‘ബിരിയാണി’ക്ക് ശേഷം വീണ്ടും സജിൻ ബാബു, ‘തിയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി’ ട്രെയിലർ കാനിൽ പ്രകാശനം ചെയ്തു
text_fieldsസജിൻ ബാബു രചനയും സംവിധാനവും നിർവഹിച്ച ‘തിയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി’ യുടെ ട്രെയിലർ 2025- ലെ കാൻസ് ഫിലിം ഫെസ്റ്റിവൽ- മാർഷെ ഡു ഫിലിമിൽ പ്രകാശനം ചെയ്തു. പ്രശസ്ത സംവിധായകൻ സുധീർ മിശ്രയാണ് ട്രെയിലർ പ്രകാശനം നിർവഹിച്ചത്. ഇന്ത്യൻ-ജർമൻ ഫിലിം വീക്ക് ഫെസ്റ്റിവൽ ഡയറക്ടർ സ്റ്റീഫൻ ഓട്ടൻബ്രുക്കായിരുന്നു പ്രകാശന ചടങ്ങിലെ മുഖ്യാതിഥി. പ്രശസ്ത സംവിധായകൻ ഡോ. ബിജു ദാമോദരൻ, നടൻ പ്രകാശ് ബാരെ, അഭിനേത്രി ഛായ കദം, ട്രാൻസ് മീഡിയ കൺസൽട്ടന്റ് എം.എൻ. ഗുജർ, കൂടാതെ ഇന്ത്യ, ജർമനി, ചൈന, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നും നിരവധി ചലച്ചിത്ര പ്രവർത്തകരും ട്രെയിലർ പ്രകാശന ചടങ്ങിൽ പങ്കെടുത്തു. ചിത്രത്തിന്റെ ട്രെയിലറിനു കാൻസിലെത്തിയ അന്താരാഷ്ട്ര പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്.
ദേശീയ പുരസ്കാരം ലഭിച്ച ‘ബിരിയാണി’ക്ക് ശേഷം സജിൻ ബാബു സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തിയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി’. മറഞ്ഞുപോകുന്ന ആചാരങ്ങളും, വിശ്വാസവും, ഐതിഹ്യങ്ങളും, യാഥാർഥ്യവും തമ്മിലുള്ള അന്തരമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. അഞ്ജന ടാക്കീസിന്റെ ബാനറിൽ അഞ്ജന ഫിലിപ്പും ഫിലിപ്പ് സക്കറിയയും ചേർന്നാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്. സന്തോഷ് കോട്ടായിയാണ് ചിത്രത്തിന്റെ സഹനിർമ്മാതാവ് . ഇന്നത്തെ ലോകത്ത് മനുഷ്യർ അവരുടെ വ്യക്തിപരമായ വിശ്വാസങ്ങൾക്കും താൽപര്യങ്ങൾക്കുമനുസരിച്ച് ചുറ്റുമുള്ള യാഥാർഥ്യങ്ങളെ സ്വയം വ്യാഖ്യാനിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം.
കേരളത്തിലെ ഇല്ലിക്കൽ ദ്വീപിന്റെ പശ്ചാത്തലത്തിൽ, രണ്ടു സ്ത്രീകൾ അനുഭവിക്കുന്ന വേദനക്കും ദുരിതത്തിനും കാരണമായത് ഒരു ശാപമാണെന്നു അവർ ഉറച്ച് വിശ്വസിക്കുകയും, ആധുനിക ലോകത്ത് ഇത്തരം വിശ്വാസങ്ങളിൽ ഉറച്ച് നിൽക്കുന്ന യഥാർഥ്യവും വിശ്വാസവും ഏതെന്നു തിരിച്ചറിയാൻ സാധിക്കാത്ത ഒരു സമൂഹത്തിന്റെ കഥയാണ് ചിത്രത്തിന്റെ ട്രെയിലറിലൂടെ അവതരിപ്പിക്കുന്നത്. ലോക സിനിമയെ ആഘോഷമാക്കിയ ഇത്തരമൊരു വേദിയിൽ മലയാള സിനിമയെ പ്രതിനിധീകരിച്ച് തങ്ങളുടെ ചിത്രം അവതരിപ്പിക്കാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് ചിത്രത്തിന്റെ സംവിധായകൻ സജിൻ ബാബു വ്യക്തമാക്കി.
റിമ കല്ലിങ്കലും സരസ ബാലുശ്ശേരിയും പ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രത്തിൽ ഡൈൻ ഡേവിസ്, പ്രമോദ് വെളിയനാട്, കൃഷ്‌ണൻ ബാലകൃഷ്‌ണൻ, മേഘ രാജൻ, ആൻ സലിം, ബാലാജി ശർമ, ഡി. രഘൂത്തമൻ, അഖിൽ കവലയൂർ, അപർണ സെൻ, ലക്ഷ്‌മി പത്മ, മീന രാജൻ, ആർ. ജെ. അഞ്ജലി, മീനാക്ഷി രവീന്ദ്രൻ, അശ്വതി, അരുൺ സോൾ, രതീഷ് രോഹിണി തുടങ്ങിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നത്. ഈ ചിത്രത്തിലെ അഭിനയത്തിന് റിമ കല്ലിങ്കലിന് മികച്ച നടിക്കുള്ള കേരള ഫിലിം ക്രിട്ടിക്സിന്റെ അവാർഡ് ലഭിച്ചിരുന്നു.
ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ശ്യാമപ്രകാശ് എം.എസ്, എഡിറ്റിങ് അപ്പു ഭട്ടത്തിരിയും സംഗീത സംവിധാനം സെയ്‌ദ് അബാസുമാണ്. ഗായത്രി കിഷോറാണ് ചിത്രത്തിന്റെ വസ്ത്രാലങ്കാരം. പ്രൊസ്റ്റെറ്റിക് & മേക്കപ്പ് സേതു ശിവനന്ദൻ & അഷ് അഷ്‌റഫ്, സിങ്ക് സൗണ്ട് ചെയ്തിരിക്കുന്നത് ഹരികുമാർ മാധവൻ നായർ, സൗണ്ട് മിക്സിങ് ജുബിൻ രാജ്, സൗണ്ട് ഡിസൈൻ സജിൻ ബാബുവും ജുബിൻ രാജും ചേർന്നാണ്. അജിത് സാഗർ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും സുബാഷ് സണ്ണി ലൈൻ പ്രൊഡ്യൂസറുമാണ്. മാർക്കറ്റിങ്ങും കമ്യൂണിക്കേഷനും കൈകാര്യം ചെയ്യുന്നത് ഡോ.സംഗീത ജനചന്ദ്രനാണ് (സ്റ്റോറീസ് സോഷ്യൽ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

