‘അനിമലി’ലെ ആ കഥാപാത്രം മനസിൽ, രൺബീറിനെ രാമനായി കാണാൻ കഴിയില്ല'; `രാമായണം' പരമ്പരയുടെ സംവിധായകന് രാമാനന്ദ സാഗറിന്റെ കൊച്ചുമകന്
text_fieldsമുംബൈ: രാമായണം സിനിമയിൽ രൺബീർ കപൂറിനെ ശ്രീരാമനായി തെരഞ്ഞെടുത്തതിൽ അതൃപ്തി പ്രകടിപ്പിച്ച് രാമായണം പരമ്പരയുടെ സംവിധായകൻ രാമാനന്ദ് സാഗറിന്റെ ചെറുമകൻ ശിവ് സാഗർ. 'അനിമൽ' സിനിമയിലെ രൺബീറിന്റെ കഥാപാത്രം മനസ്സിലുള്ളതിനാൽ ശ്രീരാമനായി അദ്ദേഹത്തെ അംഗീകരിക്കാൻ വ്യക്തിപരമായി പ്രയാസമുണ്ടെന്നും ശിവ് സാഗർ പറഞ്ഞു. ശ്രീരാമനെപ്പോലുള്ള കഥാപാത്രങ്ങൾക്ക് മുൻകാല സിനിമകളുടെ 'ബാഗേജ്' ഇല്ലാത്ത പുതുമുഖത്തെ പരിഗണിക്കുന്നതാണ് ഉചിതമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തനിക്ക് രൺബീറിനോട് വ്യക്തിപരമായി വിരോധമൊന്നുമില്ലെന്നും അദ്ദേഹം മികച്ച ഒരു നടനാണെന്നും ശിവ് സാഗർ അറിയിച്ചു. ടെലിവിഷൻ പരമ്പരകളിൽ ഇത്തരം വേഷങ്ങൾ കൈകാര്യം ചെയ്യാൻ തങ്ങൾ പുതുമുഖ വേഷങ്ങളെയാണ് തിരഞ്ഞെടുക്കുകയെന്നും അദ്ദേഹം പറയുന്നു. നാം രൺബീറിനെ വ്യത്യസ്ത വേഷങ്ങളിൽ കണ്ടിട്ടുള്ളതാണ്. അദ്ദേഹം വളരെ നല്ലൊരു നടനുമാണ്. എനിക്ക് അദ്ദേഹത്തോട് വ്യക്തിപരമായി യാതൊരു വിരോധവുമില്ല. മാർക്കറ്റിങ്ങിന്റെ ഭാഗമായിട്ടായിരിക്കും അദ്ദേഹത്തെ നായക വേഷത്തിലേക്ക് പരിഗണിച്ചത്. ഒരുപക്ഷേ അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ആ സിനിമ ഇത്രയും മാർക്കറ്റ് ചെയ്യപ്പെടില്ലായിരുന്നു. എന്നാൽ ഇത്തരം കഥാപാത്രങ്ങൾക്ക് പുതുമുഖങ്ങളെ പരിഗണിക്കുന്നതാണ് നല്ലതെന്ന് ഞാൻ വിശ്വസിക്കുന്നു, അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം നിതേഷ് തിവാരിയുടെ സംവിധാനത്തിലൊരുങ്ങുന്നചിത്രത്തിലെ യാഷിന്റെയും സായ് പല്ലവിയുടെയും കഥാപാത്രാവിഷ്കാരത്തെ ശിവ് സാഗർ പ്രശംസിച്ചു. രാവണനായി എത്തുന്ന യാഷിന്റെയും സീതയുടെ വേഷത്തിലെത്തുന്ന സായ് പല്ലവിയുടെയും ലുക്ക് മികച്ചതാണെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. മുൻകാല കഥാപാത്രങ്ങളുടെ വലിയ ഭാരമില്ലാത്തതിനാൽ ഇരുവർക്കും കൂടുതൽ സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പഴയ 'രാമായണം' പരമ്പരയിൽ ശ്രീരാമനായി ശ്രദ്ധേയനായ അരുൺ ഗോവിൽ ചിത്രത്തിൽ ദശരഥ മഹാരാജാവായി എത്തുന്നുവെന്നതും ശ്രദ്ധേയമാണ്.
രൺബീറിന്റെ വേഷത്തിൽ അതൃപ്തിയുണ്ടെങ്കിലും സിനിമയെ അന്തിമമായി വിലയിരുത്തേണ്ടത് പ്രേക്ഷകരാണെന്നും ശിവ് സാഗർ പറഞ്ഞു. ചിത്രം തിയറ്ററുകളിലെത്തുമ്പോൾ പ്രേക്ഷകർ രൺബീറിനെ സ്വീകരിച്ചാൽ തന്റെ അഭിപ്രായത്തിന് പ്രസക്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

