എസ്. ജാനകിക്ക് അന്ത്യനിദ്ര പ്രിയനഗരത്തിൽ
text_fieldsഎസ്. ജാനകിയുടെ സംസ്കാര ചടങ്ങിൽ പൊലീസ് ഗാർഡ് ഓഫ് ഓണർ നൽകുന്നു
മൈസൂരു: സംഗീത ജീവിതത്തിെന്റ നാൾവഴികളിൽ ഹൃദയത്തോട് ചേർത്തുനിർത്തിയ നഗരത്തിൽ എസ്. ജാനകിക്ക് അന്ത്യവിശ്രമം. ആന്ധ്രപ്രദേശിലെ ഗുണ്ടൂരിൽ ജനിച്ച ജാനകിയമ്മ പിന്നീട് മൈസൂരുവിനെ സ്വന്തം നാടായി സ്വീകരിക്കുകയായിരുന്നു.
സംഗീതജീവിതത്തിന്റെ തുടക്കകാലം മുതൽ തന്നെ നഗരവുമായി ആത്മബന്ധം പുലർത്തിയിരുന്ന അവർ, തന്റെ അന്ത്യകർമങ്ങൾ മൈസൂരുവിൽ തന്നെ നടക്കണമെന്ന ആഗ്രഹവും പ്രകടിപ്പിച്ചിരുന്നു. ആ ആഗ്രഹം സാക്ഷാത്കരിച്ചുകൊണ്ടാണ് മൈസൂരുവിന് സമീപത്തെ കനിയനഹുണ്ടിയിലെ കുടുംബ ഫാംഹൗസിൽ ഞായറാഴ്ച വൈകീട്ട് സംസ്കാരചടങ്ങുകൾ നടന്നത്.
എസ്. ജാനകിയുടെ സംഗീതജീവിതത്തിലെ സുപ്രധാന നാഴികക്കല്ലുകൾക്ക് സാക്ഷിയായ നഗരമായിരുന്നു മൈസൂരു. 2017 ഒക്ടോബർ 28ന് മൈസൂരുവിലെ മാനസഗംഗോത്രിയിലെ ഓപൺ എയർ തിയറ്ററിലാണ് അവർ തന്റെ അവസാന പൊതുഗാനപരിപാടി അവതരിപ്പിച്ചത്.
എസ്. ജാനകി ചാരിറ്റബിൾ ട്രസ്റ്റും എസ്. ജാനകി ഫർണിച്ചർ ആൻഡ് ടിംബേഴ്സും ചേർന്ന് സംഘടിപ്പിച്ച ‘എസ്. ജാനകി മ്യൂസിക്കൽ നൈറ്റ്സ്’ പരിപാടിയിൽ ഗണപതിസ്തുതിയോടെയായിരുന്നു ജാനകിയമ്മ വേദിയിലെത്തിയത്. തുടർന്ന് കന്നഡ, തമിഴ്, തെലുങ്ക് ഭാഷകളിലെ ഗാനങ്ങൾ ആലപിച്ച് അവർ നിറഞ്ഞ സദസ്സിനെ ആവേശഭരിതമാക്കി.
അന്ന് 80 വയസ്സ് പിന്നിട്ടിരുന്നെങ്കിലും അവരുടെ സ്വരമാധുര്യത്തിന് യാതൊരു കുറവും സംഭവിച്ചിരുന്നില്ല. ഓരോ ഗാനത്തിനും ശേഷം കൈയടികളുടെയും ആർപ്പുവിളികളുടെയും പെരുമഴയായിരുന്നു.
പരിപാടിക്കിടെ ആരാധകരെ അഭിസംബോധന ചെയ്ത് ജാനകി നടത്തിയ പ്രഖ്യാപനം പിന്നീട് ചരിത്രമായി മാറി. ‘ഇതാണ് എന്റെ അവസാന പരിപാടി. ഇനി ഞാൻ എവിടെയും പാടില്ല. 1957 മുതൽ ഞാൻ പാടുകയാണ്. ആറു പതിറ്റാണ്ട് പിന്നിട്ടു. മുമ്പ് പാടിയിരുന്നതുപോലെ ഇനി പാടാൻ എനിക്ക് കഴിയില്ല’ എന്നായിരുന്നു അവരുടെ വാക്കുകൾ.
അതിനുശേഷം പൊതുവേദികളിലെ ഗാനാലാപനത്തിൽ നിന്ന് അവർ പൂർണമായും വിട്ടുനിന്നു. എട്ടുവർഷങ്ങൾക്ക് ശേഷം അതേ നഗരത്തിൽ തന്നെയാണ് അവരുടെ ജീവിതയാത്രക്കും വിരാമമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

