ്പയുടെ കൂട്ടുകാരും, നാട്ടുകാരും പറഞ്ഞ നല്ല അഭിപ്രായങ്ങളിലൂടെ എഴൻറ ഉപ്പ എന്നിലെ സംവിധായകനെ ഉൾകൊള്ളാൻ തുടങ്ങുകയായിരുന്നു. അതുവരെ ഹറാമായ സിനിമയുടെ ഭാഗമായിരുന്ന എന്നെ വധുവിലൂടെ ഹലാലായ സംവിധായകനായി ഉപ്പയും നാട്ടുകാരും അംഗീകരിച്ചു. ബന്ധുക്കളുടെയും നാട്ടുകാരുടെയും പരിചയക്കാരുടെയും വീടുകളിൽ പോകുമ്പോൾ അവിടെയെല്ലാം വധുവി​െൻറ ഒരു സിഡി ഉണ്ടാകും. കാണുന്നവരെല്ലാം സിനിമയെ കുറിച്ച് അക്കാലത്ത് നല്ല അഭിപ്രായങ്ങൾ പറഞ്ഞു.

ആ വർഷത്തെ ജീവൻ ടിവി ടെലിവിഷൻ അവാർഡിൽ വധുവിന് മികച്ച രണ്ടാമത്തെ സിനിമക്കും, മികച്ച നടിയായി ഗീത വിജയനും രണ്ടാമത്തെ നടനായി കോഴിക്കോട് നാരായണൻ നായരും തിരഞ്ഞെടുക്കപ്പെട്ടു, എനിക്ക് സംവിധാനത്തിനുള്ള സ്പെഷ്യൽ മെൻഷനും ലഭിച്ചു.
#HalalLoveStory
#VADHU
Salam babbu

സുഡാനി ഫ്രം നൈജീരിയക്ക് ശേഷം സക്കറിയ സംവിധാനം ചെയ്ത ഹലാൽ ലവ്‌ സ്റ്റോറി ആദ്യ ദിവസം തന്നെ ആമസോണിൽ കണ്ടു, കേരളത്തിലെ...

Posted by Salam Bappu on Wednesday, 21 October 2020

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Zakariyahalal love storysalam bappu
Next Story